`എച്ച് 1ബി വിസ കമ്പനികൾ ബിസിനസ് മാതൃകയാക്കി'; തൊഴിൽ തട്ടിപ്പെന്ന് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ
text_fieldsവാഷിങ്ടൺ: എച്ച്-1ബി വിസ ബിസിനസ് മാതൃകയായി ഉപയോഗിച്ച് അമേരിക്കൻ പൗരന്മാരുടെ ജോലി വിദേശികൾക്ക് നൽകുന്നുവെന്ന ആരോപണവുമായി ട്രംപ് ഭരണകൂടം. മൈക്രോസോഫ്റ്റ്, അഡോബി ഉൾപ്പെടെയുള്ള എട്ട് പ്രമുഖ ഐ.ടി കമ്പനികളുടെ ഗ്രീന്‍കാർഡ് നടപടി മരവിപ്പിച്ച തീരുമാനത്തെ ന്യായീകരിച്ചാണ് യു.എസ് തൊഴിൽ വകുപ്പിലെ ഇൻസ്പെക്ടർ ജനറൽ ആന്തണി ഡി'എസ്പോസിറ്റോ രംഗത്തെത്തിയത്. അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കാനാണ് നടപടിയെന്നാണ് ഭരണകൂടത്തിന്റെ വാദം.
എക്സിൽ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന്റെ പ്രതികരണം. യോഗ്യതയുള്ള അമേരിക്കൻ പൗരന്മാരെ കണ്ടെത്തുന്നതുവരെ മാത്രമായിരിക്കണം വിദേശികളെ ജോലിയിൽ നിയമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സർവകലാശാലകളിൽനിന്ന് ബിരുദം നേടിയ നിരവധി പേർ ജോലി തേടുന്നുണ്ടെന്നും വിദഗ്ധ മേഖലകളിലെ ഒഴിവുകൾ നികത്താൻ അവരെ പരിഗണിക്കാമെന്നും അദ്ദേഹം അറിയിച്ചു.
`ഇതൊരു ബിസിനസ് മാതൃകയല്ല. എച്ച്-1ബി വിസയെ അവർ ബിസിനസ് മാതൃകയായി ഉപയോഗിക്കുകയാണ്. അത് തെറ്റാണ്. അമേരിക്കൻ തൊഴിലാളികളുടെ ജോലികൾ അവരിൽനിന്ന് തട്ടിയെടുക്കുകയാണ് ചെയ്യുന്നത്' ഡി'എസ്പോസിറ്റോ കൂട്ടിച്ചേർത്തു.
അതേസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിപുലമായ കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ ഭാഗമായാണ് വിസ നടപടികളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനൊപ്പം നിയമവിരുദ്ധ മാർഗങ്ങളിലൂടെ പൗരത്വം നേടാൻ ശ്രമിക്കുന്നവരെ തടയുന്നതിനും ഭരണകൂടം നടപടി ശക്തമാക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം.
`അമേരിക്കയുടെ മുൻവാതിൽ അദ്ദേഹം സുരക്ഷിതമാക്കി. ഇപ്പോൾ പിൻവാതിലും സുരക്ഷിതമാക്കാൻ ഞങ്ങൾ അദ്ദേഹത്തിനും വൈസ് പ്രസിഡന്റ് വാൻസിനുമൊപ്പം പ്രവർത്തിക്കുകയാണ്'.
വിദഗ്ധ തൊഴിലാളികളെ കണ്ടെത്താൻ വിദേശ റിക്രൂട്ട്മെന്റ് നടത്തുന്ന കമ്പനികൾക്ക് പുതിയ ഗ്രീന്‍കാർഡ് നടപടി വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. തീരുമാനം അമേരിക്കൻ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കാനാണെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ, വിദേശ പ്രഫഷനലുകൾ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രധാനമാണെന്നാണ് കമ്പനികളുടെ നിലപാട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

