ചാർലി കിർക്കിനെ ‘അമേരിക്കയുടെ നായകൻ’ എന്നും ‘രക്തസാക്ഷി’യെന്നും വിശേഷിപ്പിച്ച് ട്രംപ്; അനുസ്മരണച്ചടങ്ങിൽ ആയിരങ്ങൾ
text_fieldsവാഷിങ്ടൺ: യാഥാസ്ഥിതിക വലതുപക്ഷ പ്രവർത്തകനായ ചാർലി കിർക്കിനെ ‘മഹാനായ അമേരിക്കൻ നായകൻ’ എന്നും ‘രക്തസാക്ഷി’ എന്നും വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അരിസോണയിൽ നടന്ന അനുസ്മരണ ചടങ്ങിൽ ആയിരക്കണക്കിന് ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ വാഴ്ത്തലുകൾ.
സെപ്റ്റംബർ 10 ന് വെടിയേറ്റ് മരിച്ച കിർക്കിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പ്രശംസിച്ചു. ഞായറാഴ്ചത്തെ തിരക്കേറിയ പരിപാടിയിൽ പ്രധാന പ്രഭാഷകനായിരുന്നു ട്രംപ്. ‘ധീരമായി ജീവിച്ചതിനാലും, മികച്ച രീതിയിൽ വാദിച്ചതിനാലുമാണ് അദ്ദേഹത്തെ വധിച്ചതെന്നും’ ഫീനിക്സിന് സമീപമുള്ള സ്റ്റേറ്റ് ഫാം സ്റ്റേഡിയത്തിൽ ജനക്കൂട്ടത്തോട് ട്രംപ് പറഞ്ഞു.
ഈ വർഷം ആദ്യത്തിൽ ട്രംപുമായി കടുത്ത പിണക്കത്തിലായ ഇലോൺ മസ്‌ക്, പ്രസിഡന്റിന്റെ അരികിലിരുന്നു. ഇരുവരും കൈ പിടിച്ചു കുലുക്കുകയും സംസാരിക്കുകയും ചെയ്തു. പിന്നീട് അവരുടെ ഒരു ചിത്രം ‘ചാർലിക്ക് വേണ്ടി’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു.
കിർക്കിന്റെ ഭാര്യ എറിക്കയും ചടങ്ങിൽ സംസാരിച്ചു. ട്രംപ് അവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. തന്റെ ഭർത്താവിന്റെ കൊലയാളിയെന്ന് ആരോപിക്കപ്പെടുന്നയാളോട് താൻ ക്ഷമിച്ചതായി എറിക്ക പറഞ്ഞു. ‘എന്റെ ഭർത്താവ് ചാർളി, തന്റെ ജീവൻ അപഹരിച്ചയാളെപ്പോലെയുള്ളവരിൽ നിന്ന് യുവാക്കളെ രക്ഷിക്കാൻ ആഗ്രഹിച്ചു. ഞാൻ അവനോട് ക്ഷമിക്കുന്നു, കാരണം അത് ക്രിസ്തു ചെയ്തു. വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല’ -എന്നായിരുന്നു അവരുടെ വാക്കുകൾ.
പരിപാടിക്ക് മുമ്പ് ആയിരക്കണക്കിന് ആളുകൾ സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകളോളം ക്യൂ നിന്നു. ചിലർ തലേദിവസം രാത്രിയിൽ തന്നെ അവരുടെ സ്ഥാനം ഉറപ്പാക്കാൻ പുറത്ത് തമ്പടിച്ചു. പലരും മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗ) തൊപ്പികളും, മറ്റ് ട്രംപ് ബ്രാൻഡഡ് ഇനങ്ങളും, ചുവപ്പ്, വെള്ള, നീല വസ്ത്രങ്ങളും ധരിച്ചിരുന്നു.
സ്റ്റേഡിയത്തിനുള്ളിൽ, ലക്ഷത്തോളം വരുന്ന ജനക്കൂട്ടത്തിൽ നിന്ന് ക്രിസ്ത്യൻ ബാൻഡുകളുടെ സംഗീതത്തോടൊപ്പം പ്രാർഥനയും ഉൾപ്പെടുന്ന റാലി നടന്നു. കോളജ് കാമ്പസുകളിലെ യാഥാസ്ഥിതിക ആക്ടിവിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കിർക്കിന്റെ സംഘടനയായ ‘ടേണിങ് പോയിന്റ് യു.എസ്.എ’യിലെ അംഗങ്ങൾ, യാഥാസ്ഥിതിക പ്രസ്ഥാനത്തിലെ പ്രശസ്ത വ്യക്തികൾ, ട്രംപ് ഭരണകൂട ഉദ്യോഗസ്ഥർ, കിർക്കിന്റെ പ്രവർത്തനവും വലതുപക്ഷ ക്രിസ്ത്യൻ ലോകവീക്ഷണവും തങ്ങളെ രൂപപ്പെടുത്തിയെന്ന് വാദിക്കുന്നവർ തുടങ്ങിയവർ പ്രഭാഷകരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
സംസാരത്തിലുടനീളം 31 വയസ്സുകാരന്റെ ആക്ടിവിസം തുടരേണ്ടതിന്റെ ആവശ്യകത അവർ ഊന്നിപ്പറയുകയും കിർക്കിനെ ആവർത്തിച്ച് രക്തസാക്ഷിയായി വിശേഷിപ്പിക്കുകയും യാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെ ചരിത്രപുരുഷനായി അവതരിപ്പിക്കുകയും ചെയ്തു. ചാർലിയുടെ മരണം അമേരിക്കയിലെ യാഥാസ്ഥിതിക അന്തരീക്ഷത്തെ കൂടുതൽ പുനരുജ്ജീവിപ്പിക്കുമെന്ന് നിരവധി പ്രഭാഷകർ അഭിപ്രായപ്പെട്ടു.
യൂട്ടായിലെ സർവകലാശാലയിൽ വിദ്യാർഥികളുമായി സംവാദത്തിൽ ഏർപ്പെട്ടിരിക്കവെയാണ് കിർക്ക് വെടിയേറ്റു മരിച്ചത്. ഇടതുപക്ഷ റാഡിക്കൽ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് ട്രംപിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

