ട്രംപിന്റെ എപ്സ്റ്റീൻ ചിത്രങ്ങൾ വാഷിങ്ടണിൽ പ്രദർശിപ്പിച്ചു; വേറിട്ട പ്രതിഷേധം അത്താഴവിരുന്നിന് തൊട്ടുമുമ്പ്
text_fieldsവാഷിങ്ടൺ: എപ്സ്റ്റീൻ കേസുകളിലെ രേഖകളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് പരാമർശിക്കുന്ന ചിത്രങ്ങളടക്കം പ്രദർശിപ്പിച്ച് വാഷിങ്ടണിൽ വേറിട്ടൊരു പ്രതിഷേധം. വൈറ്റ്ഹൗസ് മാധ്യമപ്രവർത്തക സംഘടന ഒരുക്കിയ അത്താഴ വിരുന്നിന് മുമ്പായിരുന്നു പ്രദർശന പ്രതിഷേധം. ഡൊണാൾഡ് ട്രംപിനെയും ജെഫ്രി എപ്സ്റ്റീനെയും ബന്ധിപ്പിക്കുന്ന നിരവധി ചിത്രങ്ങളും രേഖകളും വാഷിങ്ടൺ ഡിസിയിലെ ഹിൽട്ടൺ ഹോട്ടലിന് പുറത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു വെള്ളിയാഴ്ച പ്രദർശിപ്പിച്ചത്.
ട്രംപിന്റെയും എപ്സ്റ്റീന്റെയും ചിത്രത്തിനൊപ്പം ‘മൂടിവെക്കൽ അവസാനിപ്പിക്കുക’ എന്ന സന്ദേശവുമുണ്ടായിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളും രേഖകളും ഇമെയിലുകളുടെ ഓഡിയോയും പ്രദർശനത്തിലുണ്ടായിരുന്നു. രണ്ട് മിനിറ്റ് 13 സെക്കന്റായിരുന്നു പ്രദർശനത്തിൽ ഉൾപ്പെടുത്തിയ വിഡിയോയുടെ ദൈർഘ്യം. 2019ൽ എഴുത്തുകാരനായ മൈക്കൽ വുൾഫിന് എപ്സ്റ്റീൻ അയച്ച ഇമെയിലിൽ ട്രംപിനെ ‘കുരക്കാത്ത നായ’ എന്ന് വിശേഷിപ്പിച്ചതും ഇതിലുണ്ടായിരുന്നു. കെട്ടിടത്തിന്റെ പുറത്ത് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതോടെ നിരവധിപേർ അവിടെ തടിച്ചുകൂടി. വിഡിയോ പ്രദർശനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
എപ്സ്റ്റീനുമായി വർഷങ്ങളോളം ട്രംപ് സൗഹൃദത്തിലായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, എപ്സ്റ്റീൻ ലൈംഗിക കുറ്റവാളിയാണെന്ന് അറിഞ്ഞതോടെ 2004ൽ ബന്ധം അവസാനിപ്പിച്ചെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ലൈംഗിക കുറ്റവാളിയായ എപ്സ്റ്റീൻ സമ്പന്നരും പ്രമുഖരുമായുള്ള ബന്ധം ചൂഷണംചെയ്യാനും കുറ്റകൃത്യങ്ങൾ മറച്ചുവെക്കാനും ഉപയോഗിച്ചതായി പറയുന്നു. ലൈംഗിക കുറ്റത്തിന് വിചാരണ കാത്തിരിക്കുന്നതിനിടെ 2019 ൽ ന്യൂയോർക്ക് ജയിൽ സെല്ലിൽ എപ്സ്റ്റീൻ ആത്മഹത്യ ചെയ്തുവെന്ന് പറയുന്നു.
ജെഫ്രി എപ്സ്റ്റീനെതിരെ നീതിന്യായ വകുപ്പിന്റെ അന്വേഷണത്തിൽ നിന്നുള്ള ഫയലുകൾ പരസ്യമാക്കാനുള്ള ശ്രമങ്ങളെ ട്രംപ് ആദ്യം എതിർത്തിരുന്നു, എന്നാൽ, പിന്നീട് സ്വന്തം പാർട്ടിയിലെ അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി രേഖകൾ പുറത്തുവിടാൻ അനുവദിക്കുന്ന നിയമത്തിൽ ഒപ്പുവെക്കുകയായിരുന്നു.
അതേസമയം, പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്ത അത്താഴവിരുന്നിടെ വെടിവെപ്പ് നടന്നിരുന്നു. ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെ ഹിൽട്ടൺ ഹോട്ടലിലുണ്ടായ വെടിവെപ്പിൽ നിന്ന് ട്രംപിനെയും പത്നിയെയും സുരക്ഷാ സേന രക്ഷപ്പെടുത്തുകയായിരുന്നു. ഒരു യുഎസ് സീക്രട്ട് സർവീസ് ഏജന്റിന് വെടിയേറ്റു, പക്ഷേ അദ്ദേഹത്തിന്റെ ബുള്ളറ്റ് പ്രൂഫ് ധറിച്ചിരുന്നതിനാൽ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ട്രംപ് ഉൾപ്പെടെയുള്ള എല്ലാ ഉന്നത യുഎസ് ഉദ്യോഗസ്ഥരും അത്താഴ വിരുന്നയിൽ പങ്കെടുത്തിരുന്നു. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

