സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; 64 മരണം, നിരവധി പേർക്ക് പരിക്ക്
text_fieldsമാഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം
മഡ്രിഡ്: സ്പെയിനിന്റെ തലസ്ഥാനമായ മഡ്രിഡിൽ രണ്ട് അതിവേഗ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 64 പേർ മരിച്ചു. മഡ്രിഡിന് തെക്കുഭാഗത്തെ ടൊലെഡോ പ്രവിശ്യയിലാണ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചത്. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.
മോറ, ഓര്‍ഗാസ് പട്ടണങ്ങള്‍ക്ക് സമീപം ബുധനാഴ്ച പ്രാദേശിക സമയം രാവിലെ ഒമ്പതോടെയാണ് അപകടം. രണ്ട് ട്രെയിനിലുമായി 550ഓളം യാത്രക്കാരുണ്ടായിരുന്നു. മരണസംഖ്യ 46 ആയി ഉയർന്നിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
മാഡ്രിഡ്-സെവില്ലെ റൂട്ടില്‍ സര്‍വീസ് നടത്തുന്ന റെന്‍ഫെ ട്രെയിനും ഇറിയോ അതിവേഗ ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇറിയോ അതിവേഗ ട്രെയിനിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തെ തുടർന്ന് മാഡ്രിഡ്, സിവാദദ് റിയാൽ, അൻഡലൂഷ്യ എന്നീ നഗരങ്ങളിലേക്കുള്ള റെയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. അപകടസ്ഥലത്ത്നിന്ന് ട്രാക്കിന് സമീപം അവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്നതും ചില ബോഗികൾ പൂർണമായി പാളംതെറ്റിയ നിലയിലുള്ളതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഗതാഗത മന്ത്രിയുമായും കാസ്റ്റില-ലാ മഞ്ചയിചെ പ്രസിഡന്റുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി, അടിയന്തര സേവന വിഭാഗങ്ങള്‍ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം അടിയന്തരമായി പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതേ ലൈനില്‍ തന്നെ കഴിഞ്ഞ ജനുവരിയിലും ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. 46 പേരായിരുന്നു ആ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നത്.

