ഫലസ്തീൻ ഇനിയില്ലെന്ന് നെതന്യാഹു; 'ഈ പ്രദേശം ഞങ്ങളുടേത്'
text_fieldsബിന്യമിൻ നെതന്യാഹു
തെൽ അവീവ്: ഫലസ്തീൻ രാജ്യം ഇനിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വിവാദമായ ഇ1 കുടിയേറ്റ പദ്ധതിക്ക് അംഗീകാരം നൽകി നടത്തിയ പ്രസംഗത്തിലാണ് നെതന്യാഹുവിന്റെ വിവാദപരാമർശം. മാലെ അഡുമിമിയിലെത്തിയാണ് നെതന്യാഹു പദ്ധതിക്ക് അംഗീകാരം നൽകിയത്.
നമ്മുടെ വാഗ്ദാനങ്ങൾ യാഥാർഥ്യമാവാൻ പോവുകയാണ്. ഫലസ്തീൻ രാജ്യം ഇനിയില്ല. ഈ പ്രദേശം നമ്മുടേത് മാത്രമാണെന്ന് വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രദേശം സന്ദർശിച്ച് നെതന്യാഹു പറഞ്ഞു. ആയിരക്കണക്കിന് വീടുകൾ ഇവിടെ ഇനിയും നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മുടെ സംസ്കാരം, ഭൂമി, സുരക്ഷ എന്നിവ സംരക്ഷിക്കും. വെസ്റ്റ് ബാങ്കിലെ ജനസംഖ്യ ഇരട്ടിയായി ഉയർത്തും. വലിയ പല കാര്യങ്ങളും ഇവിടെ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിലെത്തുന്ന കുടിയേറ്റക്കാർക്കായി 3000 വീടുകൾ പുതുതായി നിർമിക്കുന്ന പുതിയ പദ്ധതിയാണ് ഇ1. വെസ്റ്റ് ബാങ്കിലെ മാലെ അഡുമിമിലുള്ള കുടിയേറ്റങ്ങളെ അധിനിവിഷ്ട കിഴക്കൻ ജറൂസലമുമായി ബന്ധിപ്പിക്കുന്ന പദ്ധതി വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറൂസലമിൽനിന്ന് പൂർണമായി മുറിച്ചുമാറ്റുന്നതാകും. കിഴക്കൻ ജറൂസലമിലുള്ള ഫലസ്തീനികൾക്ക് വെസ്റ്റ് ബാങ്കിലെത്താൻ ഇതോടെ വഴികളടയും.
കടുത്ത അന്താരാഷ്ട്ര സമ്മർദംമൂലം പതിറ്റാണ്ടുകളായി ഇ-1 കുടിയേറ്റ പദ്ധതി നടപ്പാക്കാനാകാതെ കുരുക്കിലായിരുന്നു. അതിനിടെ, കഴിഞ്ഞ മാർച്ചിൽ തെക്ക്-വടക്കൻ വെസ്റ്റ് ബാങ്കുകളെ ബന്ധിപ്പിച്ച് ഫലസ്തീനികൾക്ക് മാത്രമായി റോഡ് നിർമാണവും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. പ്രധാന ഹൈവേയിൽ ഫലസ്തീനികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നതാണ് നീക്കം
വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറൂസലമിലും 300 നിയമവിരുദ്ധ കുടിയേറ്റങ്ങളിലായി ഏഴു ലക്ഷം ഇസ്രായേലി കുടിയേറ്റക്കാർ കഴിയുന്നുണ്ട്. ഇവയെല്ലാം 1967നു ശേഷം നിർമിച്ചവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

