റഫ തുറന്നിട്ടും നീണ്ട കാത്തിരിപ്പുമായി ആയിരങ്ങൾ; ആദ്യ ദിവസം അനുവദിച്ചത് അഞ്ച് രോഗികളെ മാത്രം
text_fieldsഖാൻ യൂനിസ്: ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള റഫ ക്രോസിങ് ഇസ്രായേൽ ഒടുവിൽ വീണ്ടും തുറക്കുന്നുവെന്നും വൈദ്യസഹായത്തിനായി കൊതിക്കുന്ന പരിക്കേറ്റ ഫലസ്തീനികളെ പോകാൻ അനുവദിക്കുന്നുവെന്നുമുള്ള റിപ്പോർട്ടുകൾക്കിടെ ആദ്യ ദിവസം, ഇസ്രായേൽ ഗസ്സയിലൂടെ പുറത്തേക്ക് പോകാൻ അനുവദിച്ചത് അഞ്ച് രോഗികളെ മാത്രം. ഇത് പ്രതീക്ഷയോടെ ഉറ്റുനോക്കിയ ആയിരക്കണക്കിന് രോഗികളെ നിരാശരാക്കി.
പുറത്തു കടക്കാൻ കഴിഞ്ഞ അഞ്ച് പേരിൽ ഒരാളാണ് മുഹമ്മദ് അബു മുസ്തഫ എന്ന 17 കാരൻ. മുഹമ്മദ് തന്റെ മാതാവ് റാൻഡയോടൊപ്പം തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലേക്കും തുടർന്ന് രണ്ട് വർഷമായി ഇസ്രായേൽ അടച്ചിട്ടിരിക്കുന്ന റഫയിലേക്കും യാത്ര ചെയ്തു.
തിങ്കളാഴ്ച രാവിലെ തനിക്ക് ഒരു ഫോൺ കോൾ ലഭിച്ചതായും, യാത്ര ചെയ്യാൻ നിശ്ചയിച്ചിരുന്ന പരിക്കേറ്റ രോഗികളുടെ ആദ്യ പട്ടികയിൽ മുഹമ്മദിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഖാൻ യൂനിസിലുള്ള റെഡ് ക്രസന്റ് ആശുപത്രിയിലേക്ക് ഉടൻ പോകാൻ അവരോട് നിർദേശിച്ചതായും റാൻഡ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമെന്ന നിലയിലാണ് ഇസ്രായേൽ വഴി കടന്നുപോകാത്ത ഗസ്സയിലെ ഏക ക്രോസിങ്ങായ റഫ വീണ്ടും തുറന്നത്. എന്നാൽ, തിങ്കളാഴ്ചത്തെ സംഭവങ്ങൾ ഗസ്സക്കാരുടെ പുറത്തുകടക്കൽ അത്ര എളുപ്പമല്ല എന്ന വ്യക്തമായ സൂചനയാണ് തരുന്നത്.
കർശനമായ സുരക്ഷാ നിയന്ത്രണങ്ങൾ, സങ്കീർണ്ണമായ നടപടിക്രമങ്ങൾ, പരിമിതമായ എണ്ണം ആളുകളെ മാത്രമേ കടന്നുപോകാൻ അനുവദിച്ചിട്ടുള്ളൂ. ഇത് ഗസ്സയുടെ മാനുഷിക ആവശ്യങ്ങളുടെ വ്യാപ്തിയുമായി തട്ടിച്ചുനോക്കിയാൽ അവരുടെ പ്രതീക്ഷകൾക്ക് വളരെ താഴെയാണ്.
ഇസ്രായേലി ഉത്തരവുകൾ പ്രകാരം പോകാൻ അനുവദിച്ച അഞ്ച് രോഗികളിൽ ഓരോരുത്തരുടെയും കൂടെ രണ്ട് പേർ ഉണ്ടായിരുന്നു. ഇതോടെ ഗസ്സയിലെ ആരോഗ്യ അധികൃതർക്ക് നൽകിയ വിവരങ്ങൾ പ്രകാരം പുറത്തു കടന്ന ആകെ യാത്രക്കാരുടെ എണ്ണം 15 ആണ്.
ഈജിപ്തിനും ഇസ്രായേലിനും ഇടയിലുള്ള ഏകോപനത്തിന് മേൽനോട്ടം വഹിക്കുന്ന ലോകാരോഗ്യ സംഘടന ദിവസേന 50 രോഗികൾക്ക് അതിർത്തി കടക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, പുറത്തുപോയ ഒരേയൊരു സംഘം ഇതാണെന്ന് അൽ ഷിഫ മെഡിക്കൽ കോംപ്ലക്‌സിന്റെ ഡയറക്ടർ മുഹമ്മദ് അബു സാൽമിയ പറഞ്ഞു.
റഫ ക്രോസിങ് വഴി 50 ഫലസ്തീനികളെ ഗസ്സയിലേക്ക് മടങ്ങാൻ അനുവദിച്ചതായി ഈജിപ്ഷ്യൻ ഔദ്യോഗിക വൃത്തങ്ങൾ അൽ ജസീറയോട് പറഞ്ഞു. എന്നാൽ, അവർ യഥാർത്ഥത്തിൽ ഫലസ്തീൻ ഭാഗത്തേക്ക് എത്തിയോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
വിദേശത്ത് ചികിത്സക്കായി ഗസ്സയിൽ നിന്ന് പുറത്തുപോകേണ്ട ഏകദേശം 22,000 ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സംഖ്യകൾ എത്ര കുറവാണെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മായിൽ അൽ തവാബ്ത എടുത്തുകാണിച്ചു. അതേസമയം, യുദ്ധകാലത്ത് ഗസ്സ വിട്ട ഏകദേശം 80,000 ഫലസ്തീനികൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

