പ്രക്ഷോഭം; പെറുവിൽ കുടുങ്ങി ആയിരങ്ങൾ
text_fieldsകസ്കോ: പെറുവിൽ പ്രസിഡന്റ് പെഡ്രോ കാസ്റ്റില്ലോയെ പുറത്താക്കിയതിനെ തുടർന്നുണ്ടായ പ്രക്ഷോഭം വ്യാപിക്കുന്നു. കസ്റ്റഡിയിലെടുത്ത പെഡ്രോ കാസ്റ്റില്ലോയെ മോചിപ്പിക്കണമെന്നും പകരം ചുമതലയേറ്റ ദിന ബൊലുവർട്ട് രാജിവെച്ച് തെരഞ്ഞെടുപ്പ് നേരിടണമെന്നുമാണ് സമരക്കാരുടെ ആവശ്യം. അതിനിടെ രണ്ട് വർഷത്തിലേറെ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ അനുവദിക്കുന്ന ബിൽ പാർലമെന്റ് പാസാക്കി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങൾ അടച്ചിട്ടതിനാൽ ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കുടുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ മാച്ചുപിച്ചു നഗരത്തിൽ റെയിൽ സർവിസും മുടങ്ങി. കസ്കോ നഗരത്തിൽ മാത്രം 5000ത്തിലേറെ വിനോദസഞ്ചാരികളാണ് കുടുങ്ങിയത്. സൈനിക ഹെലികോപ്ടറിൽ വിനോദസഞ്ചാരികളെ കൊണ്ടുപോകാൻ ആലോചനയുണ്ട്. റെയിൽവേ ട്രാക്കിലൂടെ വിദേശ വിനോദസഞ്ചാരികൾ നടന്നുപോകുന്നതുകാണാം. പെഡ്രോ കാസ്റ്റില്ലോയെ പാർലമെന്റ് ഇംപീച്ച് ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. പാർലമെന്റ് പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ഇതിനോട് പ്രതികരിച്ചത്. തുടർന്ന് പ്രസിഡന്റിനെ പുറത്താക്കിയതായി പാർലമെന്റ് പ്രഖ്യാപിച്ചതിനുപിന്നാലെ പെഡ്രോയെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ അനുയായികൾ ഇതോടെ പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ദിന ബൊലുവർട്ട് രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘർഷത്തിൽ 20 പേർ കൊല്ലപ്പെടുകയും 268 പൊലീസുകാർ ഉൾപ്പെടെ 518 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. 147 പേരെ കസ്റ്റഡിയിലെടുത്തതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

