അറ്റ്ലാന്റിക്കിന് ട്രംപ് ഓഷ്യനെന്ന് പേരിടണമെന്ന ആവശ്യം സുന്ദർ പിച്ചൈ നിരസിച്ചതിനു പിന്നിൽ: പുതിയ അവകാശവാദവുമായി ട്രംപ്
text_fieldsവാഷിങ്ടൺ: അറ്റ്ലാന്റിക് സമുദ്രത്തിന്റെ പേര് ഗൂഗ്ൾ മാപ്പിൽ ട്രംപ് ഓഷ്യൻ എന്നാക്കാനുള്ള തന്റെ ആവശ്യം നിരസിക്കപ്പെട്ടതിന്റെ കാരണം പറഞ്ഞ് ഡോണൾഡ് ട്രംപ്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് ബുധനാഴ്ച സൗത്ത് കരോലിനയിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ സമുദ്രങ്ങളിലൊന്നായ അറ്റ്ലാന്റിക് സമുദ്രത്തിന് തന്റെ പേര് നല്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പിച്ചൈ ഈ ആശയം നിരസിക്കുകയാണുണ്ടായതെന്നും ട്രംപ് പറഞ്ഞു. സമുദ്രം വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതിനാൽ തന്റെ അഭ്യർഥന സ്വീകരിക്കാൻ കഴിയില്ലെന്നാണ് ഗൂഗ്ൾ വ്യക്തമാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു.
തന്റെ ഈ നിർദ്ദേശം ഒരു തമാശ മാത്രമായിരുന്നുവെന്നും, താൻ മുന്നോട്ടുവെച്ച ഏറ്റവും മോശം ആശയങ്ങളിൽ ഒന്നായിരുന്നില്ല ഇതെന്നും ട്രംപ് പിന്നീട് പറഞ്ഞു. പ്രധാനപ്പെട്ട ഭൂമിശാസ്ത്രപരമായ സ്ഥലങ്ങൾക്ക് യു.എസിന്റെയോ സ്വന്തം പേരോ നൽകണമെന്ന ആശയം ട്രംപ് നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതിനുശേഷമാണ് ഈ പരാമർശങ്ങൾ വരുന്നത്.
പേര് മാറ്റാനുള്ള ട്രംപിന്റെ മുൻ ശ്രമങ്ങൾ
2025ൽ ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് 'ഗൾഫ് ഓഫ് അമേരിക്ക' എന്ന് മാറ്റാൻ ട്രംപ് നീക്കം നടത്തിയിരുന്നു. ഇത് മെക്സിക്കോയുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കുകയും, റിപ്പോർട്ടിങ്ങിൽ ഉപയോഗിച്ച പദപ്രയോഗങ്ങളെച്ചൊല്ലി അസോസിയേറ്റഡ് പ്രസ്സുമായി തർക്കത്തിന് കാരണമാവുകയും ചെയ്തു.
2026 ആഗസ്റ്റിൽ, വ്യാപാരത്തെയും താരിഫുകളെയും ചൊല്ലി കനേഡിയൻ നേതാക്കളുമായി നിലനിന്നിരുന്ന തർക്കങ്ങൾക്കിടയിൽ, അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഓന്റാറിയോ തടാകത്തിന്റെ പേര് 'ലേക് അമേരിക്ക' എന്ന് ട്രംപ് മാറ്റിയിരുന്നു.
ട്രംപിന്റെ ഈ നീക്കങ്ങളെത്തുടർന്ന്, യു.എസിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ മാപ്സ് ഉൾപ്പെടെയുള്ള സ്വകാര്യ മാപ്പിങ് പ്ലാറ്റ്ഫോമുകൾ പുതുക്കിയ പേരുകൾ പൊതുവെ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഈ മാറ്റങ്ങൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടില്ല.

