ചൈനയെ പ്രതിരോധിക്കാൻ പുതിയ യുദ്ധക്കപ്പൽ നിർമാണത്തിനൊരുങ്ങി തയ്‍വാൻ
text_fieldsതായ്പെയ്: ചൈനയുടെ സൈനിക ആക്രമണങ്ങളെ പ്രതിരോധിക്കാൻ വിമാനവേധ അന്തർവാഹിനി (യുദ്ധക്കപ്പൽ) നിർമിക്കാൻ പദ്ധതിയിടുന്നതായി തയ്‍വാൻ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. കപ്പലുകൾ 2025ലും 2026ലും തയാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് സ്പീക്കർ നാൻസി പെലോസിയുടെ തയ്‍വാൻ സന്ദർശനം ചൈനയെ സൈനികാഭ്യാസത്തിന് പ്രേരിപ്പിച്ചിട്ടുണ്ടെന്നും അന്നുമുതൽ ദ്വീപിൽ പട്രോളിങ് നടത്തുന്ന കപ്പലുകളുടെ എണ്ണം നാലോ അഞ്ചോ ആക്കി ചൈന ഇരട്ടിപ്പിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൈനയുടെ അധിനിവേശത്തെ പ്രതിരോധിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ യുദ്ധക്കപ്പൽ നിർമാണം. ആയുധങ്ങളുടെ ഉൽപാദനവും സംഭരണവും വർധിപ്പിക്കുമെന്ന് തായ്‌വാൻ പ്രസിഡന്റ് സായ് ഇങ്-വെൻ പറഞ്ഞു. നാവികസേനക്ക് നിലവിൽ 26 വലിയ യുദ്ധക്കപ്പലുകളുണ്ട്.
ചൈനയിൽ പ്രസിഡന്റ് ഷി ജിൻപിങ് മൂന്നാം തവണയും അധികാരത്തിലേറുകയാണ്. തയ്‌വാൻ വിഷയം പാർട്ടി കോൺഗ്രസിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തയ്‌വാൻ പ്രശ്‌നം പരിഹരിക്കാൻ ആവശ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് മുമ്പ് പ്രസിഡന്റ് പറഞ്ഞിരുന്നു.