ഇന്ത്യ -പാക് യുദ്ധം അവസാനിപ്പിച്ചത് താൻ; ഫിഫ നറുക്കെടുപ്പ് വേദിയിലും അവകാശവാദവുമായി ഡോണൾഡ് ട്രംപ്
text_fieldsഡോണൾഡ് ട്രംപ് ഫിഫ പ്രസിഡന്റിനൊപ്പം
ന്യൂഡൽഹി: ഇന്ത്യ പാകിസ്താൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുമ്പോഴും നിലപാട് ആവർത്തിച്ച് പ്രസിഡന്റ് ട്രംപ്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന ഫിഫ ലോകകപ്പ് ടീം നറുക്കെടുപ്പ് വേദിയിലും ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് പറഞ്ഞു. ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് നടത്തിയ സംസാരത്തിലായിരുന്നു ഡോണൾഡ് ട്രംപ് കോംഗോയിലെ ആഭ്യന്തര യുദ്ധവും ഇന്ത്യ-പാകിസ്താൻ സംഘർഷവും അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റ് ആവർത്തിച്ചത്.
പഹൽഗാമിലെ ഭീകാരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂർ രണ്ടു ദിവസത്തെ സൈനിക നടപടിക്കൊടുവിലാണ് അവസാനിപ്പിച്ചത്. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ തകർത്തുകൊണ്ട് വലിയ നാശം വിതച്ചായിരുന്നു ഇന്ത്യൻ തിരിച്ചടി. പാകിസ്താന്റെ അഭ്യർത്ഥനയെ തുടർന്ന് മേയ് പത്തോടെ ഇരു സൈനിക വിഭാഗവും വെടിനിർത്തലിലേക്ക് നീങ്ങി. ഇരു രാജ്യങ്ങളും നേരിട്ടാണ് വെടി നിർത്തൽ തീരുമാനിച്ചതെന്നും മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്.
എന്നാൽ, ഇതിനു പിന്നാലെയാണ് തന്റെ മധ്യസ്ഥതയിലാണ് യുദ്ധം അവസാനിച്ചതെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. ഇന്ത്യ ഇക്കാര്യം നിഷേധിച്ചുവെങ്കിലും നിരവധി ലോക വേദികളിലും, വാർത്താ സമ്മേളനങ്ങളിലും ഡോണൾഡ് ട്രംപ് ഇക്കാര്യം ആവർത്തിച്ചു. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ റദ്ദാക്കുമെന്ന തന്റെ ഭീഷണിയാണ് സംഘർഷം അവസാനിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

