30ലധികം രാജ്യങ്ങളിലേക്കു കൂടി യാത്രാ വിലക്ക് നീട്ടാൻ ട്രംപ് ഭരണകൂടം
text_fieldsവാഷിങ്ടൺ: യാത്രാ വിലക്കിന്റെ പരിധിയിൽ വരുന്ന രാജ്യങ്ങളുടെ എണ്ണം 30ൽ കൂടുതലായി വികസിപ്പിക്കാൻ പദ്ധതിയിടുന്നതായി യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയം. എന്നാൽ, എണ്ണത്തെക്കുറിച്ചോ പട്ടികയിൽ ഏതൊക്കെ രാജ്യങ്ങളെ ചേർക്കുമെന്നതിനെക്കുറിച്ചോ കൃത്യമായി അവർ പറഞ്ഞില്ല. ‘അത് 30ൽ കൂടുതലായിരിക്കും. പ്രസിഡന്റ് ട്രംപ് അതിനായി രാജ്യങ്ങളെ വിലയിരുത്തുന്നത് തുടരുകയാണെന്നും’ നോയം പറഞ്ഞു.
12 രാജ്യങ്ങളിലെ പൗരന്മാരെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാരെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു പ്രഖ്യാപനത്തിൽ ട്രംപ് ജൂണിൽ ഒപ്പുവെച്ചിരുന്നു. ‘വിദേശ തീവ്രവാദികളിൽ’ നിന്നും മറ്റ് സുരക്ഷാ ഭീഷണികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയെന്ന വാദമുയർത്തിയായിരുന്നു അത്. കുടിയേറ്റക്കാർക്കും കുടിയേറ്റക്കാരല്ലാത്തവർക്കും, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ, ബിസിനസ്സ് യാത്രക്കാർ എന്നിവർക്കും വിലക്കുകൾ ബാധകമാണ്.
‘അവർക്ക് സ്വന്തം നാട്ടിൽ സ്ഥിരതയുള്ള ഒരു സർക്കാർ ഇല്ലെങ്കിൽ, പ്രസ്തുത വ്യക്തികൾ ആരാണെന്ന് ഞങ്ങളോട് പറയാനും അവരെ പരിശോധിക്കാൻ ഞങ്ങളെ സഹായിക്കാനും കഴിയുന്ന ഒരു രാജ്യമില്ലെങ്കിൽ ആ രാജ്യത്തിലെ ആളുകളെ അമേരിക്കയിലേക്ക് വരാൻ ഞങ്ങൾ എന്തിന് അനുവദിക്കണം? - നോയം ചോദിച്ചു.
കഴിഞ്ഞയാഴ്ച വാഷിങ്ടൺ ഡി.സിയിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങളെ വെടിവച്ചതിനുശേഷം ട്രംപ് ഭരണകൂടം കുടിയേറ്റ നടപടികൾ കടുപ്പിച്ചിച്ചിരിക്കുയാണ്. 2021ലെ ഒരു പുനരധിവാസ പരിപാടിയുടെ ഭാഗമായി യു.എസിൽ പ്രവേശിച്ച ഒരു അഫ്ഗാൻ പൗരനാണ് വെടിവെപ്പ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിച്ചു. ഈ പദ്ധതിയുടെ കീഴിൽ ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ മതിയായ പരിശോധന നടത്തിയിട്ടില്ലെന്നും അവർ വാദിച്ചു.
വെടിവെപ്പിനു പിന്നാലെ എല്ലാ ‘മൂന്നാം ലോക രാജ്യങ്ങളിൽ’ നിന്നുമുള്ള കുടിയേറ്റം ശാശ്വതമായി നിർത്തുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ, ആരെയും പേരെടുത്ത് പറയുകയോ ‘മൂന്നാം ലോക രാജ്യങ്ങൾ’ ഏതൊക്കെയെന്ന് നിർവചിക്കുകയോ ചെയ്തില്ല. നേരത്തെ, തന്റെ മുൻഗാമിയായ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിൽ അംഗീകരിച്ച അഭയാർഥി കേസുകൾ വ്യാപകമായി പുനഃപരിശോധിക്കാൻ ട്രംപ് ഉത്തരവിട്ടതായും 19 രാജ്യങ്ങളിലെ പൗരന്മാർക്ക് ഗ്രീൻ കാർഡുകൾ നൽകിയതായും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ട്രംപ് കുടിയേറ്റ വിരുദ്ധ നടപടികൾക്ക് ആക്രമണാത്മകമായി പ്രധാന്യം നൽകി. പ്രധാന യു.എസ് നഗരങ്ങളിലേക്ക് ഫെഡറൽ ഏജന്റുമാരെ അയച്ചു. യു.എസ്-മെക്സിക്കോ അതിർത്തിയിലെ അഭയാർഥികളെ പിന്തിരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

