Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസഹാറ മരുഭൂമിയിൽ...

സഹാറ മരുഭൂമിയിൽ ട്രക്ക് കേടായി: കുടിവെളളം കിട്ടാതെ ദാഹിച്ച് മരിച്ചത് 49 പേർ

text_fields
bookmark_border
സഹാറ മരുഭൂമിയിൽ ട്രക്ക് കേടായി: കുടിവെളളം കിട്ടാതെ ദാഹിച്ച് മരിച്ചത് 49 പേർ
cancel

നിയാമി (നൈജർ): വടക്കൻ നൈജറിലെ സഹാറ മരുഭൂമിയിലെ കടുത്ത ചൂടിൽ കുടിവെള്ളം കിട്ടാതെ ദാഹിച്ച് മരിച്ചത് 49 പേർ. ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് മരുഭൂമിയിൽ വെച്ച് വഴിതെറ്റുകയും തുടർന്ന് തകരാറിലാവുകയും ചെയ്തു. മാലിയിൽ നിന്നും ബക്രീദ് (ഈദുൽ അദ്ഹ) ആഘോഷങ്ങൾക്കായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരണപ്പെട്ടത്.

മാലിയുടെയും അൾജീരിയയുടെയും അതിർത്തിയോട് ചേർന്നുള്ള, ജനവാസമില്ലാത്ത അതീവ അപകടകരമായ മരുഭൂമി പ്രദേശത്തു വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന വലിയ ട്രക്ക് കേടായത്. വാഹനം നന്നാക്കാൻ ഡ്രൈവർക്കോ മറ്റ് സഹായികൾക്കോ സാധിച്ചില്ല. കടുത്ത വേനൽച്ചൂടിൽ, വിജനമായ മരുഭൂമിക്ക് നടുവിൽ കുടിവെള്ളവും ഭക്ഷണവും തീർന്നതോടെ യാത്രക്കാർ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ട്രക്കിലുണ്ടായിരുന്ന യാത്രക്കാരിൽ രണ്ടുപേർ മരുഭൂമിയിലൂടെ സാഹസികമായി 50 കിലോമീറ്ററിലധികം നടന്ന് ഒടുവിൽ അതിർത്തി നഗരമായ അസമകയിൽ എത്തിച്ചേരുകയായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോകം ഈ വൻ ദുരന്തത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് അഗാഡെസ് റീജിയണൽ ഗവർണറുടെ നിർദ്ദേശപ്രകാരം സൈന്യവും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു.

രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് എത്തിയപ്പോൾ ലോറിയുടെ അടിയിലും പരിസരത്തുമായി ജീവനറ്റ നിലയിലാണ് 49പേരെയും കണ്ടെത്തിയത്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നതിനാൽ, സൈന്യത്തിന്റെ നേതൃത്വത്തിൽ മരുഭൂമിയിൽ തന്നെ കൂട്ടക്കുഴിമാടങ്ങൾ തയ്യാറാക്കി എല്ലാവരെയും അവിടെത്തന്നെ അടക്കം ചെയ്തു.

ഈ അപകടസ്ഥലത്തു നിന്നും മടങ്ങുകയായിരുന്ന രക്ഷാപ്രവർത്തകർ യാദൃശ്ചികമായി മരുഭൂമിയിൽ കുടുങ്ങിക്കിടന്ന മറ്റൊരു ലോറി കൂടി കണ്ടെത്തുകയുണ്ടായി. ബാറ്ററി തകരാറിനെത്തുടർന്ന് മൂന്ന് ദിവസമായി 60-ലധികം യാത്രക്കാരുമായി കിടക്കുകയായിരുന്നു ഈ വാഹനം. നിർജ്ജലീകരണം മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവർക്ക് സൈന്യം ഉടൻ തന്നെ വെള്ളവും പ്രഥമശുശ്രൂഷയും നൽകി. തുടർന്ന് വാഹനം നന്നാക്കി ഇവരെ സുരക്ഷിതമായി യാത്ര തുടരാൻ സഹായിച്ചതിനാൽ മറ്റൊരു വലിയ ദുരന്തം കൂടിയാണ് ഒഴിവായത്.

നൈജറിലെ അഗാഡെസ് പ്രവിശ്യ പടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രധാനപ്പെട്ടതും എന്നാൽ അങ്ങേയറ്റം അപകടം നിറഞ്ഞതുമായ ഒരു യാത്രാപാതയാണ്. നൈജറിൽ നിന്നുള്ള നിരവധി യുവാക്കൾ ഉപജീവനത്തിനായി മാലിയിലെയും മറ്റ് അയൽരാജ്യങ്ങളിലെയും സ്വർണ്ണഖനികളിലേക്കും മറ്റും ജോലിക്ക് പോകാറുണ്ട്. കടുത്ത ചൂടും സുരക്ഷാപ്രശ്നങ്ങളും വകവെക്കാതെ, ഇത്തരം വലിയ ട്രക്കുകളിലാണ് ഇവർ നിയമവിരുദ്ധമായും അല്ലാതെയും മരുഭൂമി കുറുകെ കടക്കുന്നത്. കൃത്യമായ സുരക്ഷാ സംവിധാനങ്ങളോ ആശയവിനിമയ മാർഗ്ഗങ്ങളോ ഇല്ലാത്ത ഇത്തരം യാത്രകൾ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് കലാശിക്കാറുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking watertrucksahara desertDeathsBreaks Down
News Summary - Truck breaks down in Sahara Desert: 49 die of thirst without drinking water
Next Story