‘ഫ്രം ദി റിവർ ടു ദി സീ’ മുദ്രാവാക്യം വിളിക്കുന്നവർക്കെതിരെ ഋഷി സുനക്
text_fieldsലണ്ടൻ: ഫലസ്തീൻ വിമോചന മുദ്രാവാക്യമായ ‘ഫ്രം ദി റിവർ ടു ദി സീ’ (നദിയിൽ നിന്ന് കടലിലേക്ക്) വിളിക്കുന്നവർക്കെതിരെ പ്രസ്‍താവനയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ‘നദിയിൽ നിന്ന് കടലിലേക്ക്’ എന്ന് ഉരുവിടുന്നവർ വിഡ്ഢികളോ അതിനേക്കാൾ മോശക്കാരോ ആണെന്ന് സുനക് പറഞ്ഞു.
‘ഈ മുദ്രാവാക്യം വിളിക്കുന്നവർ ഒന്നുകിൽ അവർ പറയുന്നതെന്തെന്ന് മനസ്സിലാകാത്ത വിഡ്ഢികളാണ്. അല്ലെങ്കിൽ ജൂത രാഷ്ട്രത്തെ ഭൂപടത്തിൽനിന്ന് തുടച്ചുമാറ്റാൻ ആഗ്രഹിക്കുന്ന ആളുകളായിരിക്കും. ഞങ്ങളുടെ തെരുവുകളിൽ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരോടും മഹത്വവൽക്കരിക്കുന്നവരോടും യഹൂദ വിരുദ്ധത പ്രചരിപ്പിക്കുന്നവരോടും ഒരു സഹിഷ്ണുതയും കാണിക്കില്ല’ -ബ്രിട്ടീഷ് പാർലമെൻ്ററി ഗ്രൂപ്പായ കൺസർവേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇസ്രായേലിന്റെ യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഫലസ്തീൻ അനുകൂല റാലികളിൽ ഉപയോഗിക്കുന്ന ജനപ്രിയ മുദ്രാവാക്യമാണ് ‘ഫ്രം ദി റിവർ ടു ദി സീ’. അടിച്ചമർത്തലിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇതുകൊണ്ടുേദ്ദശിക്കുന്നത്. ജോർദാൻ നദിയുടെ പടിഞ്ഞാറ് മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള ഭാഗം ഫലസ്തീന്റെതാണ് എന്ന അർത്ഥത്തിലാണ് ഈ മുദ്രാവാക്യം രൂപപ്പെട്ടത്. എന്നാൽ, ഇത് അക്രമത്തിനും യഹൂദ വിരുദ്ധതയ്ക്കും ഉള്ള ആഹ്വാനമാണെന്ന് ഇസ്രായേലിനെ പിന്തുണക്കുന്നവർ ആരോപിക്കുന്നു. അതേസമയം, കഴിഞ്ഞദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ഇതേ പ്രയോഗം നടത്തിയിരുന്നു. “നദി മുതൽ കടൽ വരെയുള്ള മുഴുവൻ പ്രദേശങ്ങളും ഇസ്രായേലിന് നിയന്ത്രണം ഉണ്ടായിരിക്കണം” എന്നാണ് നെതന്യാഹു പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

