‘ഈ മണ്ണിലെ സന്തോഷക്കാഴ്ചകളിൽനിന്ന് അവർ മറഞ്ഞത് മരണത്തിന്റെ ആഴക്കടലിലേക്ക്’; ഐറിസ് ദേനയുടെ അന്ത്യയാത്ര
text_fieldsആഴ്ചകൾക്ക് മുമ്പ് വിശാഖപട്ടണത്തെ ബീച്ചുകളിൽ വിനോദസഞ്ചാരികളെപ്പോലെ സെൽഫിയെടുത്തും ഫോട്ടോകൾ പകർത്തിയും സന്തോഷശ്രീലാളിതരായി മടങ്ങുകയായിരുന്നു ആ നാവികർ. പക്ഷേ, ശ്രീലങ്കൻ തീരത്തോടടുക്കുമ്പോൾ നടുക്കടലിൽ അവരെ കാത്തിരുന്നത് മരണത്തിരമാലകളായിരുന്നു. ഇന്ത്യയുടെ ആതിഥേയത്വത്തിൽ നടന്ന നാവികാഭ്യാസ പ്രകടനങ്ങളിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ദേനയെ ലക്ഷ്യമിട്ടാണ് അമേരിക്കൻ അന്തർവാഹിനി ആക്രമണം നടത്തി മരണക്കെണി ഒരുക്കിയത്. ആ ആക്രമണത്തിൽ ഐറിസ് ദേനയിലെ 87 നാവികർക്കാണ് ജീവൻ നഷ്ടമായത്.
ഫെബ്രുവരി 15 മുതൽ 25 വരെ ബംഗാൾ ഉൾക്കടലിൽ നടന്ന 'മിലൻ 2026' (Exercise Milan) എന്ന ബഹുരാഷ്ട്ര നാവികാഭ്യാസത്തിൽ പങ്കെടുത്തു നാട്ടിലേക്ക് തിരിക്കുന്നതിനിടെയായിരുന്നു മാർച്ച് നാലിന് ആഴക്കടലിൽ അമേരിക്കയുടെ ആക്രമണം. പിന്നാലെ ഫ്രിഗേറ്റിൽനിന്ന് ലഭിച്ച മുന്നറിപ്പ് അടിസ്ഥാനത്തിൽ ശ്രീലങ്കൻ അധികൃതർ രക്ഷാപ്രവർത്തനം നടത്തുകയും 37 സൈനികരെ കരക്കെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിരവധി പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
"കണ്ണീർ നനവുള്ള സെൽഫികൾ"
ആക്രമണത്തിന് ഇരയാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇന്ത്യയുടെ അതിഥികളായ നാവികർ കടന്നുപോയത് അങ്ങേയറ്റം സന്തോഷകരമായ മുഹൂർത്തങ്ങളിലൂടെയായിരുന്നു. ഇന്ത്യൻ നാഗരികതയുടെ ഭംഗി ആസ്വദിക്കാൻ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം അവർ സന്ദർശനം നടത്തിയിരുന്നു. നൈമിഷികമായ ആ സമയങ്ങളെല്ലാം മധുരമൂറുന്ന സെൽഫികളായി അവർ തങ്ങളുടെ മൊബൈലുകളിൽ പകർത്തി.
അനശ്വരപ്രണയത്തിന്റെ പ്രതീകമായ വിശ്വാത്ഭുതം താജ്മഹലും ബുദ്ധഗയയിലെ മഹാബോധി ക്ഷേത്രവും ഇറാനിയൻ ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. വിശാഖപട്ടണത്തെ കൈലാസഗിരി കുന്നുകൾ, 'വിക്ടറി അറ്റ് സീ' യുദ്ധസ്മാരകം, സബ്മറൈൻ മ്യൂസിയം, സങ്കൽപ് ആർട് വില്ലേജ് എന്നിവിടങ്ങളും നാവികർ ആസ്വദിക്കാനെത്തിയിരുന്നു. വിനോദ സഞ്ചാരികളെപ്പോലെ ഇന്ത്യയുടെ പൈതൃകവും ആത്മീയതയും ആസ്വദിച്ചാണ് അവർ മടങ്ങിയതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രസ്താവിക്കുന്നുണ്ട്.
ഫെബ്രുവരി 19ന് ആർ.കെ ബീച്ച് റോഡിലെ ബീച്ച് വ്യൂ ഹോളിഡേ ഹോട്ടലിനു മുന്നിൽ നടന്ന നാവിക പരേഡ് വിശാഖപട്ടണത്തെ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥികളും നാട്ടുകാരും വീക്ഷിക്കാനെത്തിയിരുന്നു. തങ്ങളുടെ പ്രകടനം കാണാനെത്തിയ ആനന്ദത്തിൽ സാധാരണക്കാർക്കൊപ്പം ഫോട്ടോകളെടുക്കുകയും കടൽതീരങ്ങളുടെ ചിത്രങ്ങൾ തങ്ങളുടെ കാൻവാസുകളിൽ പകർത്തുകയും ചെയ്തു. ഇറാനിയൻ നാവികസേന താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമ സുരേഷ് വികാരാധീനനായി അവരെ ഓർക്കുന്നതിങ്ങനെയാണ്.
