എച്ച്1ബി വിസ പരിഷ്കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം
text_fieldsവാഷിങ്ടണ്‍: ലക്ഷം ഡോളറായി തുക ഉയർത്തി ഞെട്ടിച്ചതിന് പിറകെ, എച്ച്1ബി വിസ പദ്ധതിയിൽ വൻപരിഷ്കാരം പ്രഖ്യാപിച്ച് യു.എസ്. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് ആലോചിക്കുന്നത്. കൂടുതൽ വൈദഗ്ധ്യവും പരിചയസമ്പന്നരുമായവർക്ക് മുൻഗണന നൽകുന്ന രീതിയാണ് നടപ്പാക്കുക. അതിവിദഗ്ധരെ നാലു തവണ വിസക്കായി പരിഗണിക്കും. അല്ലാത്തവരെ ഒറ്റ തവണ മാത്രം പരിഗണിക്കുന്ന രീതിയിലാകും പുതിയ പരിഷ്കാരം.
ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷരെയും തുല്യമായി പരിഗണിക്കുന്നെന്നാണ് സർക്കാർ നിരീക്ഷണം. ‘വെയ്റ്റഡ് സിലക്ഷൻ’ രീതിയുടെ ഭാഗമായി പുതിയ ശമ്പള വിഭാഗങ്ങൾ സൃഷ്ടിക്കും. ഏറ്റവും ഉയർന്ന ശമ്പളമുള്ളവരെ നാലു തവണ വിസക്കായി പരിഗണിക്കും.
കുറഞ്ഞ വേതനമുള്ളവരെ ഒരു തവണയാകും പരിഗണിക്കുക. യു.എസ് സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്ക് അടക്കം പരിഷ്കാരം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
യു.എസിന്റെ എച്ച്1ബി വിസ പരിഷ്കരണത്തിനു പിന്നാലെ, ആഗോള പ്രതിഭകളെ ആകർഷിക്കാൻ യു.കെ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കെ വിസയുമായാണ് ചൈന രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് പദ്ധതി പരിഷ്കരിക്കാൻ യു.എസ് ഭരണകൂടം ആലോചിക്കുന്നത്.
വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്1ബി വിസ. വിവരസാങ്കേതികവിദ്യ, എൻജിനീയറിങ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. മൂന്ന് വർഷത്തെ കാലാവധിയാണ് എച്ച്1ബി വിസക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ കിട്ടുന്നത് ഇന്ത്യക്കാർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

