‘ഫോട്ടോ ഐ.ഡിയില്ലാതെ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്’-ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർ ചോദിച്ചെന്ന് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കണമെന്ന് ആവശ്യം
text_fieldsഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ടർ തിരിച്ചറിയൽ രേഖയും പൗരത്വം തെളിയിക്കുന്ന രേഖയും നിർബന്ധമാക്കുന്ന സേവ് അമേരിക്ക ആക്ട് പാസാക്കണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.
ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ പരാമർശിച്ചത്. ഈ മാസം ആദ്യം ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി നടത്തിയ സംഭാഷണത്തിനിടെ, സാധുവായ ഫോട്ടോ ഐഡി ഇല്ലാതെ അമേരിക്കയിൽ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് അദ്ദേഹം ചോദിച്ചതായും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 64.6 കോടി വോട്ടർമാർ പങ്കെടുത്തുവെന്നും ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തപാൽ വോട്ട് ചെയ്തതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയിൽ ഓരോ വോട്ടർക്കും സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖ നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം പൗരന്മാർക്ക് മാത്രമായി ഉറപ്പാക്കണമെന്നാണ് ട്രംപിന്റെ നിലപാട്. അമേരിക്കൻ തെരഞ്ഞെടുപ്പുകൾ തീരുമാനിക്കേണ്ടത് അമേരിക്കൻ പൗരന്മാർ മാത്രമാണെന്ന വാദത്തോടെയാണ് അദ്ദേഹം സേവ് അമേരിക്ക ആക്ടിന് പിന്തുണ തേടുന്നത്.
അമേരിക്കയിലെ ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ടർ രജിസ്ട്രേഷൻ കൂടുതൽ കർശനമാക്കുകയാണ് സേവ് അമേരിക്ക ആക്ടിന്‍റെ പ്രധാന ലക്ഷ്യം. ജനുവരി 29 നാണ് നിയമനിർദേശം കോൺഗ്രസിൽ അവതരിപ്പിച്ചത്. വോട്ടർ രജിസ്റ്റർ ചെയ്യുമ്പോൾ സാധുവായ തിരിച്ചറിയൽ രേഖ നൽകണം, യുഎസ് പൗരത്വം തെളിയിക്കുന്ന രേഖ ഹാജരാക്കണം, രോഗം, വൈകല്യം, സൈനിക സേവനം, യാത്ര തുടങ്ങിയ പ്രത്യേക സാഹചര്യങ്ങൾ ഒഴികെ തപാൽ വോട്ടിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തണം, ഫെഡറൽ തെരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടികയിൽ നിന്ന് പൗരന്മാരല്ലാത്തവരെ നീക്കം ചെയ്യാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണം എന്നിവയാണ് ബിൽ മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ.
അമേരിക്കയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടാണ് വൈറ്റ് ഹൗസും ബില്ലിനെ പിന്തുണക്കുന്നത്. ഇന്ത്യയിലും ബ്രസീലിലും വോട്ടർ തിരിച്ചറിയൽ സംവിധാനങ്ങൾ ബയോമെട്രിക് ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ വാദം. അമേരിക്കയിൽ പൗരത്വം സംബന്ധിച്ച സ്വയം പ്രഖ്യാപനത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും ഭരണകൂടം പറയുന്നു.
ജർമ്മനി, കാനഡ, ഡെൻമാർക്ക്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലെ വോട്ടിങ്, തപാൽ വോട്ടിങ് രീതികളിലെ നിയന്ത്രണങ്ങളും ബിൽ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് സുരക്ഷ ശക്തിപ്പെടുത്താനും അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനുള്ള അവകാശം പൗരന്മാർക്ക് മാത്രമായി ഉറപ്പാക്കാനും സേവ് അമേരിക്ക ആക്ട് അനിവാര്യമാണെന്നാണ് ട്രംപിന്റെ വാദം. റിപ്പബ്ലിക്കൻ പാർട്ടിക്കാർക്ക് പുറമെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളും ബില്ലിനെ പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

