റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് മോദി ഉറപ്പുനൽകിയെന്ന് ട്രംപ്, പ്രതികരിക്കാതെ ഇന്ത്യ
text_fieldsവാഷിങ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് നരേന്ദ്രമോദി ഉറപ്പുനൽകിയെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നെതിരെ യുദ്ധം തുടരുന്ന റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിലേക്കുള്ള വലിയ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
‘ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ എനിക്ക് അതൃപ്തിയുണ്ടായിരുന്നു, റഷ്യയില്‍ നിന്ന് അവർ എണ്ണ വാങ്ങുന്നത് നിറുത്തുമെന്ന് അദ്ദേഹം ഇന്ന് എനിക്ക് ഉറപ്പ് നല്‍കി. അത് നിർണായകമായ നടപടിയാണ്. ഇനി ചൈനയെക്കൊണ്ടും ഇത് തന്നെ ചെയ്യിക്കും,’ - ട്രംപ് പറഞ്ഞു. മോദിയുമായി ഊഷ്മളമായ ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്നത് പൊടുന്നനെ നിര്‍ത്താന്‍ ഇന്ത്യക്ക് കഴിയില്ലെന്നും, എന്നാല്‍ അത് കാലക്രമേണ നടപ്പിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിന്റെ അവകാശവാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി മോദി ട്രംപിന് ഇത്തരമൊരു ഉറപ്പ് നല്‍കിയിരുന്നോ എന്നതിനെക്കുറിച്ചുള്ള ഇമെയില്‍ ചോദ്യങ്ങളോട് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
നാലുവർഷത്തോളമായി തുടരുന്ന റഷ്യ- യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നത് യു.എസ് നയതന്ത്ര നീക്കങ്ങൾക്ക് ഏൽക്കുന്ന തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. റഷ്യക്കെതിരെ തുടർച്ചയായി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും യുക്രൈന്‍ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിലാണ് റഷ്യന്‍ എണ്ണയെ ലക്ഷ്യമിട്ട് യു.എസ്, ഇന്ത്യയും ചൈനയുമടക്കം രാജ്യങ്ങൾക്കെതിരെ തീരുവ നയം സ്വീകരിച്ചത്. എന്നാൽ, ഉയര്‍ന്ന തീരുവ അടിച്ചേല്‍പ്പിച്ചിട്ടും എന്നാല്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡോയില്‍ വാങ്ങുന്നത് തുടരുകയായിരുന്നു.
റഷ്യൻ ക്രൂഡ് ഓയിലിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ചൈനയാണ് റഷ്യയിൽ നിന്ന് ഏറ്റവുമധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. ഇന്ത്യ നിലപാട് മാറ്റിയാൽ ചൈനയടക്കം രാജ്യങ്ങളെ ഇത് സ്വാധീനിക്കുമെന്നാണ് യു.എസ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

