Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെക്സസ് സൈനിക താവളത്തിലെ കൂട്ടക്കൊല: ഫലസ്തീൻ വംശജന്റെ വധശിക്ഷക്ക് ട്രംപിന്റെ ഉത്തരവ്

text_fields
bookmark_border
ടെക്സസ് സൈനിക താവളത്തിലെ കൂട്ടക്കൊല: ഫലസ്തീൻ വംശജന്റെ വധശിക്ഷക്ക് ട്രംപിന്റെ ഉത്തരവ്
cancel
camera_alt

നിദാൽ ഹസൻ

വാഷിങ്ടൺ: 2009ൽ ടെക്സസിലെ ഫോർട്ട് ഹൂഡ് മിലിട്ടറി ബേസിൽ 13 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലക്കേസിലെ പ്രതിയും മുൻ ആർമി സൈക്യാട്രിസ്റ്റുമായ നിദാൽ ഹസന്റെ വധശിക്ഷ ഫയറിങ് സ്ക്വാഡ് വഴി നടപ്പിലാക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. പെന്റഗൺ വക്താവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഫലസ്തീൻ വംശജനായ അമേരിക്കൻ പൗരനാണ് നിദാൽ ഹസൻ. ഈ ഉത്തരവ് നടപ്പിലായാൽ, കഴിഞ്ഞ 60 വർഷത്തിനിടയിൽ യു.എസ് സൈന്യത്തിന്റെ വധശിക്ഷക്ക് വിധേയനാകുന്ന ആദ്യത്തെ സൈനികനായി അദ്ദേഹം മാറും.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ ശക്തമായ ശുപാർശയെത്തുടർന്നും പ്രസിഡന്റിന്റെ അംഗീകാരത്തോടും കൂടിയാണ് നിദാൽ ഹസനെ ഫയറിങ് സ്ക്വാഡ് വഴി വധശിക്ഷക്ക് വിധേയനാക്കുന്നത് എന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ എക്സിലൂടെ അറിയിച്ചു. വധശിക്ഷ നടപ്പിലാക്കേണ്ട കൃത്യമായ സമയവും സ്ഥലവും ആർമി സെക്രട്ടറിയായിരിക്കും തീരുമാനിക്കുക. ‘നിദാൽ ഹസന്റെ അന്തിമ വിധിദിനം ഒടുവിൽ എത്തിച്ചേർന്നിരിക്കുന്നു’ എന്നാണ് പാർനെൽ എക്സിൽ കുറിച്ചത്.

2009 നവംബറിൽ അഫ്ഗാനിസ്താനിലേക്ക് സൈനികരെ അയക്കുന്നതിന് തൊട്ടുമുമ്പാണ് ടെക്സസിലെ ഫോർട്ട് ഹൂഡ് മിലിട്ടറി ബേസിലെ മെഡിക്കൽ ഫെസിലിറ്റിയിൽ വെച്ച് കൂട്ടക്കൊലപാതകം നടന്നത്. കോടാലിയും തോക്കും ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ 12 സായുധരല്ലാത്ത സൈനികരും ഒരു വിരമിച്ച ഉദ്യോഗസ്ഥനും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെടുകയും, 32 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തു വെച്ചുതന്നെ ഇയാളെ വെടിവെച്ച് കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമത്തിനിടെ ഏറ്റ പരിക്കുകളെ തുടർന്ന് ഇയാൾക്ക് പിന്നീട് ഭാഗികമായി ചലനശേഷി നഷ്ടപ്പെടുകയുമുണ്ടായി.

2013 ആഗസ്റ്റിലാണ് സൈനിക കോടതി വിചാരണയിൽ 45 കൊലപാതക കുറ്റങ്ങളും വധശ്രമങ്ങളും തെളിഞ്ഞതിനെ തുടർന്ന് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.അമേരിക്കയിൽ സൈനിക വധശിക്ഷകൾ വളരെ അപൂർവ്വമായിട്ടേ ഉണ്ടാകാറുള്ളൂ. യൂണിഫോം കോഡ് ഓഫ് മിലിട്ടറി ജസ്റ്റിസ് അനുസരിച്ച് ഇതിനുള്ള അന്തിമ അനുമതി നൽകാൻ പ്രസിഡന്റിന് മാത്രമേ അധികാരമുള്ളൂ. ഈ ഉത്തരവ് നടപ്പിലാക്കപ്പെടുകയാണെങ്കിൽ, 1961ന് ശേഷം യു.എസ് സൈന്യം നടപ്പിലാക്കുന്ന ആദ്യ വധശിക്ഷയായി ഇത് മാറും.

ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിന്റെ കണക്കുകൾ പ്രകാരം, 1961ൽ നടപ്പിലാക്കിയ അവസാന സൈനിക വധശിക്ഷ തൂക്കിലേറ്റുകയായിരുന്നു. എന്നാൽ ഒരു ഫയറിങ് സ്ക്വാഡ് ഉപയോഗിച്ചുള്ള അവസാനത്തെ സൈനിക വധശിക്ഷ 1945 നവംബറിലാണ് അമേരിക്കയിൽ നടന്നിട്ടുള്ളത്. വധശിക്ഷക്ക് വിധിക്കപ്പെട്ടയാളെ ഒരു ചുവരിലോ പോസ്റ്റിലോ കെട്ടിയിടുകയോ ഇരുത്തുകയോ ചെയ്ത് സ്ക്വാഡിലുള്ള എല്ലാവരും ഒരേസമയം തോക്കുകൾ ഉപയോഗിച്ച് കുറ്റവാളിയുടെ നേരെ വെടിയുതിർക്കുന്ന രീതിയാണിത്.

ട്രംപ് ഭരണകൂടം കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഫയറിങ് സ്ക്വാഡിന് പുറമെ ഗ്യാസ് ആസ്ഫിക്സിയേഷൻ, ഇലക്ട്രോക്യൂഷൻ തുടങ്ങിയവയും വധശിക്ഷ നടപ്പിലാക്കാനുള്ള പുതിയ മാർഗ്ഗങ്ങളായി ഉൾപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trump approves firing squad execution for Fort Hood attacker Nidal Hasan
Next Story