വെടിനിർത്തൽ മൂന്ന് ഘട്ടമായി; ബന്ദി മോചനത്തോടൊപ്പം ഇസ്രായേൽ സേനാ പിന്മാറ്റം, ഫലസ്തീനി തടവുകാരെ വിട്ടയക്കും
text_fieldsഗസ്സയിൽ മൂന്ന് ഘട്ടങ്ങളിലായാകും വെടിനിർത്തൽ നടപ്പാക്കുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വെടിനിർത്തലിനുള്ള കരാർ ഹമാസ് അംഗീകരിച്ചു. ഇസ്രായേൽ അംഗീകരിച്ചതായാണ് റിപ്പോർട്ടുകളെങ്കിലും ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.
ആദ്യ ഘട്ടത്തിൽ സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിങ്ങനെ 33 ബന്ദികളെയാകും വിട്ടയക്കുക. പരിക്കേറ്റവർ, രോഗികൾ എന്നിവരെയും മോചിപ്പിക്കും. മൂന്ന് ബന്ദികൾ ഒന്നാം ദിവസം മോചിതരാകും. ഏഴാം നാൾ നാലു പേരും 14ാം ദിനത്തിൽ മൂന്നുപേരും പുറത്തെത്തും. 28, 35 ദിവസങ്ങളിൽ മൂന്നു പേർ വീതം മോചിതരാകും. കരാർ പ്രകാരം അവശേഷിച്ചവർ അവസാന ആഴ്ചയിലാകും പുറത്തെത്തുക. ഇസ്രായേൽ സേനാ പിന്മാറ്റവും അനുബന്ധമായി ആരംഭിക്കും. രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16ാം നാൾ ആരംഭിക്കും.
രണ്ടാം ഘട്ടത്തിൽ പട്ടാളക്കാർ, റിസർവ് സേനാംഗങ്ങൾ എന്നിവരാകും വിട്ടയക്കപ്പെടുക. പകരമായി ഫലസ്തീൻ തടവുകാരുടെ മോചനവും നടക്കും. 1,000 ഫലസ്തീൻ തടവുകാരെ വിട്ടയക്കാമെന്ന് സമ്മതിച്ചതിൽ 190 പേർ 15 വർഷമോ അതിലേറെയോ ജയിൽ ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇതേ ഘട്ടത്തിൽ വടക്കൻ ഗസ്സയിലേക്ക് മടക്കവും അനുവദിക്കും. 23 ലക്ഷം ജനസംഖ്യയുള്ള ഗസ്സയിൽ ഒരിക്കലെങ്കിലും പലായനം ചെയ്യാത്തവർ അത്യപൂർവമാകും. ഗസ്സയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടത്തിൽ നടക്കുക. ഈ ഘട്ടത്തിലും ഇസ്രായേൽ സേന ഗസ്സയിൽ തുടരും. 2023 ഒക്ടോബറിൽ ഹമാസ് ആക്രമണത്തിൽ 251 ബന്ദികളെ പിടികൂടിയതിൽ 94 പേരാണ് ഇപ്പോഴും ഹമാസ് പിടിയിലുള്ളത്. ഇവരിൽ 60 ഓളം പേർ മാത്രമാണ് ജീവനോടെയെന്നാണ് അനുമാനം. ബന്ദികളുടെ മോചനത്തിന് പകരമായി 1,000 ഫലസ്തീനികളെ ഇസ്രായേൽ വിട്ടയക്കും.
പൂർണ യുദ്ധവിരാമമെന്ന ഹമാസിന്റെ ആവശ്യവും ഹമാസിനെ നാമാവശേഷമാക്കുകയെന്ന ഇസ്രായേൽ മോഹവും വെടിനിർത്തൽ കാലത്ത് സഫലമാകില്ലെന്നതാണ് സവിശേഷത. ഹമാസുമായി കരാറില്ലെന്ന തീവ്രവലതുപക്ഷ നിലപാടിലും മാറ്റമുണ്ടായിട്ടുണ്ട്.
അതേസമയം, വെടിനിർത്തൽ നീക്കങ്ങൾ അവസാന മണിക്കൂറുകളിലായിട്ടും ഗസ്സയിലെ റഫ, ബുറൈജ് അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ നടത്തിയത് കനത്ത ആക്രമണം. ദെയ്റുൽ ബലഹ്, നുസൈറാത്ത് എന്നിവിടങ്ങളിലെ ആക്രമണങ്ങളിൽ ആറുപേരും കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 62 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിൽ ആറു ഫലസ്തീനികളെയും ഇസ്രായേൽ സേന വധിച്ചു. നാലുപേർ ഖസ്സാം ബ്രിഗേഡ് അംഗങ്ങളായിരുന്നുവെന്ന് സംഘടന സ്ഥിരീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.