കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ലണ്ടൻ തെരുവിൽ ആയിരങ്ങൾ; അറസ്റ്റ് ചെയ്ത് പൊലീസ്
text_fieldsലണ്ടൻ: കേന്ദ്ര സർക്കാറിൻെറ വിവാദ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകർക്ക് ഐക്യദാർഢ്യവുമായി നിരവധി പേർ ലണ്ടൻ തെരുവിലിറങ്ങി.
ആയിരങ്ങളാണ് ഞായറാഴ്ച പ്രതിഷേധവുമായി മധ്യ ലണ്ടനിലെ തെരുവുകളെ വേദിയാക്കിയതെന്നും കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ചെന്ന് കാണിച്ച് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
'ഞങ്ങൾ കർഷകർക്കൊപ്പം', 'കർഷകരോട് നീതി പാലിക്കുക' എന്നീ പ്ലക്കാർഡുകൾ ഉയർത്തിക്കൊണ്ട് ഓൾഡ്വിച്ചിലെ ഇന്ത്യൻ എംബസിക്ക് സമീപത്തു നിന്ന് ആരംഭിച്ച് ട്രാഫൽഗർ സ്ക്വയറിലേക്കായിരുന്നു പ്രതിഷേധ പ്രകടനം. സിഖ് ജനവിഭാഗക്കാരായിരുന്നു പ്രതിഷേധത്തിൽ അണിനിരന്നവരിൽ ഏറെയും.
കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ കൂട്ടം കൂടരുതെന്നും 30 പേരിൽ കൂടുതൽ പേർ ഒത്തുചേർന്നാൽ അറസ്റ്റ് ചെയ്യുമെന്നുമുള്ള പൊലീസ് മുന്നറിയിപ്പ് വക വെക്കാതെയായിരുന്നു പ്രകടനം.
അതേസമയം, ഇന്ത്യാവിരുദ്ധ വിഘടനവാദികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്നും ഇന്ത്യയിലെ കര്‍ഷകരെ പ്രത്യക്ഷത്തില്‍ പിന്തുണച്ചുകൊണ്ട് അവര്‍ ഇന്ത്യാ വിരുദ്ധ അജണ്ട പിന്തുടരാനുള്ള അവസരമായി അതിനെ ഉപയോഗിച്ചുവെന്നും ഇന്ത്യൻ ഹൈകമീഷൻ വക്താവ് ആരോപിച്ചു. അനുമതിയില്ലാതെ ആയിരങ്ങൾ ഒത്തുചേർന്നത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

