കിണറുനിറയെ പാമ്പുകളും കൊതുകും; ജീവൻ കയ്യിൽ പിടിച്ച് യുവതി ഭിത്തിയിൽ തൂങ്ങിക്കിടന്നത് 54 മണിക്കൂർ
text_fieldsക്വാൻഷോ (ചൈന): പാമ്പുകൾ നിറഞ്ഞ കിണറിൽ കാൽതെറ്റി വീണ യുവതി ജീവൻ രക്ഷിക്കാൻ ഭിത്തിയിൽ തൂങ്ങിക്കിടന്നത് 54 മണിക്കൂർ. ഒടുവിൽ സുരക്ഷിതയായി പുറത്ത്. ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിലുള്ള ക്വാൻഷോയിലാണ് സംഭവമെന്ന് സൗത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 13ന് വീടിനടുത്തുള്ള മരങ്ങൾക്കിടയിലൂടെ നടക്കുന്നതിനിടെയാണ് ക്വാൻഷോ സ്വദേശിനിയായ ക്വിൻ കാൽ തെന്നി കിണറ്റിൽ വീണത്. തെരച്ചിലിന് ഒടുവിൽ പിറ്റേദിവസം യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന്, സെപ്റ്റംബർ 15ന് അധികൃതരുടെ നേതൃത്വത്തിൽ തെർമൽ ഇമേജിംഗ് സാങ്കേതിക വിദ്യയടക്കം ഉപയോഗിച്ച് നടന്ന തെരച്ചിലിലാണ് യുവതിയെ കിണറിന്റെ ഭിത്തിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭിത്തിയിലെ കല്ലിൽ തൂങ്ങിപ്പിടിച്ച് നിൽക്കുകയായിരുന്നതുകൊണ്ടുതന്നെ പുറത്തെടുക്കുമ്പോൾ യുവതി ക്ഷീണിതയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
കൊതുകും പാമ്പുകളും നിറഞ്ഞ കിണറിൽ നിന്ന് യുവതി രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് അധികൃതർ വ്യക്തമാക്കി.
‘മണിക്കൂറുകൾ പിന്നിടുന്നതിനിടെ ഞാൻ നിരാശയിൽ തകർന്നു പോയിരുന്നു. കറുത്തിരുണ്ട് കിടന്ന കിണറിൽ കൊതുകുകൾ നിറഞ്ഞിരുന്നു, സമീപത്ത് വെള്ളത്തിൽ പാമ്പുകൾ നീന്തുന്നത് കാണാമായിരുന്നു. കൊതുകുകടിയേറ്റ് മടുത്തപ്പോൾ ഒരു കൈ കൊണ്ട് ചൊറിയാൻ ശ്രമിക്കുന്നതിനിടെ ഒരു പാമ്പ് എന്റെ കയ്യിൽ കടിച്ചു. ഭാഗ്യവശാൽ, അതിന് വിഷമില്ലായിരുന്നു. ഭിത്തിയിൽ തൂങ്ങിക്കിടക്കുന്നതിനിടെ കൈ കഴച്ച് പിടിവിടാൻ തോന്നിയ നിരവധി സന്ദർഭങ്ങളുണ്ട്. പക്ഷേ, അപ്പോഴൊക്കെ 70 വയസ്സുള്ള എന്റെ അമ്മയെയും 80 വയസ്സുള്ള എന്റെ അച്ഛനെയും കോളേജ് പഠനം ആരംഭിച്ച മകളെയും ഓർമ വന്നു. അവരെ എങ്ങവെ വിട്ടുപോകാൻ കഴിയും,’-ക്വിൻ പറഞ്ഞു.
അപകടത്തിൽ കിന് രണ്ട് വാരിയെല്ലുകൾക്ക് പൊട്ടലുണ്ടായിട്ടുണ്ട്. യുവതിയുടെ ഒരു ശ്വാസകോശത്തിനും പരിക്കുണ്ട്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

