ഇസ്രായേലിനെ വിറപ്പിച്ച് തെൽഅവീവിൽ കൂറ്റൻ റാലി: ‘ഹമാസുമായി കരാർ വേണം, യുദ്ധം നിർത്തി ബന്ദികളെ മോചിപ്പിക്കണം’
text_fieldsതെൽ അവീവ്: ഗസ്സയുമായുള്ള യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി കരാറിൽ ഏർപ്പെടണമെന്നാവശ്യപ്പെട്ട് തെൽഅവീവിൽ കൂറ്റൻ റാലി. കരാറിൽ ഏർപ്പെടാതെ ഇസ്രായേൽ നൂറ്റാണ്ടിന്റെ അവസരം നഷ്ടപ്പെടുത്തുകയാണെന്ന് മുന്നറിയിപ്പ് നൽകി ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി ഇസ്രായേലിനെ വിറപ്പിച്ച റാലി നടത്തിയത്. ബന്ദികളെ കൊലക്ക് കൊടുക്കാൻ നെതന്യാഹുവിനെ അനുവദിക്കില്ലെന്ന് പ്രക്ഷോഭകർ ഓർമിപ്പിച്ചു. റിസർവ് സൈനികരിൽ ചിലരും റാലിയിൽ പങ്കെടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം വീണ്ടും ശക്തമാക്കുകയും ഉപരോധം കടുപ്പിക്കുകയും ചെയ്തതോടെ തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് പറയുന്ന ബന്ദികളുടെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികളായ എൽക്കാന ബോബോട്ടിന്റെയും യോസെഫ്-ഹൈം ഒഹാനയുടെയും വിഡിയോ ആണ് ഹമാസ് പ്രസിദ്ധീകരിച്ചത്. ഇത് പുറത്തിറക്കിയതിന് മണിക്കൂറുകൾക്കകമാണ് ഇസ്രായേലിൽ കൂറ്റൻ പ്രകടനം നടന്നത്. ഇരുവരുടെയും കുടുംബങ്ങൾ ക്ലിപ്പ് സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങൾക്ക് അനുമതി നൽകിയിരുന്നു. ബോബോട്ടിന്റെ ശാരീരിക, മാനസിക ആരോഗ്യനില ഗുരുതരമാണെന്നും സ്വയം ഉപദ്രവിക്കാൻ അദ്ദേഹം ശ്രമിക്കുന്നുവെന്നും ഒപ്പമുള്ള ഒഹാന പറയുന്നത് വിഡിയോയിൽ കാണാം. പുതപ്പിനടിയിൽ കിടക്കുന്ന ബോബോട്ടിന്റെ അരികിൽ ഒഹാന നിലത്ത് ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
“കാര്യങ്ങൾ എങ്ങനെയാണ് ഈ നിലയിലെത്തിയത്? ഞങ്ങളുടെ ജീവൻ അപകടത്തിലാണ്. ഇവിടെ ഓരോ മിനിറ്റും നിർണായകമാണ്! നമ്മുടെ പ്രതീക്ഷ നഷ്ടപ്പെട്ടു’ -ഒഹാന പറയുന്നു. ബോബോട്ട് ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിസമ്മതിക്കുന്നുവെന്നും എന്റെയും സുഹൃത്തിന്റെയും വിധിയാണിതെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങളുടെ വിധി നിങ്ങളുടെ കൈകളിലാണ്. ഒരു രാജ്യം മുഴുവൻ ഈ പേടിസ്വപ്നം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇനി എല്ലാം തീരുമാനമെടുക്കുന്നവരുടെ കൈകളിലാണ്” -വിഡിയോയിൽ പറഞ്ഞു.
യുദ്ധം തുടരാനും ബന്ദികളെ ഉപേക്ഷിക്കാനുമുള്ള സർക്കാറിന്റെ പിടിവാശി മൂലം ബന്ദികളുടെ ജീവൻ രക്ഷിക്കാനുള്ള ചരിത്രപരമായ അവസരം ഇല്ലാതാകുമെന്ന് ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറം ചൂണ്ടിക്കാട്ടി. ‘യുദ്ധം അവസാനിപ്പിക്കുന്നതിനും 59 ബന്ദികളെ തിരികെ കൊണ്ടുവരുന്നതിനും സർക്കാർ കരാറിൽ ഏർപ്പെടണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾക്കും ബഹുഭൂരിപക്ഷം ഇസ്രായേലികളുടെ ആഗ്രഹങ്ങൾക്കും പൂർണ്ണമായും വിരുദ്ധമായാണ് സർക്കാർ പ്രവർത്തിക്കുന്നത്” -ഫോറം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

