ഇനി നാലാണ്ട് അമേരിക്കയിൽ ട്രംപ് 2.0 യുഗം; ഇനി എന്തെന്നതിന്റെ പ്രവചനാതീത കാലം
text_fieldsന്യൂയോർക്: ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതോടെ ഇനി നാലാണ്ട് അമേരിക്ക ട്രംപ് 2.0 യുഗത്തിന് സാക്ഷ്യം വഹിക്കും. ലോകത്തിനിത് ഇനി എന്തെന്നതിന്റെ പ്രവചനാതീത കാലം കൂടിയാണ്. അമേരിക്കൻ ചരിത്രത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തി, വ്യവസായി, റിയൽ എസ്റ്റേറ്റ് വ്യാപാരി, റിയാലിറ്റി ടി.വി താരം, കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടശേഷവും പ്രസിഡന്റ് കസേരക്ക് ഇളക്കം തട്ടാത്തയാൾ... വിശേഷണങ്ങൾ ഏറെയാണ് ട്രംപിന്. അമേരിക്കയുടെ 47ാമത് പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം 2024ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അതിജീവിച്ചത് രണ്ട് വധശ്രമങ്ങൾ. വൈറ്റ് ഹൗസിലെ ആദ്യത്തെ വനിതാ പ്രസിഡൻറാകാൻ കച്ചകെട്ടിയിറങ്ങിയ കമലാ ഹാരിസിനെ മുട്ടുകുത്തിച്ചാണ് 78 കാരനായ ട്രംപിനെ അമേരിക്കൻ വോട്ടർമാർ രണ്ടാംതവണ പിന്തുണച്ചത്. 2016ലെ തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിൻറനെതിരെയായിരുന്നു വിജയം.
ന്യൂയോർക്കിലെ ക്വീൻസിൽ 1946 ജൂൺ 14ന് മേരിയുടെയും ഫ്രെഡ് ട്രംപിന്റെയും അഞ്ച് മക്കളിൽ നാലാമനായാണ് ജനനം. 1968ൽ പെൻസൽവേനിയ സർവകലാശാലയിലെ വാർട്ടൺ സ്കൂൾ ഓഫ് ഫിനാൻസ് ആൻഡ് കൊമേഴ്സിൽ നിന്ന് ധനകാര്യ ബിരുദം നേടി. 1971ൽ പിതാവിന്റെ കമ്പനി ഏറ്റെടുത്ത് ‘ട്രംപ് ഓർഗനൈസേഷൻ’ എന്ന് പുനർനാമകരണം ചെയ്തു. താമസിയാതെ ഹോട്ടലുകൾ, റിസോർട്ടുകൾ, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ കെട്ടിടങ്ങൾ, കാസിനോകൾ, ഗോൾഫ് കോഴ്സുകൾ തുടങ്ങി പല പദ്ധതികളായി വികസിച്ചു.
2004ൽ ‘ദ അപ്രൻറിസ്’ ചിത്രത്തിലൂടെ റിയാലിറ്റി ടി.വിയിലും ട്രംപ് ഇടംപിടിച്ചു. ചെക്ക് അത്ലറ്റും മോഡലുമായ ഇവാന സെൽനിക്കോവയാണ് ആദ്യ ഭാര്യ, 1990ൽ വിവാഹമോചനം നേടി. ഇതിൽ മൂന്ന് മക്കളുണ്ട് -ഡോണൾഡ് ജൂനിയർ, ഇവാങ്ക, എറിക്.1993ൽ മാർല മാപ്പിൾസിനെ വിവാഹം കഴിച്ചു. അവർക്ക് ടിഫാനി എന്ന മകളുണ്ട്. 1999ൽ വിവാഹമോചനം. 2005ലാണ് നിലവിലെ ഭാര്യ മെലാനിയയെ വിവാഹം കഴിച്ചത്. മുൻ സ്ലോവേനിയൻ മോഡലാണ് ഇവർ. ഒരു മകനുണ്ട്. ബാരൺ വില്യം ട്രംപ്.
സമ്പദ്വ്യവസ്ഥ, അനധികൃത കുടിയേറ്റം, പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും യുദ്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇവ പരിഹരിക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തിയായി അമേരിക്കക്കാർ അദ്ദേഹത്തെ കണ്ടു. അമേരിക്കയിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുകയാണ് ആദ്യ ലക്ഷ്യം. ഇന്നുമുതൽ ഷികാഗോയിൽ ‘ഉദ്ഘാടനാനന്തര’ ഇമിഗ്രേഷൻ റെയ്ഡുകൾ തുടങ്ങാൻ ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. താൻ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ പണപ്പെരുപ്പം പൂർണമായും ഇല്ലാതാക്കുമെന്ന് ട്രംപ് നേരത്തെ പ്രതിജ്ഞയെടുത്തിരുന്നു.
