സ്ഥാനാരോഹണത്തിനു മുമ്പ് വാഷിങ്ടണിൽ സ്ത്രീകളുടെ ട്രംപ് വിരുദ്ധ റാലി
text_fieldsവാഷിംങ്ടൺ: യു.എസ് പ്രസിഡന്റായി സ്ഥാനാരോഹണത്തിന് തയ്യാറെടുക്കുന്ന ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിന് സ്ത്രീകൾ വാഷിങ്ടണിൽ തെരുവിലിറങ്ങി.
നേരത്തെ ‘വിമൻസ് മാർച്ച്’ എന്നറിയപ്പെട്ടിരുന്ന ‘പീപ്പിൾസ് മാർച്ച്’ 2017 മുതൽ എല്ലാ വർഷവും നടക്കുന്നുണ്ട്. ട്രംപിനെതിരെ ചെറിയ പ്രതിഷേധങ്ങൾ ന്യൂയോർക്ക് സിറ്റിയിലും സിയാറ്റിലിലും നടന്നു. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായുള്ള വാരാന്ത്യ പരിപാടികൾക്കായി ട്രംപ് തലസ്ഥാനത്ത് എത്തുന്നതുമായി ബന്ധപ്പെട്ടാണ് റാലികൾ.
‘ട്രംപിസത്തെ നേരിടുക’ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സംഘങ്ങളെ കോർത്തിണക്കിയാണ് റാലി സംഘടിപ്പിച്ചതെന്ന് പീപ്പ്ൾസ് മാർച്ചിന്റെ വെബ്‌സൈറ്റ് പറയുന്നു. കാലാവസ്ഥാ വ്യതിയാനം കുടിയേറ്റം, സ്ത്രീകളുടെ അവകാശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളുള്ള സ്വത്വങ്ങൾ അടിയാളപ്പെടുത്തുന്നവരും ഇതുമായി ബന്ധപ്പെട്ട അടിസ്ഥാന താൽപര്യങ്ങൾ ഉള്ളവരുമാണ് മാർച്ചിന് പിന്നിലെ ഗ്രൂപ്പുകളെന്നാണ് വെബ്‌സൈറ്റിൽ വിവരിച്ചിരിക്കുന്നത്.
50,000 പേരെയാണ് സംഘാടകർ പ്രതീക്ഷിച്ചിരുന്നതെങ്കിലും 5000ത്തോളം പേരാണ് എത്തിയത്. ലിങ്കൺ സ്മാരകത്തിലേക്ക് മാർച്ച് ചെയ്യുന്നതിന് മുമ്പ് പ്രതിഷേധക്കാർ മൂന്ന് പാർക്കുകളിൽ ഒത്തുകൂടി.
ട്രംപ് അനുകൂലികളുടെ ഒരു ചെറിയ സംഘം ശനിയാഴ്ച വാഷിംങ്ടൺ സ്മാരകത്തിൽ ഉണ്ടായിരുന്നു. ‘മേക്ക് അമേരിക്ക, ഗ്രേറ്റ് എഗെയ്ൻ’ എന്നിങ്ങനെ എഴുതിയ ചുവപ്പ് തൊപ്പികൾ ധരിച്ച പുരുഷന്മാരായിരുന്നു അവർ.
2016ൽ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റനെ ട്രംപ് പരാജയപ്പെടുത്തിയതിനു ശേഷമാണ് പീപ്പിൾസ് മാർച്ചിന്റെ ഒന്നാം ഘട്ടം നടന്നത്. ട്രംപിന്റെ ആദ്യ സ്ഥാനാരോഹണത്തിന്റെ പിറ്റേന്ന് സ്ത്രീകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ലക്ഷക്കണക്കിന് പേർ അണിനിരക്കുകയും ചെയ്തു.
തുടർന്നുള്ള വർഷങ്ങളിൽ ട്രംപിന്റെ അജണ്ടക്കെതിരായ ചെറുത്തുനിൽപ്പിന്റെ പ്രധാന ഭാഗമായി വനിതാ മാർച്ച് തുടർന്നു. എന്നാൽ, പിന്നീടുള്ള ജാഥകളിലൊന്നും അത്ര സ്ത്രീ പങ്കാളിത്തമുണ്ടായിരുന്നില്ല.
അതേസമയം, ട്രംപ് ശനിയാഴ്ച പിന്നീട് വാഷിംങ്ടൺ ഡി.സിയിൽ എത്തി. വിർജീനിയയുടെ പ്രാന്തപ്രദേശത്തുള്ള തന്റെ ഗോൾഫ് ക്ലബ്ബിൽ വെടിക്കെട്ട് പരിപാടിയോടെ ഉദ്ഘാടന ആഘോഷങ്ങൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

