Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പെയിനിൽ ട്രെയിൻ ദുരന്തം; 69 പേർ മരിച്ച സംഭവത്തിൽ ഗതാഗതമന്ത്രി രാജിവെച്ചു

text_fields
bookmark_border
സ്പെയിനിൽ ട്രെയിൻ ദുരന്തം; 69 പേർ മരിച്ച സംഭവത്തിൽ ഗതാഗതമന്ത്രി രാജിവെച്ചു
cancel

മാഡ്രിഡ്: സ്പെയിനിലുണ്ടായ വൻ ട്രെയിൻ അപകടത്തിൽ 69 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ ഗതാഗതമന്ത്രി ഓസ്കാർ പ്യൂന്റെ രാജിവെച്ചു. അപകടം നടന്ന് ആറുദിവസത്തിന് ശേഷമാണ് മന്ത്രിയുടെ രാജി. ഒരു വർഷത്തിനിടെ രണ്ട് വലിയ ട്രെയിൻ ദുരന്തങ്ങൾ ഉണ്ടായതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബർ 28ന് മാഡ്രിഡിന് തെക്കുള്ള ഉർദ നഗരത്തിന് സമീപമായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ഇറ്യോ കമ്പനിയുടെ അതിവേഗ ട്രെയിനിന് പിന്നിൽ സംസ്ഥാന ഉടമസ്ഥതയിലുള്ള റെൻഫെ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ നിരവധി കോച്ചുകൾ പാളം തെറ്റുകയും ചിലത് താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു. രക്ഷാപ്രവർത്തകർക്ക് കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുക്കാൻ വലിയ ക്രെയിനുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കേണ്ടിവന്നു.

കഴിഞ്ഞ വർഷം ഇതേ റെയിൽപാതയിലുണ്ടായ അപകടത്തിൽ 46 പേർ മരിച്ചിരുന്നു.ഒരു വർഷത്തിനിടെ ഗുരുതരമായ രണ്ട് ട്രെയിൻ അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഗതാഗതമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് ഓസ്കാർ പ്യൂന്റെ പാർലമെന്റിൽ പറഞ്ഞു. ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന ദീർഘമായ ചർച്ചകൾക്കൊടുവിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഗതാഗതമന്ത്രി സ്ഥാനത്തുനിന്ന് പിന്മാറുന്നതിനൊപ്പം നേരത്തെയുള്ള നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിപ്പട്ടികയിൽനിന്നും പേര് പിൻവലിക്കുകയാണെന്നും അറിയിച്ചു.

പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പീപ്പിൾസ് പാർട്ടിയും (പിപി), തീവ്ര വലതുപക്ഷ പാർട്ടിയായ വോക്സും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. സർക്കാരിനെ പിന്തുണക്കുന്ന ചില സഖ്യകക്ഷികളും ആവശ്യം ഉന്നയിച്ചു. രാജ്യത്തെ അതിവേഗ റെയിൽവേ സംവിധാനത്തിന്റെ സുരക്ഷയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ മന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്.

അപകടത്തിന് പിന്നിലെ കാരണങ്ങൾ സംബന്ധിച്ച് പുറത്തുവന്ന ഓഡിയോ റെക്കോർഡിങ്ങുകൾ നിർണായകമായിട്ടുണ്ട്. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്ന് ട്രെയിനുകൾ നിർത്തിയിടേണ്ടിവന്നതായാണ് പ്രാഥമിക വിവരം. എന്നാൽ മുന്നിൽ മറ്റൊരു ട്രെയിൻ നിർത്തിയിട്ടിരിക്കുമ്പോഴും റെൻഫെ ട്രെയിനിന് മുന്നോട്ടുപോകാൻ അനുമതി നൽകിയതായി പുറത്തുവന്ന സംഭാഷണങ്ങളിൽനിന്ന് സൂചന ലഭിക്കുന്നു.

അപകടസമയത്ത് റെൻഫെ ട്രെയിനിൽ 397 യാത്രക്കാരും ഇറ്യോ ട്രെയിനിൽ 147 യാത്രക്കാരുമുണ്ടായിരുന്നു. ഇറ്യോ ട്രെയിൻ നിർത്തിയിട്ടിരിക്കുമ്പോഴും അതിലെ ലോക്കോ പൈലറ്റ് നിയന്ത്രണ കേന്ദ്രത്തെ അറിയിച്ചിരുന്നതായും ഓഡിയോ സംഭാഷണങ്ങൾ വ്യക്തമാക്കുന്നു. ട്രെയിനിന്റെ സുരക്ഷാ സംവിധാനം നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് മുന്നോട്ടുപോകാൻ സാധിക്കാത്തതെന്നും പൈലറ്റ് അറിയിച്ചിരുന്നു.

നവംബർ 29ന് സ്പെയിനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിയുടെ രാജി. അപകടം സോഷ്യലിസ്റ്റ് സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രാജി രാഷ്ട്രീയമായ അന്തസ്സിന്റെ പേരിലാണെന്ന് പ്യൂന്റെ വ്യക്തമാക്കി. ഇരകളോടുള്ള ആദരവിന്റെ പേരിൽ അദ്ദേഹം സ്വയം സ്ഥാനമൊഴിഞ്ഞതാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Train disaster in Spain; Transport Minister resigns following the incident where 69 people died
Next Story