തന്റെ ആദ്യയാത്ര ഇത്തവണയും സൗദിയിലേക്ക് ആക്കാമെന്ന് ട്രംപ്; പക്ഷേ ഒരു വലിയ നിബന്ധന മാത്രം...
text_fieldsവാഷിങ്ടൺ: വിദേശ രാജ്യത്തേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിന് ഇത്തവണയും സൗദി അറേബ്യ തെരഞ്ഞെടുക്കാമെന്നും പക്ഷേ, അതിന് ഒരു നിബന്ധന ഉണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2017ൽ അധികാരമേറ്റയുടൻ അമേരിക്കൻ പാരമ്പര്യം ലംഘിച്ച് ആദ്യയാത്രക്ക് സൗദി അറേബ്യ തെരഞ്ഞെടുത്തതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.
‘കഴിഞ്ഞ തവണ ആദ്യം സന്ദർശിച്ചത് സൗദി അറേബ്യയായിരുന്നു. അവർ 45,000 കോടി ഡോളർ വിലമതിക്കുന്ന അമേരിക്കൻ ഉൽപന്നങ്ങൾ വാങ്ങാൻ സന്നദ്ധരായതാണ് അതിന് കാരണം. നിങ്ങൾ അമേരിക്കൻ ഉൽപ്പന്നം വാങ്ങിയാൽ ഞാൻ വരാമെന്ന് അവരോട് പറഞ്ഞു. അവർ അത് സമ്മതിച്ചു, അങ്ങനെ ഞാൻ പോയി. ഇത്തവണ അവർ അതേിനേക്കാൾ കൂടുതൽ വാങ്ങുമെന്ന് സമ്മതിച്ചാൽ ഞാൻ വീണ്ടും അവിടെ പോകും. സൗദി അറേബ്യ 450 അല്ലെങ്കിൽ 500 ബില്യൺ ഡോളറിന്റെ യു.എസ് ഉൽപന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ മിക്കവാറും ഇത്തവണയും ആദ്യയാത്ര അവിടേക്ക് ആക്കാമെന്ന് കരുതുന്നു’ -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ട്രംപ് ഗൗരവത്തിലാണോ ഇക്കാര്യം പറഞ്ഞതെന്ന് വ്യക്തമല്ല. അതേസമയം, മറ്റെല്ലാ വിഷയങ്ങളെക്കാളും അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്കും വ്യാപാരത്തിനും മുൻഗണന നൽകുന്ന ട്രംപ് ഈ വിഷയത്തിലും തന്റെ നിലപാട് വ്യക്തമാക്കിയതാവാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. സൗദി കോളമിസ്റ്റ് ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോ ബൈഡന്റെ ഭരണത്തിന് കീഴിൽ യുഎസ്-സൗദി ബന്ധം വഷളായിരുന്നു. അകൽച്ച പരിഹരിക്കാൻ ബൈഡൻ ഭരണകൂടം ശ്രമിച്ചിരുന്നെങ്കിലും പഴയത്പോലെ ഊഷ്മളമായിരുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.