ഇറാനെ ഇന്ന് രാത്രി ആക്രമിക്കില്ല, വീണ്ടും വാക്ക് മാറ്റി ട്രംപ്
text_fieldsവാഷിങ്ടൺ : ഇറാനെതിരെ ഇന്ന് രാത്രി കനത്ത ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻവലിഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിനിർത്തൽ ചർച്ചകളിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായതിനെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന.
ഇറാന്റെ പ്രധാന എണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും യു.എസ് സൈന്യം ഉടൻ തന്നെ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപ് തന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുതിയ പ്രഖ്യാപനം നടത്തിയത്.
‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായുള്ള ചർച്ചകൾ ഇറാന്റെ പരമോന്നത നേതൃത്വത്തിന്റെ തലത്തിൽ എത്തിനിൽക്കുന്നതിനാലും അവർ അത് അംഗീകരിച്ചതിനാലും, അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഇന്നുരാത്രി ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങളും ബോംബിങ്ങുകളും ഞാൻ റദ്ദാക്കിയിരിക്കുന്നു’- ട്രംപ് കുറിച്ചു.
അമേരിക്ക, ഇസ്രായേൽ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, തുർക്കിയ, പാകിസ്താൻ, ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ, ഈജിപ്ത് എന്നിവരുൾപ്പെടെ ചർച്ചകളിൽ പങ്കാളികളായ എല്ലാ കക്ഷികളും ഈ കരാറിന്റെ അടിസ്ഥാന ആശയങ്ങളും വിശദാംശങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
എങ്കിലും, ഈ ഇടപാട് അന്തിമമാകുന്നത് വരെ ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ യു.എസ് ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം പൂർണ ശക്തിയോടെ തുടരുമെന്നും കരാർ ഒപ്പിടുന്ന സമയവും സ്ഥലവും ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്രസ്താവനയോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ച പുലർച്ചെയും ഇറാന് നേരെ കടുത്ത ഭാഷയിലാണ് ട്രംപ് സംസാരിച്ചത്. വെനസ്വേലൻ ഭരണാധികാരി നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയ യു.എസ് സൈനിക നടപടിയെ പരാമർശിച്ചായിരുന്നു ട്രംപിന്റെ ഭീഷണി.
മഡുറോക്ക് ശേഷം അധികാരമേറ്റ ഡെൽസി റോഡ്രിഗസ് യു.എസ് സമ്മർദ്ദത്തെ തുടർന്ന് വെനസ്വേലയുടെ പൊതുമേഖലാ എണ്ണ വ്യവസായം വിദേശ നിക്ഷേപകർക്കായി തുറന്നുകൊടുത്തിരുന്നു. ഇതിന് സമാനമായി, വിദൂരമല്ലാത്ത ഭാവിയിൽ ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നതും കടുത്ത സൈനിക നിയന്ത്രണങ്ങളുള്ളതുമായ ഖാർഗ് ദ്വീപ് യു.എസ് പിടിച്ചെടുക്കുമെന്നും അവിടുത്തെ എണ്ണ, ഗ്യാസ് വിപണികളുടെ പൂർണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
പിന്നീട് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക എന്നത് എപ്പോഴും തന്റെ വ്യക്തിപരമായ താൽപര്യമാണെന്ന് ട്രംപ് വെളിപ്പെടുത്തി. എങ്കിലും ഇറാനിൽ നേരിട്ടുള്ള ഒരു കരയുദ്ധത്തിന് തനിക്ക് താൽര്യമില്ലെന്നും, അമേരിക്കക്ക് അതിനുള്ള ക്ഷമയുണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ നിലവിലെ താൽകാലിക യുദ്ധവിരാമം ‘അർത്ഥശൂന്യമാണെന്ന്’ ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ട്രംപിന്റെ ഈ ഭീഷണികൾ.
ട്രംപിന്റെ ഇത്തരം എടുത്തുചാടിയുള്ള തീരുമാനങ്ങൾ കളി വഷളാക്കുമെന്നും ഊർജ്ജ വിപണികളെ തകർക്കുമെന്നും വർഷങ്ങളോളം അമേരിക്ക അകപ്പെടാൻ പോകുന്ന അനന്തമായൊരു ചതുപ്പാണ് ഇത് സൃഷ്ടിക്കുകയെന്നും ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഗർ ഗാലിബാഫ് എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ബന്ദർ അബ്ബാസ് തുറമുഖ നഗരം, ഖഷം ദ്വീപ്, തെക്കൻ നഗരങ്ങളായ സിരിക്, മിനാബ്, തെഹ്‌റാനിന് പടിഞ്ഞാറുള്ള കറജ് എന്നിവിടങ്ങളിൽ യു.എസ് ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും പ്രത്യാക്രമണം നടത്തി.
കഴിഞ്ഞ തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ യു.എസ് ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നിലും ഇറാനാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. യു. എസ് ആക്രമണങ്ങൾ കടുപ്പിച്ചതോടെ തങ്ങളുടെ ഏറ്റവും വലിയ തന്ത്രപ്രധാന ആയുധമായ ഹുർമുസ് കടലിടുക്ക് പൂർണമായും അടച്ചുപൂട്ടുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

