ലാപ്ടോപ് മോഷ്ടിച്ചു; പിന്നാലെ ഉടമക്ക് കള്ളന്‍റെ ഇ മെയിൽ, ഏതാണീ മാന്യനായ കള്ളനെന്ന് സോഷ്യൽ മീഡിയ
text_fieldsലാപ്ടോപ് മോഷ്ടിച്ചതിന് പിന്നാലെ ഉടമയോട് ക്ഷമാപണം നടത്തി കള്ളന്‍റെ മെയിൽ. സെവലി തിക്സോ എന്ന ട്വിറ്റർ ഉപഭോക്താവാണ് തനിക്കുണ്ടായ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. തന്‍റെ ഗവേഷണ വിവരങ്ങൾ അടങ്ങിയ ലാപ്ടോപ് കള്ളൻ മോഷ്ടിച്ചതായി ഉടമ പറഞ്ഞു.
ജീവിതത്തിന്‍റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ വേണ്ടി കഷ്ടപ്പെടുകയാണെന്നും, എങ്കിലും ആവശ്യമുണ്ടെങ്കിൽ ലാപ്ടോപിലെ വിവരങ്ങൾ അയച്ച് തരാമെന്നും കള്ളൻ പറഞ്ഞു. ഇയാൾ അയച്ച ഇ മെയിലിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് ഉടമയുടെ ട്വീറ്റ്.
"ഇന്നലെ രാത്രി അവർ എന്‍റെ ലാപ്ടോപ് മോഷ്ടിച്ചു. തുടർന്ന് അവരെനിക്ക് ഒരു ഇ മെയിൽ അയച്ചു". കള്ളന്‍റെ ഇ മെയിൽ വായിച്ച് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും ഉടമ ട്വീറ്റ് ചെയ്തു.
'ഞാൻ ഇന്നലെ നിങ്ങളുടെ ലാപ്ടോപ് മോഷ്ടിച്ചു. എന്നോട് ക്ഷമിക്കണം. ജീവിതത്തിന്‍റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ വേണ്ടി പാടുപെടുന്ന എനിക്ക് പണം അത്യാവശ്യമായിരുന്നു. എന്നാൽ നിങ്ങളുടെ ലാപ്ടോപ് പരിശോധിച്ചപ്പോൾ നിങ്ങൾ ഏതോ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് മനസിലായി. അതിനാൽ അതുമായി ബന്ധപ്പെട്ട ഫയലുകൾ ഞാൻ ഈ മെയിലുമായി അറ്റാച്ച് ചെയ്തിട്ടുണ്ട്'. കൂടുതൽ ഫയലുകൾ ആവശ്യമുണ്ടെങ്കിൽ തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് താൻ ലാപ്ടോപ് മറ്റൊരാൾക്ക് വിൽക്കുന്നതിന് മുമ്പായി അറിയിക്കണമെന്ന് കള്ളൻ പറഞ്ഞു. ലാപ്ടോപ് മോഷ്ടിച്ചതിന് തന്നോട് ക്ഷമിക്കണമെന്നും കള്ളൻ കൂട്ടിച്ചേർത്തു.
സംഭവം സമൂഹമാധ്യമങ്ങൾ പ്രചരിച്ചതോടെ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. പലതരം കള്ളൻമാരെ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും മാന്യനായ ഒരു കള്ളനെ ഇതുവരെ കണ്ടില്ലെന്ന് ആളുകൾ പറഞ്ഞു. കൂടാതെ കള്ളന് ജോലി വാഗ്ദാനം ചെയ്തും ചിലർ രംഗത്തെത്തി. കള്ളന്‍റെ സത്യസന്ധയെ അഭിനന്ദിക്കുന്നതായും ഇത്രയും സത്യസന്ധനായ ആൾക്ക് തീർച്ചയായും ഒരു ജോലി നൽകുമെന്നും ഒരാൾ ട്വീറ്റ് ചെയ്തു.