സമ്മർദമുനയിൽ നെതന്യാഹു; രാജിക്ക് പ്രക്ഷോഭം പടരുന്നു
text_fieldsടെൽ അവീവ്: ആഴ്ചകൾ കൊണ്ട് അവസാനിപ്പിക്കാമെന്ന ഉറപ്പുമായി തുടങ്ങിയ ഗസ്സ ആക്രമണം എങ്ങുമെത്താതെ തുടരുന്നതിനിടെ ബന്ദി മോചനം ആവശ്യപ്പെട്ടും നെതന്യാഹുവിന്റെ രാജിക്ക് സമ്മർദം ചെലുത്തിയും ഇസ്രായേലിൽ പ്രക്ഷോഭം പടരുന്നു. ശനിയാഴ്ച രാജ്യത്തെ പ്രധാന നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ ഞായറാഴ്ചയും ആയിരങ്ങൾ അണിനിരന്ന പ്രകടനങ്ങളാണ് നടന്നത്.
ജറൂസലമിൽ പ്രധാന പാതയായ ബെഗിൻ ബൂൾവാർഡ് ഉപരോധിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാൻ ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു. നെതന്യാഹുവിന്റെ രാജിയും നേരത്തേ തെരഞ്ഞെടുപ്പും ആവശ്യപ്പെട്ട സമരക്കാർ 130ഓളം ബന്ദികളെ അടിയന്തരമായി മോചിപ്പിക്കാൻ ഒത്തുതീർപ്പിലെത്താനും ആവശ്യപ്പെട്ടു.
ഇസ്രായേൽ സൈന്യത്തിലെ മുൻ ബ്രിഗേഡിയർ ജനറൽ ഡേവിഡ് അഗ്മോൻ അടക്കം പ്രമുഖരും പ്രകടനങ്ങളിൽ അണിനിരന്നു. ഗസ്സയിൽ ബന്ദി മോചന വിഷയത്തിൽ സൈനിക ഇടപെടൽ ഒട്ടും വിജയമല്ലാതെ ആറുമാസം പിന്നിടാനിരിക്കെയാണ് വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രക്ഷോഭം കനക്കുന്നത്. ഞായറാഴ്ച ഇസ്രായേൽ പാർലമെന്റിനു മുന്നിൽ ആയിരങ്ങൾ മണിക്കൂറുകൾ തടിച്ചുകൂടിയത് സംഘർഷ സാഹചര്യം സൃഷ്ടിച്ചു.
പാർലമെന്റിനു മുന്നിൽ നാലു ദിവസത്തെ പ്രക്ഷോഭത്തിനായി തമ്പുകൾ ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

