ബലൂചിസ്താനിലെ ട്രെയിൻ ആക്രമണം; ഭീതിയുടെ പാളത്തിൽ...
text_fieldsബലൂചിസ്ഥാൻ പ്രവിശ്യയിലെ റെയിൽവേ സ്റ്റേഷനിൽ സുരക്ഷയൊരുക്കാനായി സൈനികൻ കാവൽ നിൽക്കുന്നു
ഇസ്ലാമാബാദ്: ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത രംഗങ്ങളാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) തട്ടികൊണ്ടുപോയ ജാഫർ എക്സപ്രസിലുണ്ടായതെന്ന് യാത്രക്കാരുടെ അനുഭവ സാക്ഷ്യം. സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ വിട്ടയക്കുകയാണെന്ന് ഭീകരർ പറഞ്ഞതായി ചില യാത്രക്കാർ പറഞ്ഞു. വലിയ സ്ഫോടനത്തോടെയാണ് ആക്രമണം തുടങ്ങിയതെന്ന് ട്രെയിനിൽനിന്ന് സൈന്യം രക്ഷപ്പെടുത്തിയ മുഷ്താഖ് മുഹമ്മദ് ഓർക്കുന്നു.
തുടർന്ന് ഒരു മണിക്കൂറോളം വെടിവെപ്പായിരുന്നു. മൂന്നാം നമ്പർ കോച്ചിലായിരുന്നു മുഷ്താഖ്. ഒരു മണിക്കൂറോളം നീണ്ട വെടിവെപ്പ് സമയത്ത് എന്തു സംഭവിക്കുമെന്ന് അറിയാതെ ശ്വാസമടക്കി പിടിച്ചിരിക്കുകയായിരുന്നു. വെടിവെപ്പ് നിലച്ച ശേഷം ആയുധധാരികൾ ബോഗികളിൽ പ്രവേശിക്കുകയായിരുന്നു. ചില യാത്രക്കാരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷം അവരെ മാറ്റി നിർത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ പ്രത്യേകമായി നിരീക്ഷിക്കണമെന്നും ഭീകരരുടെ നേതാവ് ആവർത്തിച്ച് പറഞ്ഞിരുന്നതായി മുഷ്താഖ് പറഞ്ഞു.
ഏകദേശം 1100 ആക്രമികളുണ്ടായിരുന്നതായി മുഹമ്മദ് അഷ്റഫ് എന്ന യാത്രക്കാരൻ പറഞ്ഞു. ബലൂചിസ്താനിലെ തുർബത്ത് നിവാസിയാണെന്നും കൂടെ കുട്ടികളും സ്ത്രീകളുമുണ്ടെന്നും പറഞ്ഞപ്പോൾ പോകാൻ അനുവദിച്ചതായും അഷ്റഫ് പറഞ്ഞു. ഏഴാം നമ്പർ കോച്ചിലുണ്ടായിരുന്ന ഇഷാഖ് നൂർ ഭാര്യയോടും രണ്ടു കുട്ടികളോടും ഒപ്പം ക്വറ്റയിൽനിന്ന് റാവൽപിണ്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ശക്തമായ സ്ഫോടനമായിരുന്നെന്ന് നൂർ പറഞ്ഞു. ജനാലകളും വാതിലുകളും കുലുങ്ങി. സമീപത്തുണ്ടായിരുന്ന കുട്ടി താഴെ വീണതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്റർനെറ്റ് സൗകര്യമടക്കം സംവിധാനങ്ങളില്ലാത്തിനാൽ പാക്കിസ്താൻ റെയിൽവേ അധികൃതർക്കു പോലും വിവരങ്ങൾ കൃത്യമായി നൽകാനാകുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരർ ട്രെയിൻ തടഞ്ഞ പ്രദേശം അങ്ങേയറ്റം ഒറ്റപ്പെട്ടതാണ്.
സംഭവം നടന്ന പ്രദേശം ക്വറ്റയിൽനിന്ന് 150 കിലോമീറ്ററിലധികം അകലെയാണ്. ഉറ്റവരുടെ വിവരങ്ങൾ തേടി ക്വറ്റയടക്കമുള്ള റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർക്കും കൃത്യമായ വിവരം ലഭിക്കുന്നില്ല. ജാഫർ എക്സ്പ്രസിന്റെ അവസാന സ്റ്റോപ്പുകളിലൊന്നായ പെഷാവർ കന്റോൺമെന്റ് സ്റ്റേഷനിലും ഇതേ അവസ്ഥയായിരുന്നു. ആക്രമണത്തെ തുടർന്ന് ബലൂചിസ്താനിലേക്കുള്ള റെയിൽ ഗതാഗതം പലയിടത്തും നിർത്തിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

