ലോകം ആഗ്രഹിച്ചിരുന്ന വാർത്ത; ഇറാൻ-യു.എസ് സമാധാന കരാറിന് കൈയടി
text_fieldsഇസ്താംബൂൾ: പശ്ചിമേഷ്യയിൽ മാസങ്ങൾ നീണ്ട സംഘർഷത്തിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് ഇറാനും യു.എസും തമ്മിൽ സമാധാന കരാറിൽ എത്തിയതിന് സ്വാഗതം ചെയ്ത് ലോകരാജ്യങ്ങൾ. പാകിസ്താൻ, ഖത്തർ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ സമ്മർദ്ദത്തിനും മാരത്തൺ ചർച്ചകൾക്കുമൊടുവിലാണ് യുദ്ധം തുടങ്ങി നാലാം മാസം ധാരണയിലെത്തുന്നത്. ഇറാനും യു.എസും തമ്മിലുള്ള കരാറിനെ "സുപ്രധാനമായ വഴിത്തിരിവ്" എന്നാണ് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വിശേഷിപ്പിച്ചത്. "സുസ്ഥിരമായ നയതന്ത്ര ഇടപെടലിന്റെയും കൂട്ടായ ദൃഢനിശ്ചയത്തിന്റെയും" ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
കരാറിനെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ സ്വാഗതം ചെയ്തു. "ലോകം മുഴുവൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഈ വാർത്ത, നമ്മുടെ മേഖലയിൽ സമാധാനത്തിന്റെയും സുരക്ഷയുടെയും ശാശ്വതമായ ഒരു അന്തരീക്ഷം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു" എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു. "കരാർ ഒപ്പിടുന്നതിന് മുമ്പുള്ള കാലയളവിൽ പിരിമുറുക്കം കൂട്ടുന്ന വാചാടോപങ്ങൾ, പ്രകോപനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവ ഒഴിവാക്കാനും സാധ്യമായ അട്ടിമറികൾക്കെതിരെ ജാഗ്രത പാലിക്കാനും" തുർക്കി പ്രസിഡന്റ് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു.
വിശാലമായ ഒരു കരാറിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പ് എന്നാണ് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചി വിശേഷിപ്പിച്ചത്. ധാരണാപത്രം സ്ഥിരമായി നടപ്പിലാക്കപ്പെടുമെന്നും ഹോർമുസ് കടലിടുക്കിൽ സ്വതന്ത്രവും സുരക്ഷിതവുമായ നാവിഗേഷൻ യഥാർഥത്തിൽ ഉറപ്പാക്കപ്പെടുമെന്നും ഇറാന്റെ ആണവ വിഷയത്തിലും മറ്റ് കാര്യങ്ങളിലും ഒരു അന്തിമ കരാർ എത്രയും വേഗം യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കരാറിനെ ഓസ്ട്രേലിയ സ്വാഗതം ചെയ്തു. സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും ശാശ്വത സമാധാനം നിലനിർത്താൻ ഇരു കക്ഷികളോടും പ്രധാനമന്ത്രി ആന്റണി അൽബനീസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു.എസും ഇറാനും തമ്മിലുള്ള കരാറിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ ഉൾപ്പെടുത്തിയതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

