ജീവനക്കാർക്കിടയിൽ ഒമിക്രോൺ; റദ്ദാക്കിയത് ആയിരക്കണക്കിന് വിമാനങ്ങൾ
text_fieldsന്യൂയോർക്ക്: ക്രിസ്മസ് വാരാന്ത്യത്തിൽ ഒമിക്രോൺ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യതു. ഫ്ലൈറ്റ് അവയർ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച് പൊതുവെ തിരക്കുള്ള ക്രിസ്മസ് രാവിൽ പോലും 2500 ലധികം വിമാനങ്ങൾ പറക്കൽ നിർത്തിവെച്ചിട്ടുണ്ട്. ആഘോഷദിവസങ്ങളിൽ വിമാനങ്ങൾ റദ്ദാക്കാനുള്ള സ്ഥാപനങ്ങളുടെ തീരുമാനവും 10,000 ലധികം വിമാനങ്ങൾ വൈകിയെത്തിയതും അവധിക്കാല യാത്രക്കാർക്കിടയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചത്.
ഒമിക്രോൺ വ്യാപനത്തെ തുടർന്ന് വിമാനജീവനക്കാരുടെ ക്ഷാമമാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിവിധ രാജ്യങ്ങൾ അഭിപ്രായപ്പെടുന്നത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് പ്രകാരം റദ്ദാക്കിയ വിമാനങ്ങളുടെ നാലിലൊന്നും അമേരിക്കകത്തും പുറത്തുമുള്ള വിമാനങ്ങളാണ്. അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസും ഡെൽറ്റ എയർലൈൻസും ജീവനക്കാരുടെ ക്ഷാമം ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച മാത്രം 300 ലേറെ വിമാനങ്ങൾ റദ്ദാക്കി.
ജീവനക്കാർക്കിടയിൽ രോഗം വ്യാപിച്ചതും ക്വാറന്‍റീനിൽ ആയതുമാണ് വിമാന റദ്ദാക്കലിന് കാരണമായി ബ്രിട്ടനും പറയുന്നത്. പൈലറ്റുമാർക്കിടയിൽ രോഗം വ്യാപിച്ചതിനാൽ ക്രിസ്മസ് അവധിക്കാലത്ത് ഷെഡ്യൂൾ ചെയ്തിരുന്ന നിരവധി അറ്റ്ലാന്‍റിക് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതായി ജർമ്മൻ എയർലൈനർ ലുഫ്താൻസ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ജീവനക്കാരിൽ ഭൂരിഭാഗത്തിനും രോഗം ബാധിച്ച് ക്വാറന്‍റീനിൽ പോകേണ്ടിവന്നിട്ടുണ്ടെന്ന് ആസ്‌ട്രേലിയന്‍ വിമാന സർവീസായ ജെറ്റ്‌സ്റ്റാർ അഭിപ്രായപ്പെട്ടു. ഇത് അവസാന നിമിഷ വിമാന റദ്ദാക്കലിനും കാലതാമസത്തിനുമിടയാക്കിയിട്ടുണ്ട്.
ബെത്‌ലഹേം, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ബോസ്റ്റണിലേക്കുമുള്ള പള്ളികളിലേക്ക് പോകാനുള്ള വിമാന സർവീസുകൾ റദ്ദാക്കിയ കാരണം തുടർച്ചയായ രണ്ടാം വർഷവും ക്രിസ്‌മസ് ആഘോഷങ്ങളുടെ ആരവങ്ങൾ കുറഞ്ഞു.
കർശന കോവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും പാലിച്ചാണ് ഇപ്രാവശ്യവും ക്രിസ്മസ് ആഘോഷങ്ങൾ നടത്തിയത്. ജർമ്മനിയിൽ കോവിഡ് വാക്സിനേഷൻ പൂർത്തികരിച്ചവരേ മാത്രമേ പള്ളികളിൽ പ്രവേശിപ്പിച്ചുള്ളു. 1200 പേർക്ക് കയറാവുന്ന ഫ്രാങ്ക്ഫർട്ട് പള്ളിയിൽ മുൻകൂട്ടി ബുക്ക് ചെയ്ത 137 പേരെ മാത്രമാണ് പ്രവേശിപ്പിച്ചത്. ബെൽജിയൻ നഗരമായ ആന്‍റ് വെർപ്പിൽ സാംസ്‌കാരിക വേദികൾ അടച്ചുപൂട്ടുന്നതിൽ പ്രതിഷേധിച്ച് ആളുകൾ ജനാലകളിൽ ക്രിസ്മസ് മരങ്ങൾ തലകീഴായി തൂക്കി പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