സ്ഥാനാർഥിത്വത്തെ അഭിനന്ദിക്കാൻ യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി എത്തിയപ്പോൾ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ശപഥം ചെയ്തിരുന്നു. ട്രംപിന്റെ രണ്ടാംവരവിൽ അമേരിക്ക ആഭ്യന്തര പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് മാത്രമല്ല, ലോകത്ത് അതിന്റെ സ്ഥാനം നിർണയിക്കുന്നത് എങ്ങനെയെന്ന് ലോകം ഉറ്റുനോക്കുകയാണ്. അതിനായി ഒരുങ്ങുകയും ചെയ്യുന്നു.
ട്രംപിന്റെ എമിഗ്രേഷൻ നയം: ആശങ്കയിൽ ആയിരങ്ങൾ
വാഷിങ്ടൺ: ഡോണൾഡ് ട്രംപ് അമേരിക്കയുടെ വിദേശപൗരൻമാരോടുള്ള പൊതുസമീപനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അഭ്യൂഹം. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് അഭയം നൽകുന്നത് അവസാനിപ്പിക്കൽ, ദക്ഷിണ അതിർത്തിയിലേക്ക് പട്ടാളക്കാരെ അയക്കൽ, യു.എസിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം നൽകുന്നത് നിർത്തൽ തുടങ്ങിയ നയങ്ങളായിരിക്കും ട്രംപ് സ്വീകരിക്കുകയെന്ന് പുതിയ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥ സംവിധാനത്തിൽ വരുന്ന ഒരാളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. എങ്ങനെയാകും ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവുകൾ നൽകുക എന്നതിൽ വ്യക്തതയില്ല. ഇതിൽ പലതും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ട്രംപിന്റെ ഉത്തരവുകളും നയങ്ങളും എന്താകുമെന്ന കാര്യത്തിൽ ആ രാജ്യത്തെ വിദേശികൾ ആശങ്കയിലാണ്.
ട്രംപിന്റെ തീരുമാനം അപമാനം -മാർപാപ്പ
റോം: അധികാരമേറ്റയുടൻ കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഉത്തരവിൽ ഒപ്പുവെക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ കടുത്തഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ട്രംപിന്റെ തീരുമാനം അപമാനമാണെന്ന് ഞായറാഴ്ച രാത്രി ഒരു ടി.വി അഭിമുഖത്തിനിടെ മാർപാപ്പ തുറന്നടിച്ചു. ഈ തീരുമാനം കാരണം, നയാപൈസയില്ലാതെ ഒരുപാട് പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന പാവങ്ങളെ കൂടുതൽ ദരിദ്രനാക്കും. ഇതുകൊണ്ട് ഒരു നേട്ടവുമില്ല. ഇതല്ല പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴി. കാര്യങ്ങൾ പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും മാർപാപ്പ പറഞ്ഞു.
ഇതാദ്യമായല്ല, ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളെ മാർപാപ്പ വിമർശിക്കുന്നത്. 2016ൽ ട്രംപ് ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കുടിയേറ്റം തടയാൻ യു.എസിന്റെ മെക്സിക്കൻ അതിർത്തിയിൽ കൂറ്റൻ മതിൽ പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാരെ തടയാൻ മതിൽ കെട്ടുന്നവർ ക്രൈസ്തവരല്ലെന്നായിരുന്നു അന്ന് മാർപാപ്പയുടെ പ്രതികരണം.
അതേസമയം, പ്രസിഡന്റായി അധികാരമേൽക്കുന്ന ട്രംപിനെ അഭിനന്ദിച്ച് തിങ്കളാഴ്ച മാർപാപ്പ ഔദ്യോഗിക ടെലിഗ്രാം സന്ദേശമയച്ചു. എല്ലാവരെയും സ്വീകരിക്കുന്ന അവസരങ്ങളുടെ നാടായി അമേരിക്ക നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. നിങ്ങളുടെ നേതൃത്വത്തിൽ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും വിദ്വേഷത്തിനും വിവേചനത്തിനും മാറ്റിനിർത്തലിനും ഇടമില്ലാത്ത സമൂഹമായി വളരുമെന്നുമാണ് പ്രതീക്ഷയെന്നും മാർപാപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

