തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ
text_fieldsബാങ്കോക്ക്: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ തായ്‍ലന്റിലേക്ക് വിമാനം കയറണമെങ്കിൽ ഇനിമുതൽ ആരോഗ്യ ഇൻഷുറൻസും നിർബന്ധമാക്കിയേക്കും. രാജ്യത്തേക്ക് പ്രവേശിക്കുന്ന വിദേശ സന്ദർശകർക്ക് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നീക്കം. കൂടാതെ വിദേശികൾക്ക് ചികിത്സ ലഭ്യമാക്കുന്നതോടെ ആശുപത്രികൾക്ക് വരുന്ന വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും തായ്‍ലന്റ് ലക്ഷ്യമിടുന്നു.
വിനോദസഞ്ചാരികൾ, തൊഴിലാളികൾ, ഹ്രസ്വകാല അതിർത്തി കടന്നുള്ള സന്ദർശകർ എന്നിവരുൾപ്പെടെ തായ്‍ലന്റിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കണോയെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിദേശികൾക്ക് ചികിത്സ നൽകുന്ന ഇനത്തിൽ തായ്‍ലന്റിലെ സർക്കാർ ആശുപത്രികൾക്ക് ഓരോ വർഷവും വലിയ തുകയുടെ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി പട്ടാന പ്രോംഫട്ട് പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണം കൂടുതലാണെന്നും അവിടത്തെ ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമാണെന്നും പറയുന്നു. പുതിയ നിയമം നടപ്പിലാക്കുമ്പോൾ സഞ്ചാരികളെ രാജ്യത്ത്നിന്ന് അകറ്റാൻ ഇത് കാരണമാകരുതെന്നും സർക്കാർ കണക്കുകൂട്ടുന്നു. വളരെ കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാകുന്ന പ്രത്യേക ഇൻഷുറൻസ് പാക്കേജുകൾ അവതരിപ്പിക്കാനാണ് മന്ത്രിയുടെ നിർദേശം.
വിദേശ നിക്ഷേപകരെ ആകർഷിക്കാനും ആരോഗ്യരംഗത്തെ സേവനങ്ങൾ കൂടുതൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇൻഷുറൻസ് തുക എത്രയായിരിക്കും എന്ന് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മേയ് ഒന്നുമുതൽ തായ്‍ലന്റിൽ ഡിജിറ്റൽ അറൈവൽ കാർഡ് സംവിധാനം നിർബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

