ബംഗ്ലാദേശ് ഹൈകമീഷണർക്കെതിരായ ഭീഷണി; വാർത്ത വെറും പ്രചാരണം- ഇന്ത്യ
text_fieldsദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിനെ അപലപിച്ച് ധാക്ക സർവകലാശാലയിലെ രാജു സ്മാരക ശിൽപത്തിന് സമീപം കറുത്ത തുണി കെട്ടി പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധികളുടെ ജീവൻ ഭീഷണിയിലാണെന്ന ബംഗ്ലാദേശ് മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണെന്ന് ഇന്ത്യ. 25ഓളം യുവാക്കൾ വെള്ളിയാഴ്ച സംഘടിച്ച് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷന് പുറത്ത് ദീപു ചന്ദ്ര ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മുദ്രാവാക്യം മുഴക്കുക മാത്രമാണുണ്ടായതെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.
ശൈഖ് ഹസീനയെ അധികാരഭ്രഷ്ടയാക്കിയ ന്യൂജെൻ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ശരീഫ് ഉസ്മാൻ ഹാദി എന്ന യുവനേതാവിന്റെ മരണത്തെതുടർന്ന് ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ് എന്ന 25കാരനെ ജനക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ചായിരുന്നു ന്യൂഡൽഹി ഹൈകമീഷന് പുറത്തെ പ്രതിഷേധം. എന്നാൽ, ഡൽഹിയിലെ ബംഗ്ലാദേശ് ഹൈകമീഷണറെ വധിക്കാൻ ശ്രമമെന്ന തലക്കെട്ടിൽ ബംഗ്ലാദേശിലെ ‘അമർ ദേശ്’ പത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സുരക്ഷാ പരിധി ലംഘിച്ച് അഖണ്ഡ ഹിന്ദുസേനക്കാരായ 20- 25 പേർ ചാണക്യപുരിയിലെ ബംഗ്ലാദേശ് ഹൈകമീഷൻ ഓഫിസിന് മുന്നിൽ വരികയും ഹൈകമീഷണറെ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് പത്രം ആരോപിച്ചു.
സംഘം സുരക്ഷാ പരിധി ലംഘിച്ചിട്ടില്ലെന്നും ഏതാനും മിനിറ്റ് കൊണ്ടുതന്നെ സംഘത്തെ സ്ഥലത്തുനിന്ന് പൊലീസ് പിരിച്ചുവിട്ടുവെന്നും ഇതിന്റെ ദൃശ്യങ്ങൾ തെളിവുകളായി പൊതുജനത്തിന് മുമ്പിലുണ്ടെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. വിദേശ നയതന്ത്ര കാര്യാലയങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ വിയന്ന കൺവെൻഷൻ പ്രകാരം ഉറപ്പുവരുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഉദ്യോഗസ്ഥർ ബംഗ്ലാദേശ് അധികൃതരുമായി സമ്പർക്കത്തിലാണ്. ന്യൂനപക്ഷങ്ങൾക്കുനേരെ അവിടെ നടക്കുന്ന അക്രമങ്ങളിൽ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ടെന്നും ജയ്സ്വാൾ തുടർന്നു. ദാസിനെ കൊന്ന കൊലയാളികളെ എത്രയും പെട്ടെന്ന് നീതിക്ക് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

