'30 വർഷമായി മൂന്ന് 'എലികൾ' പാകിസ്താനെ കൊള്ളയടിക്കുന്നു'; പ്രതിപക്ഷത്തിനെതിരെ ഇംറാൻ ഖാൻ
text_fieldsഇസ്ലാമാബാദ്: പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് പാകിസ്താൻ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാൻ. കഴിഞ്ഞ 30 വർഷമായി മൂന്ന് 'എലികൾ' പാകിസ്താനെ കൊള്ളയടിക്കുന്നുവെന്ന് ഇംറാൻ പറഞ്ഞു. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിൽ സംഘടിപ്പിച്ച ശക്തിപ്രകടനത്തിലാണ് പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ട് ഇംറാൻ ആഞ്ഞടിച്ചത്.
കഴിഞ്ഞ 30 വർഷമായി അവർ ഒരുമിച്ച് രാജ്യത്തിന്‍റെ രക്തം വലിച്ചെടുത്തു. അവർക്ക് രാജ്യത്തിന് പുറത്ത് ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള സമ്പാദ്യവും വിദേശ അക്കൗണ്ടുകളുമുണ്ടെന്നും ഇംറാൻ പറഞ്ഞു.
നാഷണൽ റീകൺസിലിയേഷൻ ഓർഡിനൻസിന് വേണ്ടിയാണ് ഈ നാടകങ്ങളെല്ലാം നടക്കുന്നത്. ജനറൽ പർവേശ് മുഷ്റഫ് ചെയ്തതു പോലെ താൻ അവർക്ക് മുമ്പിൽ മുട്ടുകുത്തണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ഇംറാൻ ഖാൻ ചൂണ്ടിക്കാട്ടി. അധികാരത്തിലേറി ആദ്യ ദിനം മുതൽ തന്നെ ബ്ലാക്മെയ്‍ൽ ചെയ്യാൻ ശ്രമിക്കുകയാണെന്നും ഇംറാൻ ഖാൻ ആരോപിച്ചു.
ഇംറാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാതെ പാകിസ്താൻ ദേശീയ അസംബ്ലിയുടെ സമ്മേളനം തിങ്കളാഴ്ച വരെ സ്പീക്കർ നിർത്തിവെക്കുകയായിരുന്നു. തെഹ്‍രീകെ ഇൻസാഫ് പാർട്ടിയിലെ 24 അംഗങ്ങൾ കൂറുമാറിയതിന് പിന്നാലെയാണ് പ്രതിപക്ഷം അവിശ്വാസപ്രമേയവുമായി രംഗത്തെത്തിയത്.
അവിശ്വാസപ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് വിമതരുടെ വോട്ട് നിർണായകമാണ്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. പി.ടി.ഐക്ക് 155 അംഗങ്ങളാണുള്ളത്.
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പനിരക്കും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു കാണിച്ചാണ് പ്രതിപക്ഷം ഇംറാൻ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അതേസമയം, അവിശ്വാസ പ്രമേയത്തിൽ ഇംറാൻ ഖാനെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ച ഭരണകക്ഷി അംഗങ്ങളെ ആജീവനാന്തം അയോഗ്യരായി പ്രഖ്യാപിക്കാൻ ഭരണഘടനാ സാധുത തേടി പാക് സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

