വടക്കൻ അഫ്ഗാനിൽ താലിബാൻ മുന്നേറ്റം ആയിരങ്ങൾ പലായനം ചെയ്യുന്നു
text_fieldsകാബൂൾ: 12 വയസ്സുകാരി സക്കീന തെൻറ കുടുംബവുമായി കഴിഞ്ഞ 10 ദിവസമായി നടക്കുകയാണ്. അഭയത്തിന് ഒരിടം തേടി. വടക്കൻ അഫ്ഗാനിസ്താനിലുള്ള സക്കീനയുടെ ഗ്രാമം താലിബാൻ പിടിച്ചെടുക്കുകയും വിദ്യാലയം കത്തിക്കുകയും ചെയ്തു.
തുടർന്നാണ് നാട്ടുകാർ പലായനം തുടങ്ങിയത്. വടക്കൻ നഗരമായ മസാറെ ശരീഫിലുള്ള ഒരു പാറക്കൂട്ടത്തിലെ താൽക്കാലിക ക്യാമ്പിൽ ഇങ്ങനെയെത്തിയ 50 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. പകൽ രാജ്യത്തെ 44 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഉരുകിയൊലിച്ചാണ് ഈ പലായനം. രാജ്യത്തെ ആഭ്യന്തര സംഘർഷം മൂർച്ഛിച്ച സാഹചര്യത്തിലെ നാറ്റോ സേനാ പിൻമാറ്റത്തെ തുടർന്ന് താലിബാൻ വ്യാപക കടന്നുകയറ്റമാണ് നടത്തുന്നത്.
ആയിരങ്ങളാണ് വീടുകൾ ഉപേക്ഷിച്ച് രക്ഷതേടി പോകുന്നത്. 5600 കുടുംബങ്ങൾക്ക് ഇതിനകം വീടുകൾ നഷ്ടപ്പെട്ടതായാണ് കണക്ക്. അതേസമയം, അഫ്ഗാൻ നഗരങ്ങളിൽ ഏറ്റുമുട്ടലിന് താലിബാൻ ഒരുക്കമല്ലെന്ന് മുതിർന്ന വക്താവ് ആമിർ ഖാൻ മുത്തഖി അറിയിച്ചു. നഗരങ്ങൾ തകരാതിരിക്കാൻ യുക്തിസഹമായ കരാറിലെത്തുകയാണ് നല്ലതെന്ന് മുത്തഖി ട്വീറ്റ് ചെയ്തു. അമേരിക്കൻ സൈന്യം രാജ്യം വിടുമ്പോൾ കാബൂൾ വിമാനത്താവളത്തിന് സുരക്ഷ നൽകാനുള്ള തുർക്കിയുടെ തീരുമാനം അപലപനീയമാണെന്നും താലിബാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

