Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമാധാന ചർച്ച: 'അന്തിമ തീരുമാനം' ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ

text_fields
bookmark_border
ഇറാന്റെ ആണവ നിരായുധീകരണത്തിൽ ധാരണയിലെത്താനായില്ല
സമാധാന ചർച്ച: അന്തിമ തീരുമാനം ഉടനെന്ന് ട്രംപ്; അംഗീകാരമായില്ലെന്ന് ഇറാൻ
cancel

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ സമാധാനകരാർ വൈകുമ്പോഴും അന്തിമ കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്. ഇറാനുമായി വെടിനിർത്തൽ നീട്ടാനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള കരാറിൽ ഉടൻ തന്നെ "അന്തിമ തീരുമാനം" എടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ രണ്ട് മണിക്കൂർ നീണ്ട ചർച്ചക്കു ശേഷവും ധാരണയിൽ എത്തിയിട്ടില്ല. യു.എസുമായുള്ള ഒരു കരാറിൽ ഇപ്പോഴും 'അന്തിമ കരാറായില്ല' എന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.

"പ്രസിഡന്റ് ട്രംപ് അമേരിക്കക്ക് ഗുണകരവും അദ്ദേഹത്തിന്റെ നിയന്ത്രണരേഖകളെ തൃപ്തിപ്പെടുത്തുന്നതുമായ ഒരു കരാർ മാത്രമേ ഉണ്ടാക്കൂ. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെക്കാൻ കഴിയില്ല," വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ പറഞ്ഞു.ചർച്ച ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴും ഇരുവിഭാഗങ്ങൾക്കുമിടയിൽ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഇപ്പോഴും അഭിപ്രായവ്യത്യാസം തുടരുകയാണ്. ഇരുവിഭാഗത്തിനും അവിശ്വാസവും സമാധാന ധാരണയിലെത്തുന്നതിന് തിരിച്ചടിയാവുന്നു.

ആണവ നിരായുധീകരണം അടക്കം ട്രംപിന്‍റെ ഭീഷണികൾക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇറാൻ. വാഗ്ദാനങ്ങളല്ല, പ്രവർത്തനങ്ങളിലൂടെയാണ് ഇറാൻ ഏതൊരു കരാറിനെയും വിലയിരുത്തുന്നതെന്ന് ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചക്ക് നേതൃത്വം വഹിക്കുന്ന മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു.സന്ദേശ കൈമാറ്റം തുടരുകയാണെങ്കിലും ഒരു ധാരണ അന്തിമമാക്കിയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായ് അറിയിച്ചു. സമവായത്തിലെത്തുന്നതിന് പകരം ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി ധാരണയിലേക്കു കൊണ്ടുവരുന്നതിനാണ് ട്രംപ് ഇപ്പോഴും ശ്രമിക്കുന്നതെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

വെള്ളിയാഴ്ചയും സമാധാന ധാരണക്ക് ഇറാൻ അംഗീകരിക്കേണ്ട നിരവധി വ്യവസ്ഥകൾ മുന്നോട്ടുവെച്ചിരിക്കുകയാണ് ട്രംപ്. ഇറാൻ ആണവായുധം ഉപേക്ഷിക്കുക, ഹുർമുസ് കടലിടുക്ക് ടോളുകളില്ലാതെ തുറക്കുക, കടലിടുക്കിൽ അവശേഷിക്കുന്ന മൈനുകൾ നീക്കം ചെയ്യുക, കുഴിച്ചിട്ടിരിക്കുന്ന ഇറാന്റെ സമ്പുഷ്ടമായ യുറേനിയം യുഎസ് കുഴിച്ചെടുത്ത് നശിപ്പിക്കുക തുടങ്ങിയ നിബന്ധനകളാണ് ട്രംപ് വീണ്ടും മുന്നോട്ടുവെച്ചിരിക്കുന്നത്.

"നമ്മുടെ അത്ഭുതകരവും അഭൂതപൂർവവുമായ നാവിക ഉപരോധം കാരണം കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ, ഇപ്പോൾ നീക്കം ചെയ്യപ്പെടും, 'നാട്ടിലേക്ക് പോകാനുള്ള' പ്രക്രിയ ആരംഭിച്ചേക്കാം!" ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.സമാധാന കരാർ അന്തിമ ഘട്ടത്തിലാണെന്നും എന്നാൽ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഒരു മുതിർന്ന ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടുക, ഹുർമുസ് കടലിടുക്ക് വീണ്ടും ടോൾ രഹിതമായി തുറക്കുക, ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുക എന്നിവയാണ് നിർദ്ദിഷ്ട ധാരണാപത്രത്തിലെ പ്രധാന നിർദേശങ്ങൾ. വാണിജ്യ ഗതാഗതം പുനരാരംഭിച്ചാൽ ഇറാനിയൻ തുറമുഖങ്ങൾക്കുള്ള ഉപരോധം യുഎസ് പിൻവലിക്കുമെന്നാണ് മറ്റൊരു പ്രധാന നിർദ്ദേശം. ഇറാന് സ്വതന്ത്രമായി എണ്ണ വിൽക്കാൻ അനുവദിക്കുന്നതിനായി ഉപരോധ ഇളവുകളും നൽകുമെന്നതും ധാരണാപത്രത്തിൽ ഉൾപ്പെടുമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഹുർമുസിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കംചെയ്യാനും ധാരണയായിട്ടുണ്ട്. 60 ദിവസത്തെ ചർച്ചാ കാലയളവിൽ, ഇറാന്റെ ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയം നിർമാർജനം ചെയ്യുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധത്തിൽ ഇളവുകൾ നൽകാനും ഇറാൻ ആവശ്യപ്പെടുന്നുണ്ട്. ലെബനാനിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump due to make ‘final determination’ on deal with Tehran
Next Story