തടിക്കൂടുകളിൽ ഒളിഞ്ഞിരുന്ന ഡ്രോണുകൾ പറന്നുയർന്നു; റഷ്യൻ വ്യോമതാവളങ്ങൾക്ക് കനത്ത പ്രഹരമേൽപിച്ച് യുക്രേനിയൻ ചാരന്മാർ
text_fieldsകീവ്: സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ തടിക്കൂടുകളുടെ മേൽക്കൂരകൾക്കുള്ളിൽ ഒളിപ്പിച്ച് റഷ്യൻ വ്യോമതാവളങ്ങളിലെ ബോംബർ വിമാനങ്ങളെ യുക്രേനിയൻ രഹസ്യ ചാരൻമാർ തന്ത്രപരമായി ആക്രമിച്ചതായി റിപ്പോർട്ട്.
‘സ്പൈഡേഴ്‌സ് വെബ്’ എന്ന പേരിലുള്ള ഈ രഹസ്യ പ്രവർത്തനം തങ്ങൾ നടത്തിയതായി യുക്രെയ്‌നിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ എസ്.ബി.യു സമ്മതിക്കുകയും അത് ശത്രുവിന് ഗണ്യമായ നാശനഷ്ടങ്ങൾ വരുത്തിയതായി പറയുകയും ചെയ്തു.
വ്യോമതാവളങ്ങളുടെ പരിധിയിലേക്ക് കൊണ്ടുപോകുന്ന ട്രക്കുകളിൽ മരത്തിന്റെ കൂറ്റൻ ഷെഡുകൾ കയറ്റിയിരുന്നു. റിമോട്ട് ആക്ടിവേറ്റഡ് മെക്കാനിസം ഉപയോഗിച്ച് ഷെഡുകളുടെ മേൽക്കൂരയിലെ പാനലുകൾ ഉയർത്തി. ഇതുവഴി ഡ്രോണുകൾക്ക് പുറത്തേക്ക് പറന്ന് ആക്രമണം നടത്താൻ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞായറാഴ്ച നാലു വ്യോമതാവളങ്ങളിൽ ആക്രമണം നടത്തിയതായും 41 റഷ്യൻ യുദ്ധവിമാനങ്ങൾ തകർന്നതായുമാണ് വിവരം. ടെലഗ്രാം മെസേജിങ് ആപ്പിൽ പോസ്റ്റ് ചെയ്ത എസ്.ബി.യുവിന്റെ പ്രസ്താവനയിൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടം 700 കോടി ഡോളറായിരിക്കുമെന്ന് കണക്കാക്കി.
‘റഷ്യൻ ഫെഡറേഷന്റെ പ്രധാന വ്യോമതാവളങ്ങളിലെ തന്ത്രപരമായ ക്രൂയിസ് മിസൈൽ വാഹകരുടെ മുപ്പത്തിനാല് ശതമാനവും ആക്രമിക്കപ്പെട്ടു’വെന്ന് ടെലഗ്രാം മെസേജിങ് ആപ്പിൽ എസ്.ബി.യു പറഞ്ഞു. ആക്രമണത്തിന്റെ മികച്ച ഫലത്തിൽ പ്രസിഡന്റ് വോളാദിമർ സെലെൻസ്‌കി ആഹ്ലാദം പ്രകടിപ്പിച്ചു. യുക്രെയ്ൻ സ്വതന്ത്രമായി ആവിഷ്ടരിച്ച ഓപ്പറേഷൻ നടപ്പാക്കാൻ ഒന്നര വർഷത്തിലധികം സമയമെടുത്തുവെന്നും ഇത് തങ്ങളുടെ ഏറ്റവും ദൈർഘ്യമേറിയ ഓപ്പറേഷനാണെന്നും ടെലഗ്രാമിൽ സെലൻസ്കി പറഞ്ഞു.
റഷ്യൻ താവളങ്ങൾ ആക്രമിക്കാൻ 117 ഡ്രോണുകൾ ഉപയോഗിച്ചതായും റഷ്യൻ സേനക്ക് വളരെ നഷ്ടങ്ങൾ സംഭവിച്ചുവെന്നും തന്റെ വിഡിയോ പ്രസംഗത്തിലും സെലൻസ്കി ചൂണ്ടിക്കാട്ടി.
സൈബീരിയയിലെ ഇർകുട്‌സ്ക് മേഖലയിലെ ബെലായ റഷ്യൻ വ്യോമതാവളത്തിൽ തന്ത്രപരമായ ബോംബർമാർ വെടിയുതിർക്കുന്നതായി റഷ്യയിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സ്ഥിരീകരിക്കാത്ത വിഡിയോയും ചിത്രങ്ങളും കാണിക്കുന്നു.
ബെലായ ബേസിന് സമീപമുള്ള സ്രെഡ്‌നി ഗ്രാമത്തിനടുത്തുള്ള ഒരു സൈനിക യൂനിറ്റിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി റീജ്യനൽ ഗവർണർ ഇഗോർ കോബ്‌സെവും പറഞ്ഞു. എന്നാൽ, ലക്ഷ്യം എവിടെയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഒരു ട്രക്കിൽ നിന്നാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
4,300 കിലോമീറ്ററിൽ കൂടുതൽ അകലെയുള്ള മുൻനിരകളിൽ നിന്നാണ് യുക്രെയ്ൻ ഇതുവരെ ഡ്രോൺ ആക്രമണം നടത്തിയത്. ഇതാദ്യമായാണ് ഇർകുട്‌സ്ക് മേഖലയിൽ ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

