നിക്കോളാസ് മദുറോയുമായി ഫോണിൽ സംസാരിച്ചെന്ന് വെളിപ്പെടുത്തി ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: നിക്കോളാസ് മദുറോയുമായി ഫോണിൽ സംസാരിച്ചെന്ന് വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കഴിഞ്ഞ മാസം ആദ്യമായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. എന്നാൽ, പരസ്പരം എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താൻ ഇരു രാഷ്ട്രനേതാക്കളും തയാറായില്ല.
ഇക്കാര്യത്തിൽ താൻ പ്രതികരിക്കാനില്ല. മദുറോയുമായി സംസാരിച്ചോയെന്ന ചോദ്യത്തിന് യെസ് എന്ന മറുപടി മാത്രമാണ് നൽകാനുള്ളത്. എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അതേസമയം, യു.എസിൽവെച്ച് കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ചാണ് ഇരു രാഷ്ട്രനേതാക്കളും സംസാരിച്ചതെന്ന് അധികൃതർ അറിയിച്ചു.
വെനസ്വേലയുമായുള്ള പ്രശ്നം നയതന്ത്രതലത്തിൽ പരിഹരിക്കുന്നതിന് വേണ്ടയുള്ള ചർച്ചകളാണ് ട്രംപ് ഇപ്പോൾ നടത്തുന്നതെന്നാണ് സൂചന. നേരത്തെ വെനിസ്വലയുടെ ആകാശം നോ ഫ്ലൈയിങ് സോണായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, നോൺ ഫ്ലൈയിങ് സോണായി പ്രഖ്യാപിച്ച തീരുമാനം സാമ്രാജ്യത്വ ഭീഷണിയാണെന്നും രാജ്യത്തിന്റെ പരമാധികാരവും വ്യോമസുരക്ഷയും ലംഘിക്കുന്നതായതിനാൽ തള്ളുന്നുവെന്നും വെനിസ്വേല സർക്കാർ പ്രതികരിച്ചു. സൈനികനീക്കത്തിന് യു.എസ് ഒരുങ്ങുന്നുവെന്ന സൂചനകളെ തുടർന്ന് ഈ മാസാദ്യത്തിൽതന്നെ നിരവധി വിമാന സർവിസുകൾ വെനിസ്വേല വ്യോമാതിർത്തി ഒഴിവാക്കി തുടങ്ങിയിരുന്നു.
യു.എസിനെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് ആറ് വിമാന കമ്പനികൾക്ക് രാജ്യത്ത് ഇറങ്ങുന്നതിന് വിലക്ക് പ്രഖ്യാപിച്ച് കഴിഞ്ഞ ബുധനാഴ്ച വെനിസ്വേല തിരിച്ചടിക്കുകയും ചെയ്തു. തൊട്ടുപിറ്റേന്ന് മയക്കുമരുന്ന് കടത്തുകാർക്കുനേരെ കരമാർഗവും ആക്രമണം നടത്താൻ പോകുകയാണെന്ന് ട്രംപ് പ്രതികരിച്ചു. യു.എസിന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യു.എസ്.എസ് ജെറാർഡ് ആർ. ഫോർഡ് കഴിഞ്ഞ ദിവസം കരീബിയൻ കടലിൽ നങ്കൂരമിട്ടിട്ടുണ്ട്. വെനിസ്വേലയിൽനിന്നെന്ന് കരുതുന്ന 20ലേറെ കപ്പലുകൾക്കുനേരെ കഴിഞ്ഞ ദിവസങ്ങളിൽ യു.എസ് നടത്തിയ ആക്രമണങ്ങളിൽ 82 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

