മോഷ്ടിച്ച കാറിൽ നാലുവയസ്സുകാരൻ; തിരികെയേൽപ്പിച്ച്, അമ്മയെ ഉപദേശിച്ച് കാറുമായി കടന്ന് കള്ളൻ
text_fieldsന്യൂയോർക്ക്: ഒരു ഗ്രോസറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറും തട്ടിയെടുത്ത് അൽപദൂരം ഓടിച്ചപ്പോഴാണ് ആ മോഷ്ടാവ് അത് ശ്രദ്ധിച്ചത്. കാറിനുള്ളിൽ ഒരു നാല് വയസ്സുകാരനിരിക്കുന്നു. ഉടൻ തന്നെ 'യു-ടേൺ' അടിച്ച് അയാൾ ഗ്രോസറിയിലേക്ക് തിരിച്ച് കാറോടിച്ചു. മകനും കാറും നഷ്ടമായതിൽ മനംതകർന്ന് നിൽക്കുന്ന അമ്മയുടെ അരികിൽ കാർ നിർത്തി മകനെ തിരികെയേൽപ്പിച്ചു. ഇനിയാണ് കഥയിലെ 'യു-ടേൺ'. മക്കളെ എങ്ങിനെ വളർത്തണം എന്നതിനെ കുറിച്ച് അമ്മക്ക് ഒരു ക്ലാസ് എടുത്തുകളഞ്ഞു അയാൾ. തുടർന്നായിരുന്നു പഞ്ച് ഡയലോഗ്- 'മകനെ കാറിൽ ഒറ്റക്ക് ഇട്ടിട്ട് പോയതിനെ നിങ്ങളെ ഞാൻ പൊലീസിൽ എൽപ്പിക്കും'. ഇതും പറഞ്ഞ് അയാൾ കാറോടിച്ച് പോകുകയും ചെയ്തു. ഇപ്പോൾ ആ 2013 മോഡൽ ഹോണ്ട പൈലറ്റ് കാറിനെയും മോഷ്ടാവിനെയും കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഒറിഗോണിലെ ബവേർട്ടൻ പൊലീസ്.
പോർട്ട്ലാൻഡിന്റെ സബ് അർബൻ പ്രദേശമായ ബവേർട്ടനിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബേസിക് മീറ്റ് മാർക്കറ്റിലെ ഒരു ഗ്രോസറിയിൽ സാധനങ്ങൾ വാങ്ങാൻ കയറിയ ക്രിസ്റ്റൽ ലീറി എന്ന സ്ത്രീയുടെ കാറാണ് മോഷ്ടിക്കപ്പെട്ടത്. കാർ ഓഫ് ചെയ്യാതെ, നാല് വയസ്സുള്ള മകനെ ഉള്ളിലിരുത്തി പാലും മറ്റ് സാധനങ്ങളും വാങ്ങാൻ ലീറി പോയ തക്കത്തിലാണ് കള്ളൻ കാറുമായി കടന്നത്. കാറിൽ കുട്ടിയുണ്ടെന്ന് മനസ്സിലായപ്പോൾ തിരികെയെത്തി മകനെ ലീറിയെ ഏൽപ്പിച്ച ശേഷമാണ് കള്ളൻ ഉപദേശത്തിന്‍റെ കെട്ടഴിച്ചത്. അതിനുശേഷം അയാൾ കാറുമായി കടക്കുകയും ചെയ്തെന്ന് ബവേർട്ടൻ പൊലീസ് വക്താവ് മാറ്റ് ഹെൻഡേഴ്സൻ പറയുന്നു.
കുട്ടി സുരക്ഷിതനായിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. 'അമ്മമാർ സാധാരണ എപ്പോളും തിരക്കിലായിരിക്കും. ഒറ്റ സെക്കൻഡിൽ ഏല്ലാം നടത്തി തിരികെ വരാമെന്ന വിശ്വാസത്തിലായിരിക്കും അവർ. പക്ഷേ, ആ ഒരു സെക്കൻഡിലെ അശ്രദ്ധ പോലും എത്ര ഭയാനകമാണെന്ന് തെളിയിക്കുകയാണ് ഈ സംഭവം'- ക്രിസ്റ്റൽ ലീറി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

