‘അമാലിനെ അവർ കൊന്നുകളഞ്ഞു..’; ലബനാനിൽ അധിനിവേശ ക്രൂരത തുറന്നുകാട്ടിയ മാധ്യമ പ്രവർത്തകയെ വധിച്ച് ഇസ്രായേൽ
text_fieldsദക്ഷിണ ലബനാനിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ മാധ്യമപ്രവർത്തക അമാൽ ഖലീലിന്റെ ഖബറടക്ക ചടങ്ങിൽ വിതുമ്പുന്ന ഉറ്റവർ
ബൈറൂത്: കുഞ്ഞെന്നോ കുടിവെള്ളമെന്നോ കണക്കാക്കാത്ത നാഗരിക വിരുദ്ധതയുടെ സൈനികമുഖം പിന്തുടരുന്നുണ്ടെന്നറിഞ്ഞിട്ടും അമാൽ ഖലീൽ പിന്മാറിയിരുന്നില്ല. വെടിനിർത്തൽ പ്രഖ്യാപനത്തിനുശേഷവും ദക്ഷിണ ലബനാൻ നഗരമായ അൽ തൈറിൽ ഇസ്രായേൽ തുടരുന്ന ക്രൂരത ലോകത്തെ അറിയിക്കാൻ ഓടിയെത്തിയ അമലെന്ന മാധ്യമ പ്രവർത്തകയെ ഒടുവിൽ, ചോരമണം പിടിച്ചെത്തുന്ന വന്യജീവിയെപ്പോലെ ഇസ്രായേൽ സൈന്യം വളഞ്ഞിട്ടു കൊന്നുകളഞ്ഞു..!
ഇസ്രായേൽ സൈന്യം തച്ചുടച്ചുകളഞ്ഞ അൽ തൈറിലെ ഗ്രാമങ്ങൾ സന്ദർശിക്കാനായി കഴിഞ്ഞ ദിവസം പുറപ്പെട്ട ഇവരുടെ വാഹനത്തെ ആദ്യം യുദ്ധവിമാനത്തിൽനിന്ന് ആക്രമിച്ചു. തലനാരിഴക്ക് രക്ഷപ്പെട്ട അമാലും സഹപ്രവർത്തക സൈനബ് ഫറാജും സമീപത്തെ കെട്ടിടത്തിൽ അഭയം പ്രാപിച്ചു. ഇത്തരം ഘട്ടങ്ങളിൽ മാധ്യമ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയുമെല്ലാം സൈന്യം ഇടപെട്ട് അവിടെനിന്ന് രക്ഷപ്പെടുത്തേണ്ടതാണ്. അതുണ്ടായില്ലെന്ന് മാത്രമല്ല, സ്വയം രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങൾ ഇസ്രായേൽ സൈന്യം ഇല്ലാതാക്കുകയും ചെയ്തു. ഇവിടെ നിന്ന് റെഡ് ക്രോസിന്റേതുൾപ്പെടെയുള്ള രക്ഷാപ്രവർത്തകരെയും സ്വന്തം മാധ്യമ സ്ഥാപനത്തെയുമെല്ലാം അമൽ ബന്ധപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരെ പക്ഷേ, സൈന്യം കെട്ടിടത്തിലേക്ക് കടത്തിവിട്ടില്ല. കെട്ടിടത്തിനുനേരെ ബോംബാക്രമണം നടത്തുകയും ചെയ്തു. തുടർന്ന്, ഏഴ് മണിക്കൂറിനുശേഷമാണ് രക്ഷാപ്രവർത്തനത്തിന് അനുമതി ലഭിച്ചത്. അപ്പോഴേക്കും അമാൽ മരണപ്പെട്ടിട്ടുണ്ടായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കൊല്ലപ്പെട്ടു. സൈനബ് പരിക്കുകളോടെ രക്ഷപ്പെട്ടു. പുതിയ അധിനിവേശം തച്ചുടച്ച ലബനാനിലെ ഗ്രാമങ്ങളിലൂടെ 50 ദിവസമായി സഞ്ചരിക്കുകയായിരുന്നു, അൽ അഖ്ബാർ പത്രത്തിലെ മുതിർന്ന ജേർണലിസ്റ്റായ 43കാരി അമാൽ ഖലീൽ. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരകൃത്യങ്ങൾ പകർത്താൻ, ഒരു സുരക്ഷാ കവചങ്ങളുമില്ലാതെ അമാലും സഹപ്രവർത്തക സൈനബ് ഫറാജും നേരിട്ടറങ്ങിയതോടെയാണ്, മാർച്ച് രണ്ടുമുതൽ രാജ്യത്ത് ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടുകളുടെ നേർചിത്രങ്ങൾ ലോകത്തിന് ലഭിച്ചത്. ഭീഷണിപ്പെടുത്തി വിലക്കാൻ പലകുറി ഇസ്രായേൽ സൈന്യം ശ്രമിച്ചിട്ടും അവർ പിൻവാങ്ങിയിരുന്നില്ല.
ഒടുവിൽ, ഇസ്രായേൽ സേന അവരുടെ പതിവുരീതിയായ, ‘ഇല്ലാതാക്കൽ’ തന്നെ അവലംബിച്ചു. 2006 മുതൽ ലബനാനിലെ അധിനിവേശ ഭൂമിയിൽ മാധ്യമ പ്രവർത്തനം നടത്തുന്ന അമാൽ എക്കാലത്തും ഇസ്രായേൽ സൈന്യത്തിന് തലവേദനയായിരുന്നു. യുദ്ധമേഖലയിൽ സൈന്യം ഏർപ്പെടുത്തിയ സർവ സെൻസർഷിപ്പുകളും മറികടന്നുള്ളതായിരുന്നു അമാലിന്റെ റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