"മറ്റു രാജ്യങ്ങളിൽനിന്നുള്ള നാവികർക്കൊപ്പം ഇറാനിയൻ സംഘവും അന്ന് വലിയ ആവേശത്തിലായിരുന്നു. അവർ ആർത്തലക്കുന്ന കടലിനെ പശ്ചാത്തലമാക്കി ഒരുപാട് സന്തോഷ സെൽഫികൾ എടുത്തു. വിശാഖപട്ടണത്തിന്റെ ഭംഗി ആസ്വദിക്കാൻ വന്ന എല്ലാവരും സുരക്ഷിതമായി വീട്ടിലെത്തണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇത്തരമൊരു ദുരന്തം കേൾക്കേണ്ടി വന്നതിൽ വലിയ വിഷമമുണ്ട്." -ആ സൗഹൃദത്തിന്റെ ആഴം നേരിട്ടറിഞ്ഞ സാധാരണ മനുഷ്യന്റെ ഇടറിയ വാക്കുകളാണ് ഇവ.
19 വിദേശ യുദ്ധക്കപ്പലുകൾ ഉൾപ്പെടെ 85 കപ്പലുകൾ അണിനിരന്ന ഈ സൈനിക അഭ്യാസത്തിന് പ്രസിഡന്റ് ദ്രൗപദി മുർമുവും സാക്ഷിയായിരുന്നു. ഈ നാവികാഭ്യാസത്തിൽ പരസ്പരം സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം പകർന്ന് മടങ്ങിയ ഒരു കപ്പലിനും അതിലെ ജീവനക്കാർക്കും സംഭവിച്ച ദാരുണമായ അന്ത്യം വിശാഖപട്ടണത്തെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സുഹൃദ്ബന്ധം സ്മരിച്ച് ഇന്ത്യൻ നാവികർ
ഇറാനിയൻ-ഇന്ത്യൻ നാവികർ പരസ്പരം യുദ്ധക്കപ്പലുകൾ സന്ദർശിക്കുകയും ഇന്ത്യൻ നാവികർ 'ഐറിസ് ദേന'യിൽ അതിഥികളായെത്തുകയും ചെയ്തു. ഇരുരാജ്യങ്ങളിലെയും ധീരരായ യുവ ഓഫിസർമാർ തമ്മിൽ ആശയവിനിമയം നടത്തുകയും സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
"അവർ അതീവ സന്തോഷാലുക്കളായിരുന്നു. അവരോടൊപ്പയുള്ള സമയം ഞങ്ങൾക്കേവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു," - ഒരു നാവികസേനാ ഉദ്യോഗസ്ഥൻ ഇറാനിയൻ സേനയെ അനുസ്മരിച്ചു.
ഇന്ത്യയിലെ അവസാന ദിവസം നഗരത്തിലെ കാഴ്ചകൾ കാണാൻ പോയ നാവികർ കൈലാസഗിരിയിലെ ഗ്ലാസ് സ്കൈവാക്ക് കണ്ട് അത്ഭുതപ്പെട്ടു. ആകാശപാതയിലൂടെയുള്ള നടത്തം അവർക്ക് വലിയൊരു അനുഭവമായിരുന്നുവെന്ന് അവരുടെ ഗൈഡായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഷോപ്പിങ്ങിനായി ഇറങ്ങിയ നാവികർ, തങ്ങളുടെ കുടുംബാംഗങ്ങൾക്കായി ഇന്ത്യയുടെ പാരമ്പര്യമായി നെയ്തെടുത്ത വസ്ത്രങ്ങൾ വാങ്ങിയിരുന്നു. എന്നാൽ ആ സമ്മാനങ്ങൾ തിരകളോടൊപ്പം ഒഴുകുമെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാകുമായിരുന്നില്ല.
"അവർ വെറും സൈനികർ മാത്രമായിരുന്നില്ല, ഇന്ത്യയെ സ്നേഹിച്ച സന്ദർശകർ കൂടിയായിരുന്നു. പ്രിയപ്പെട്ടവർക്കായി ഇന്ത്യൻ വസ്ത്രങ്ങൾ കരുതിവെച്ച ആ കൈകൾ ഇന്ന് കടലാഴങ്ങളിൽ മറഞ്ഞു എന്നത് വിശ്വസിക്കാനാവുന്നില്ല." - നാവികസേനയിലെ ഒരു ഗൈഡ് അവരെ സ്മരിച്ചതിങ്ങനെയാണ്.
ഇത്രയും സന്തോഷവാന്മാരായി സ്വന്തം രാജ്യത്തേക്ക് തിരിച്ച നിഷ്കളങ്കരായ ഇറാനിയൻ നാവികരെയാണ് അമേരിക്കൻ സൈന്യം നടുക്കടലിൽ നിമിഷനേരം കൊണ്ട് മരണമുനമ്പിലേക്ക് എടുത്തെറിഞ്ഞത്. ഇന്ത്യൻമണ്ണിലെ അവരുടെ സ്നേഹവും സൗഹൃദവും നിറഞ്ഞ അനുഭവങ്ങളാണ് ആഴക്കടലിൽ ഒരിക്കലും തിരിച്ചുവരാത്ത വിധം മുങ്ങിത്താഴ്ന്നു പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

