ട്രംപിനെ വിമർശിച്ചവർക്ക് ഇനി യു.എസ് വിസയില്ല
text_fieldsവാഷിങ്ടൺ: യു.എസിൽ വിസക്ക് അപേക്ഷ നൽകുന്നവർ സമൂഹ മാധ്യമ അക്കൗണ്ടുകൾ കൂടി നൽകൽ നിയമമാക്കിയിട്ട് വർഷങ്ങളായി. എന്നാൽ, വിദ്യാർഥി വിസക്ക് കൂടുതൽ നിയന്ത്രണം വന്നതോടെ ഇനി ട്രംപിനെ വിമർശിച്ച് പോസ്റ്റിട്ടവർക്കും ഫലസ്തീനെ അനുകൂലിച്ചവർക്കും വിസ ലഭിക്കാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2023-24ൽ 331,602 ഇന്ത്യൻ വിദ്യാർഥികളാണ് യു.എസിലുണ്ടായിരുന്നത്. ആഗസ്റ്റിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ മിക്ക യൂനിവേഴ്സിറ്റികളും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷിച്ച ചിലർക്കെങ്കിലും വിലക്ക് ബാധ്യതയാകും.
യു.എസിൽ പുതിയ വിദേശ വിദ്യാർഥികൾ വേണ്ട
വാഷിങ്ടൺ: പുതുതായി വിദ്യാർഥി വിസക്ക് അപേക്ഷിച്ചവർക്കായി നടത്തുന്ന അഭിമുഖം നിർത്തിവെക്കാൻ ഉത്തരവിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിദേശ വിദ്യാർഥികൾക്കു മേൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നതിന്റെ തുടർച്ചയായാണ് ലോകത്തുടനീളം എല്ലാ യു.എസ് എംബസികൾക്കും പുതിയ നിർദേശം. ഇടത് അനുഭാവം ആരോപിച്ച് യു.എസിലെ പ്രമുഖ വാഴ്സിറ്റികളെ കൂച്ചുവിലങ്ങിടുന്ന നടപടികൾ സജീവമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും പ്രമുഖ വാഴ്സിറ്റികളിലൊന്നായ ഹാർവഡിനു മാത്രം 265 കോടി ഡോളർ സഹായമാണ് ട്രംപ് റദ്ദാക്കിയത്. വിദേശ വിദ്യാർഥികളെ സ്വീകരിക്കുന്നതും വിലക്കി. ജൂത വിരുദ്ധത തടയുന്നതിൽ ഇവ പരാജയമാകുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
പുതിയ നീക്കം വിദേശ രാജ്യങ്ങളിൽനിന്ന് അമേരിക്കയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് വെല്ലുവിളിയാകും. സമൂഹ മാധ്യമ അക്കൗണ്ടുകൾ സൂക്ഷ്മ പരിശോധന നടത്തുന്നതിന്റെ ഭാഗമായി താൽക്കാലിക നടപടിയാണിതെന്ന് യു.എസ് അധികൃതർ പറയുന്നു. നീക്കത്തിൽ എതിർപ്പുമായി ചൈന രംഗത്തുവന്നിട്ടുണ്ട്. അമേരിക്കയിലെ വിദേശ വിദ്യാർഥികളെ സംരക്ഷിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു.
വിദേശ വിദ്യാർഥികൾ നൽകുന്ന പണം ആശ്രയിച്ച് നിലനിൽക്കുന്ന യൂനിവേഴ്സിറ്റികളും ഇതിനെതിരെ രംഗത്തുവരുമെന്നുറപ്പാണ്. നിരവധി വാഴ്സിറ്റികളിൽ നൂറുകണക്കിന് വിദ്യാർഥികൾ പൂർണ ട്യൂഷൻ ഫീ നൽകി പഠനം നടത്തുന്നവരുണ്ട്. ഇവർക്ക് വിസ മുടങ്ങിയാൽ ഈ യൂനിവേഴ്സിറ്റികളുടെ ബജറ്റും താളം തെറ്റും.
യു.എസ് വിദ്യാർഥി വിസക്ക് അപേക്ഷിക്കുന്നവർ അതത് രാജ്യത്തെ എംബസിയിലെത്തി അഭിമുഖത്തിന് ഹാജരാകണമെന്നാണ് നിയമം. നേരത്തേ അറിയിപ്പ് നൽകിയ അഭിമുഖങ്ങൾ നടത്താമെന്നും പുതുതായി അനുവദിക്കരുതെന്നുമാണ് നിർദേശം. രാജ്യത്തുള്ള ആയിരക്കണക്കിന് വിദേശവിദ്യാർഥികളുടെ താമസം നിയമവിരുദ്ധമാക്കിയിരുന്നു. ഇവർ കോടതിയിലെത്തിയതിനെ തുടർന്ന് പലർക്കും പുനഃസ്ഥാപിച്ചു നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

