ന്യൂയോർക്ക് സിറ്റിയിൽ പണിമുടക്കി ആയിരക്കണക്കിന് നഴ്സുമാർ; സമരത്തിന് പിന്തുണയുമായി സൊഹ്റാൻ മംദാനി
text_fieldsന്യൂയോർക്ക്: ശമ്പളം, തൊഴിൽ സുരക്ഷ എന്നിവ ആവശ്യപ്പെട്ട് ന്യൂയോർക്ക് നഗരത്തിലെ ആയിരക്കണക്കിന് നഴ്സുമാർ പണിമുടക്കി തെരുവിൽ ഇറങ്ങി. നഗരത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളായ മൗണ്ട് സിനായ്, മോണ്ടെഫിയോർ, ന്യൂയോർക്ക്-പ്രെസ്ബിറ്റീരിയൻ എന്നിവിടങ്ങളിലെ നഴ്സുമാരാണ് പണിമുടക്ക് സമരത്തിലേക്ക് തിരിഞ്ഞത്. മാസങ്ങളായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇവർ നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണിമുടക്കിന് തുനിഞ്ഞത്.
പുതിയ മേയർ സൊഹ്റാൻ മംദാനിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിൽ ഇറങ്ങി. 15000 നഴ്സുമാർ അണി നിരന്ന റാലിയെ അദ്ദേഹം അഭിസംബോധന ചെയ്തു. ‘നമ്മുടെ നഗരത്തിലെ ഏറ്റവും ഇരുണ്ട സമയങ്ങളിലോരോന്നും നഴ്‌സുമാർ ജോലിക്ക് എത്തുന്നു. അവയുടെ മൂല്യം ചർച്ച ചെയ്ത് അളക്കാവുന്നതല്ലെ’ന്ന് ന്യൂയോർക്ക് പ്രെസ്ബിറ്റീരിയന് മുന്നിൽ ചുവന്ന യൂനിയൻ സ്കാർഫ് ധരിച്ച് യൂനിയൻ അംഗങ്ങൾക്കൊപ്പം വാർത്താ സമ്മേളനത്തിൽ മംദാനി പറഞ്ഞു. ഇത് വെറുമൊരു തൊഴിൽ സമരമല്ലെന്നും ആരാവണം ഈ ആരോഗ്യ സംവിധാനത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ എന്നതാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ അതിസമ്പന്ന സ്വകാര്യ ആശുപത്രികളിൽ സാമ്പത്തിക പ്രസിസന്ധിയില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കരഘോഷങ്ങളോടെയാണ് തൊഴിലാളികൾ മംദാനിയുടെ വാക്കുകൾ സ്വീകരിച്ചത്.
സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യം, തുച്ഛമായ വേതനം, ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളുടെ അഭാവം, നിയന്ത്രിക്കാനാവാത്ത ജോലിഭാരം എന്നിവ ചൂണ്ടിക്കാട്ടി ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും സമ്പന്നമായ ആശുപത്രികളിലെ മാനേജ്‌മെന്റ്, നഴ്‌സുമാരുടെ ആരോഗ്യ ആനുകൂല്യങ്ങൾ നിർത്തലാക്കുകയോ സമൂലമായി വെട്ടിക്കുറക്കുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് അസോസിയേഷൻ പറഞ്ഞു.
ഈ ആശുപത്രികളിലെ എക്സിക്യൂട്ടിവുകളുടെ ദശലക്ഷക്കണക്കിന് ഡോളർ ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ തുച്ഛമാണ് നഴ്സുമാർക്കു ലഭിക്കുന്ന വേതനമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രികൾ സുരക്ഷിത സ്റ്റാഫ് മാനദണ്ഡങ്ങൾ പിൻവലിക്കാൻ ശ്രമിക്കുകയാണെന്നും യൂനിയൻ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

