മ്യൂസിയത്തിന്റെ വാതിൽ ബോംബ് വെച്ച് തകർത്ത് 2,450 വർഷം പഴക്കമുള്ള സ്വർണ തലപ്പാവ് കവർന്നു
text_fieldsആംസ്റ്റർഡാം: നെതർലാൻഡിലെ മ്യൂസിയത്തിൽ നിന്ന് 2,450 വർഷം പഴക്കമുള്ള സ്വർണ തലപ്പാവ് മോഷണം പോയി. ഈ മാസം 25ന് പുലർച്ചെയാണ് സംഭവം. സ്വർണ തലപ്പാവ് കൂടാതെ നാല് പുരാവസ്തുക്കളും മോഷ്ടാക്കൾ കവർന്നു. ഏകദേശം 450 ബിസിയാണ് തലപ്പാവിന്റെ പഴക്കം കണക്കാക്കുന്നത്.
മ്യൂസിയത്തിലെ വാതിലുകൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേർ ഡ്രെൻറ്സ് മ്യൂസിയത്തിന്റെ പുറംവാതിൽ തുറക്കാൻ ശ്രമിക്കുന്നതും സ്‌ഫോടനവും തീയും ഉയരുന്നതും കാണാം.
പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇൻറർപോളുമായി ചേർന്ന് അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
ഏകദേശം ഒരുകിലോയോളം തൂക്കം വരുന്ന സ്വർണ തലപ്പാവ് 1929 ൽ റൊമാനിയൻ ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്. ഏറെ കാലം ഗ്രാമത്തിലെ കുട്ടികൾ കളിപ്പാട്ടമായും പക്ഷികൾക്ക് തീറ്റ നൽകാനും മറ്റും ഉപയോഗിച്ച തലപ്പാവ് പിന്നീട് പുരാവസ്തുവിദഗ്ധർ കണ്ടെത്തുകയായിരുന്നു.
ബുക്കാറെസ്റ്റിലെ റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയം ഡ്രെൻറ്സ് മ്യൂസിയത്തിന് വായ്പയായി നൽകിയതായിരുന്നു.
സംഭവത്തിൽ ഡ്രെൻറ്സ് മ്യൂസിയത്തിന്റെ ജനറൽ ഡയറക്ടർ ഹാരി ടുപാൻ പ്രതികരണം ഇങ്ങനെയായിരുന്നു. "അസെനിലെ ഡ്രെൻറ്സ് മ്യൂസിയത്തിനും ബുക്കാറെസ്റ്റിലെ റൊമാനിയയിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിനും ഇത് ഒരു ഇരുണ്ട ദിവസമാണ്… മ്യൂസിയത്തിൽ നടന്ന സംഭവങ്ങളിൽ ഞങ്ങൾ ഞെട്ടിപ്പോയി".
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

