ശ്രീലങ്ക: പ്രതിഷേധത്തിന്റെ നാൾ വഴികൾ; രാജിയാകാതെ ജനം
text_fieldsFile Photo
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നടിഞ്ഞ ശ്രീലങ്കയിൽ പ്രതിഷേധം ആളിക്കത്തിയതോടെ അധികാരത്തിൽ അള്ളിപ്പിടിച്ചിരുന്ന രാജപക്സ സഹോദരങ്ങൾക്കും അടിപതറി. മഹിന്ദ രാജപക്സ നേരത്തേ പ്രധാനമന്ത്രി പദമൊഴിഞ്ഞെങ്കിലും ഗോടബയ അധികാരമൊഴിയാൻ കൂട്ടാക്കിയിരുന്നില്ല. ഗോടബയ ഇന്ന് രാജിവെക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇതു വരെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നും ഒരു ദിവസത്തിനകം ലഭിക്കുമെന്നും സ്പീക്കർ മഹീന്ദ യെപ അഭയവർദനെ അറിയിച്ചതാണ് ശ്രീലങ്കയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭകർ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയേറിയതോടെ ഗത്യന്തരമില്ലാതെ ഗോടബയ രാജ്യം വിട്ടു. രാജപക്സ സഹോദരങ്ങളുടെ കെടുകാര്യസ്ഥതയാണ് രാജ്യത്തെ സ്ഥിതി വഷളാക്കിയതെന്നാണ് പ്രതിഷേധകരുടെ ആരോപണം.
പ്രതിഷേധത്തിന്റെ നാൾവഴികൾ:
2022 മാർച്ച് 31: മരുന്നും ഭക്ഷണവുമടക്കം കിട്ടാക്കനിയായതോടെ നട്ടം തിരിഞ്ഞ പ്രക്ഷോഭകർ ഗോടബയ രാജപക്സയുടെ സ്വകാര്യ വസതിയിലേക്ക് മാർച്ച് നടത്തി.
ഏപ്രിൽ 3: ഗോടബയ സഹോദരങ്ങൾ അടങ്ങുന്ന മന്ത്രിസഭ പിരിച്ചുവിട്ടു. ഗോടബയയുടെ ഇളയ സഹോദരൻ ബാസിൽ രാജപക്സ ധനകാര്യ മന്ത്രി പദം രാജിവെച്ചു. എന്നാൽ മൂത്ത സഹോദരൻ മഹിന്ദ രാജപക്സ പ്രധാനമന്ത്രി പദത്തിൽ തുടർന്നു.
ഏപ്രിൽ 9: പ്രതിഷേധം രൂക്ഷമായി. പ്രക്ഷോഭകർ ഗോടബയയുടെ രാജിയാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു പുറത്ത് തമ്പടിച്ചു. പ്രസിഡന്റ് രാജിവെച്ച് പുതിയ സർക്കാർ രൂപവത്കരിക്കണമെന്നായിരുന്നു ആവശ്യം.
മേയ് 9: പലയിടത്തും പ്രക്ഷോഭകരും സർക്കാർ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായി. കലാപത്തിൽ ഒമ്പതു പേർ മരിക്കുകയും 300 ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. സമാധാനമായി തുടങ്ങിയ പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങിയതോടെ പിടിച്ചുനിൽക്കാനാവാതെ മഹിന്ദ രാജപക്സ പ്രധാനമന്ത്രി പദം രാജിവെച്ചു. പിന്നാലെ റനിൽ വിക്രമസിംഗെ അധികാരത്തിലെത്തി.
ജൂലൈ 9: പ്രക്ഷോഭകർ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫിസുകളും വീടും കൈയേറിയതോടെ ജൂലൈ 13ന് രാജി വെക്കാൻ തയാറാണെന്ന് ഗോടബയ പാർലമെന്ററി സ്പീക്കറെ അറിയിച്ചു. മഹിന്ദ രാജപക്സയുടെ പിൻഗാമിയായെത്തിയ റനിൽ വിക്രമസിംഗെയും പ്രധാനമന്ത്രി പദമൊഴിയാൻ സന്നദ്ധത അറിയിച്ചു.
ജൂലൈ 13: ഗോടബയ രാജ്യംവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

