ദോഹയിൽ നിർണ്ണായക കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിൽ നാളെ ദോഹയിൽ വെച്ച് കൂടിക്കാഴ്ച നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ തന്നെയാണ് കൂടിക്കാഴ്ചക്കായി അഭ്യർത്ഥിച്ചതെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് അമേരിക്കൻ വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാൻ ഔദ്യോഗികമായി തള്ളി. ഈ ആഴ്ച യു.എസുമായി സാങ്കേതിക ചർച്ചകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി. ഖത്തറുമായുള്ള പതിവ് നയതന്ത്ര കൂടിയാലോചനകൾ നടക്കുന്നുണ്ടെങ്കിലും, ദോഹയിൽ സാങ്കേതിക ചർച്ചകൾ നടക്കുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. നിശ്ചിത സാഹചര്യങ്ങൾ ഒത്തുവരുന്ന മുറക്ക് മാത്രമേ സാങ്കേതിക ചർച്ചകളുടെ ആദ്യ ഘട്ടം നടക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും ഹുർമുസിൽ നടന്ന പുതിയ ആക്രമണങ്ങളാണ് വെടിനിർത്തൽ ചർച്ചയെ അനിശ്ചിതത്വത്തിലാക്കിയത്. ഇറാൻ നിർദേശിച്ച പാതയിലൂടെ അല്ലാതെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതു വകവെക്കാതെ പുതിയ പാതയിലൂടെ സഞ്ചരിച്ച ‘എവർ ലവ്‌ലി’ എന്ന സിംഗപ്പൂർ പതാകയേന്തിയ കപ്പലിനുനേരെ ഐ.ആർ.ജി.സി നടത്തിയ ഡ്രോൺ ആക്രമണവും ഇതിന് പിന്നാലെ ഇറാനിലേക്ക് അമേരിക്ക നടത്തിയ ആക്രമണവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഇതിന് മറുപടിയായി അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു. ഇനി അമേരിക്ക ആക്രമിക്കുകയാണെങ്കിൽ നരകതുല്യമായ തിരിച്ചടി പ്രതീക്ഷിച്ചുകൊള്ളാൻ ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പും നൽകി. ഇറാനിലെ ഖിഷ്മ് ദ്വീപിലും സിരിക്, ബന്ദർ-ഇ ലെങ്കിഹ് നഗരങ്ങളിലുമായിരുന്നു യു.എസിന്റെ ആക്രമണം.
ഖത്തറിൽ മരവിപ്പിച്ച 12 ബില്യൺ ഡോളറിന്റെ ആസ്തിയിൽ നിന്ന് 6 ബില്യൺ ഡോളർ വിട്ടുനൽകാൻ അമേരിക്ക സമ്മതിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അവകാശപ്പെടുന്നുണ്ടെങ്കിലും, ദോഹ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ഈ ആശയക്കുഴപ്പം നയതന്ത്ര നീക്കങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ഹുർമുസ് കടലിടുക്കിനടുത്തുള്ള സംഘർഷങ്ങൾക്കൊടുവിൽ ഇരുരാജ്യങ്ങളും സംയമനം പാലിക്കാനും കപ്പൽ ഗതാഗതം പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച ദോഹയിൽ ചർച്ചകൾ നിശ്ചയിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ, ഇപ്പോൾ ഇറാൻ ഔദ്യോഗികമായി തന്നെ ഈ ചർച്ചകളെ നിഷേധിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങൾ വലിയ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

