Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യോമഗതാഗത പ്രതിസന്ധി; ഒടുവിൽ മൗനം വെടിഞ്ഞു, ബൈഡനെ പഴിചാരി ട്രംപ്

text_fields
bookmark_border
donald trump
cancel
camera_alt

ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലുടനീളം വിമാന സർവീസുകൾ സ്തംഭിച്ച് യാത്രക്കാർ ദുരിതത്തിലായിട്ടും ഒന്നര ദിവസത്തോളം പ്രതികരിക്കാതിരുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒടുവിൽ മൗനം വെടിഞ്ഞു. പ്രതിസന്ധിയുടെ ഉത്തരവാദിത്തം മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിനാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യോമഗതാഗത നിയന്ത്രണ സംവിധാനം സമഗ്രമായി നവീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്നും ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അമേരിക്കയിലെ വിമാന സർവീസുകൾ താളംതെറ്റിയത്. ആയിരക്കണക്കിന് സർവീസുകൾ റദ്ദാക്കുകയും നിരവധി സർവീസുകൾ മണിക്കൂറുകളോളം വൈകി. വിമാനത്താവളങ്ങളിൽ നിരവധി യാത്രക്കാർ കുടുങ്ങുകയും ചെയ്തു. സമീപകാലത്തെ ഏറ്റവും വലിയ വ്യോമഗതാഗത പ്രതിസന്ധിയായാണ് ഇതിനെ വിലയിരുത്തുന്നത്. പഴക്കംചെന്ന നിയന്ത്രണ സംവിധാനം ധൃതിപിടിച്ച് നവീകരിക്കാൻ ശ്രമിച്ചാൽ അത് പൂർണമായ തകർച്ചയിലേക്ക് നയിക്കുമെന്ന് ഫെഡറൽ വ്യോമയാന ഉദ്യോഗസ്ഥർ ഏറെക്കാലമായി മുന്നറിയിപ്പ് നൽകിയിരുന്നു.

ഞായറാഴ്ച രാവിലെ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് വ്യോമയാന മേഖലയുടെ മേൽനോട്ടം പൂർണമായും പരാജയപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. വലിയ തുക ചെലവഴിച്ചിട്ടും പഴയ സംവിധാനം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെന്നും സ്ഥിതി കൂടുതൽ വഷളാക്കിയെന്നും അദ്ദേഹം ആരോപിച്ചു. പുതിയ സംവിധാനം ഒരുക്കുന്നതിന് തങ്ങൾക്ക് വ്യക്തമായ പദ്ധതിയും വൈദഗ്ധ്യവുമുണ്ടെന്നും ഇനി ആവശ്യം കോൺഗ്രസിന്റെ സാമ്പത്തിക പിന്തുണ മാത്രമാണെന്നും ട്രംപ് പറഞ്ഞു. നിലവിലെ എഫ്.എ.എ നേതൃത്വത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

യു.എസിൽ ഇപ്പോഴും ഉപയോഗിക്കുന്ന നിയന്ത്രണ സംവിധാനത്തിന്റെ വലിയൊരു ഭാഗം അരനൂറ്റാണ്ട് പഴക്കമുള്ളതാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ഘട്ടംഘട്ടമായുള്ള ചെറിയ മാറ്റങ്ങളിലൂടെ ഇത് പരിഹരിക്കാൻ കഴിയില്ലെന്നും ഒറ്റയടിക്ക് സമഗ്രമായി പുതുക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ഫണ്ട് ലഭിച്ചാൽ ലോകത്തെ ഏറ്റവും മികച്ച സംവിധാനം വേഗത്തിലും കാര്യക്ഷമമായും നിർമിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സർവീസുകൾ നിലച്ച ദിവസം ട്രംപ് മറ്റു വിഷയങ്ങളിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ടിരുന്നത്. ഇതിനെക്കുറിച്ച് ഞായറാഴ്ച സി.എൻ.എന്നിന്റെ സ്റ്റേറ്റ് ഓഫ് ദി യൂനിയൻ പരിപാടിയിൽ അവതാരക ഗതാഗത സെക്രട്ടറി ഷോൺ പി. ഡഫിയോട് ചോദ്യം ഉന്നയിച്ചു. പ്രസിഡന്റുമായി താൻ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വിഷയത്തിൽ അദ്ദേഹം പൂർണമായും ഇടപെട്ടിരുന്നുവെന്നുമാണ് ഡഫി മറുപടി നൽകിയത്.

പഴയ കോപ്പർ ടെലികമ്മ്യൂണിക്കേഷൻ ലൈനുകൾ മാറ്റുന്നതിനിടെ ഉണ്ടായ സാങ്കേതിക തകരാറോ സ്ഥാപിക്കലിലെ പിഴവോ ആകാം പ്രതിസന്ധിക്ക് കാരണമെന്നാണ് ഡഫിയുടെ വിശദീകരണം. ഇത് വിദേശ സൈബർ ആക്രമണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ടെക്സാസിലെയും അർക്കൻസാസിലെയും കേന്ദ്രങ്ങളിൽ നിന്നുള്ള രണ്ട് റൂട്ടറുകൾ ഫ്ലോറിഡയിലെ എൽ3ഹാരിസ് ലാബിൽ വിശദമായ പരിശോധനയിലാണ്. സംവിധാനം പൂർണമായി പുതുക്കാൻ കൂടുതൽ തുക വേണമെന്നാണ് ഡഫിയുടെ ആവശ്യം. നേരത്തെ അനുവദിച്ച 12.5 ബില്യൺ ഡോളർ പ്രാഥമിക തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിൽ പ്രധാന വിമാനത്താവളങ്ങളിൽ സർവീസുകൾ ക്രമേണ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump Blames Biden Administration
Next Story