ട്രാൻസ് അത്ലറ്റുകൾക്ക് ട്രംപിന്‍റെ വിലക്ക്; ‘പെൺകുട്ടികളെ തോൽപിക്കാൻ പുരുഷന്മാരെ അനുവദിക്കില്ല’
text_fieldsവാഷിങ്ടൺ: ട്രാൻസ്ജെൻഡർ കായികതാരങ്ങളെ വനിതകളുടെ കായിക മൽസരങ്ങളിൽ നിന്ന് വിലക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. പുതിയ ഉത്തരവോടെ വനിതാ കായികരംഗത്തെ യുദ്ധം അവസാനിച്ചുവെന്ന് ട്രംപ് വ്യക്തമാക്കി. വിവാദമാകുന്ന ഉത്തരവിൽ ഒപ്പിടുമ്പോൾ ട്രംപിനൊപ്പം വനിത കായികതാരങ്ങളും പ്രതിനിധി സഭ സ്പീക്കർ മൈക്ക് ജോൺസനും കോൺഗ്രസിലെ തീപ്പൊരി അംഗം മാർജോരി ഗ്രീനും ഉണ്ടായിരുന്നു.
'വനിത കായികതാരങ്ങളുടെ അഭിമാനകരമായ പാരമ്പര്യത്തെ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും പെൺകുട്ടികളെയും തല്ലാനും പരിക്കേൽപ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിത കായിക വിനോദങ്ങൾ വനിതകൾക്ക് മാത്രമായിരിക്കും' -ട്രംപ് വ്യക്കമാക്കി.
ട്രാൻസ്‌ജെൻഡർ കായികതാരങ്ങൾ വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. "സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കുന്ന വിദ്യാഭ്യാസ പരിപാടികൾക്ക് ഫണ്ട് റദ്ദാക്കുക അമേരിക്കയുടെ നയമാണെന്ന് ഉത്തരവിൽ പറയുന്നു.
2028ൽ ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഗെയിംസിനു മുമ്പ് ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകളുമായി ബന്ധപ്പെട്ട നിയമങ്ങൾ മാറ്റാൻ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. വനിത കായികതാരങ്ങളെന്ന് സ്വയം പരിചയപ്പെടുത്തി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന പുരുഷൻമാരുടെ അപേക്ഷകൾ നിരസിക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി മേധാവി ക്രിസ്റ്റി നോമിനോട് ട്രംപ് നിർദേശിച്ചു.
രണ്ടാംവട്ടം അധികാരത്തിലേറിയത് മുതൽ ട്രാൻസ്ജെന്‍ഡർ വിഭാഗത്തിനെതിരെ നയങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ട്രംപ്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ, ട്രാൻസ്‌ജെൻഡർ വിഭാഗത്തെ സേനയിൽ നിന്നും നിരോധിച്ചതും ഇതിൽ ഉൾപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.