ഇസ്രായേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിനെ കൈവിട്ട് ട്രംപ്? 'എന്റെ ലക്ഷ്യം ഇസ്രായേൽ പ്രതിരോധം മാത്രം!'
text_fieldsബെഞ്ചമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വീണ്ടും ഒരവസരം കൂടി നൽകണമെന്ന ആവശ്യത്തെ പരസ്യമായി പിന്തുണയ്ക്കാൻ വിസമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ച 'ടൈം' മാഗസിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിന് കൃത്യമായ എൻഡോഴ്സ്മെന്റ് നൽകുന്നതിൽ നിന്ന് ട്രംപ് ബോധപൂർവം ഒഴിഞ്ഞുമാറിയത്.
നെതന്യാഹു വീണ്ടും പ്രധാനമന്ത്രിയാകണോ എന്ന ചോദ്യത്തിന്, 'ഞാൻ ഇനി അത്തരം രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നില്ല; പക്ഷെ ഞങ്ങൾ അവിടെ വളരെ ജനപ്രിയരാണ്' എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ, 'ഇല്ല, ഇസ്രായേലിന്റെ പ്രതിരോധത്തെ സഹായിക്കുക എന്നത് മാത്രമാണ് എന്റെ പ്രധാന ലക്ഷ്യം' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം നെതന്യാഹുവിനുള്ള നേരിട്ടുള്ള പിന്തുണ ഒഴിവാക്കുകയായിരുന്നു. മുൻപ് കൈക്കൊണ്ട നയങ്ങൾ കാരണം ഇസ്രായേലിലെ ജനങ്ങൾക്കിടയിൽ തനിക്ക് 99 ശതമാനത്തോളം ജനപ്രീതിയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്രായേലിലെ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാവും മുൻ സൈനിക മേധാവിയുമായ ഗാദി ഐസൻകോട്ടുമായി വാഷിംഗ്ടണിന് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന്, അദ്ദേഹത്തെക്കുറിച്ച് മോശമായതൊന്നും താൻ കേട്ടിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ നെതന്യാഹുവിനെ അത്രയെളുപ്പം ആരും എഴുതിത്തള്ളരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'എന്നെ പലതവണ ആളുകൾ എഴുതിത്തള്ളിയതുപോലെ ബിബിയെയും (നെതന്യാഹു) പലതവണ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാൽ ബിബിയെ ഒരിക്കലും കുറച്ചുകാണാൻ ഞാൻ തയ്യാറല്ല,' ട്രംപ് വ്യക്തമാക്കി.
ഇറാനെതിരായ സൈനിക നീക്കങ്ങളും ഗസ്സയിലും ലെബനനിലും തുടരുന്ന ആക്രമണങ്ങളും കാരണം കഴിഞ്ഞ കുറച്ചുകാലമായി ട്രംപും നെതന്യാഹുവും തമ്മിലുള്ള വ്യക്തിബന്ധത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ഒക്ടോബർ ഏഴിലെ ആക്രമണത്തിന് മുന്നോടിയായി നെതന്യാഹുവിന് രഹസ്യാന്വേഷണ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെന്ന വാദങ്ങളെ ട്രംപ് തള്ളി. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ നെതന്യാഹു തീർച്ചയായും സേനയെ ജാഗരൂകരാക്കി തടയാൻ നടപടിയെടുക്കുമായിരുന്നു എന്നാണ് തന്റെ വിശ്വാസമെന്ന് ട്രംപ് പറഞ്ഞു.
ഏഴാം മാസത്തിലേക്ക് കടന്ന ഇറാൻ യുദ്ധത്തെക്കുറിച്ചും ട്രംപ് നിർണായക വെളിപ്പെടുത്തലുകൾ നടത്തി. തുടക്കത്തിൽ നാല് മുതൽ എട്ട് ആഴ്ചകൾ കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട സൈനിക നീക്കം, തെഹ്‌റാനിന്റെ ആയുധ-ആണവ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി തകർക്കാനായി താൻ സ്വന്തം നിലയ്ക്ക് വ്യാപിപ്പിക്കുകയായിരുന്നു എന്ന് ട്രംപ് പറഞ്ഞു. 'ആദ്യ ഘട്ടത്തിൽ തന്നെ നിർത്താമായിരുന്നു, എന്നാൽ അത് അപൂർണമായിരിക്കുമെന്ന് തോന്നിയതിനാലാണ് കൂടുതൽ മുന്നോട്ട് പോയത്,' അദ്ദേഹം വ്യക്തമാക്കി.
ഹുർമുസ് കടലിടുക്ക് അടച്ചുകൊണ്ടുള്ള ഇറാന്റെ നീക്കം തുടക്കത്തിൽ ഫലം കണ്ടിരുന്നുവെങ്കിലും, ആഗോളതലത്തിൽ ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഈ തന്ത്രപ്രധാനമായ പാത യു.എസ് സൈന്യം നിയന്ത്രണത്തിലാക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്ന വ്യവസ്ഥയോടെ ഇറാൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം തൃപ്തികരമല്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതായും അദ്ദേഹം സ്ഥിരീകരിച്ചു. വരുന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം വ്യോമാക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമോ എന്ന ചോദ്യത്തിന്, 'അത് സാധ്യമാണ്' എന്ന് ആദ്യം പറഞ്ഞ ട്രംപ്, പിന്നീട് 'അതൊന്നും ഇപ്പോൾ വെളിപ്പെടുത്താനാകില്ല' എന്ന് തിരുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

