മുസ്‍ലിം സ്ത്രീക്ക് നേരെ തുപ്പി, വീട്ടിലേക്ക് അതിക്രമിച്ച് കയറി; ജറുസലേമിൽ ജൂതർ നടത്തിയ മാർച്ചിൽ സംഘർഷം
text_fieldsതെൽ അവീവ്: ജറുസലേമിലെ മുസ്‍ലിം മേഖലകളിലൂടെ പ്രകോപന മുദ്രാവാക്യങ്ങളുമായി ജൂതരുടെ മാർച്ച്. ഇസ്രായേൽ സർക്കാറിന്റെ പിന്തുണയോടെയുള്ള സ്പോൺസേർഡ് മാർച്ചാണ് നടന്നത്. ഗസ്സ ഞങ്ങളുടേതാണ്, അറബികൾ മരിക്കട്ടെ, അവരുടെ ഗ്രാമങ്ങൾ ചുട്ടെരിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ച്.
ജറുസലേം സിറ്റി ഗവൺമെന്റാണ് മാർച്ചിനുള്ള പണം മുടക്കിയത്. ഇസ്രായേലിന്റെ കൊടികൾ ഉൾപ്പടെ പിടിച്ചായിരുന്നു മാർച്ച്. തിങ്കളാഴ്ച ഉച്ചയോടെയാണ് മാർച്ചിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ആളുകൾ ചെറുസംഘങ്ങളായി എത്തി മാർച്ചിലേക്ക് അണിചേരുകയായിരുന്നു. മാർച്ചിനെത്തിയവരിൽ ചിലർ മുസ്‍ലിം സ്ത്രീക്ക് നേരെ തുപ്പുകയും ചില കഫേകളിലേക്കും ഒരു വീട്ടിലേക്കും അതിക്രമിച്ച് കടക്കാൻ ശ്രമം നടത്തുകയും ചെയ്തു.
കഫേക്ക് സംരക്ഷണം നൽകാനാവില്ലെന്നും അടക്കുകയാണ് നല്ലതെന്നും പൊലീസ് പറഞ്ഞതായി ജറുസലേമിലെ കഫേ ഉടമയായ റായ്മോണ്ട് ഹിമോ പറഞ്ഞു. ജൂത പ്രതിഷേധക്കാർ കഫേയിലെത്തി സാധനങ്ങൾ കൊണ്ട് പോയെന്നും ഇത് വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജൂത മാർച്ചിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇത് അവഗണിക്കുകയായിരുന്നുവെന്നാണ് വിവരം.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 52 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ദൈർ അൽ ബലാഹിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിൽ ബോംബിട്ടാണ് 36 പേരെ കൊലപ്പെടുത്തിയത്. ഇതിൽ ഏഴ് കുട്ടികളും ഉൾപ്പെടും. ഞായറാഴ്ച രാത്രി ആളുകൾ ഉറങ്ങുമ്പോഴാണ് ബോംബിട്ടത്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ സന്നദ്ധ പ്രവർത്തകർ തീവ്രശ്രമം തുടരുകയാണ്.
ഇന്ധനമില്ലാത്തതിനാൽ ബുൾഡോസർ പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചുറ്റിക കൊണ്ട് കോൺക്രീറ്റ് അടിച്ചുപൊട്ടിച്ചാണ് ആളുകളെ പുറത്തെടുക്കുന്നത്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 53,977 ആയി. 1,22,966 പേർക്ക് പരിക്കേറ്റു. രണ്ടര മാസമായി ഇസ്രായേൽ ഭക്ഷണവും മരുന്നും ഇന്ധനവും മറ്റു അവശ്യവസ്തുക്കളും ഗസ്സയിലേക്ക് കടത്തിവിടുന്നുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

